.news-body p a {width: auto;float: none;}
മോസ്കോ: അമേരിക്കയിൽ അൽ ക്വഇദ നടത്തിയ വേൾഡ് ട്രേഡ് സെന്റർ ആക്രമണത്തിന്റെ ( 9/11 ഭീകരാക്രമണം) മാതൃകയിൽ റഷ്യയിൽ ഡ്രോൺ ആക്രമണം നടത്തി യുക്രെയിൻ. ഇന്നലെ കസാൻ നഗരത്തിലെ ബഹുനില കെട്ടിടങ്ങളെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. സ്ഫോടക വസ്തുക്കൾ വഹിക്കുന്ന ഡ്രോണുകൾ കെട്ടിടങ്ങളിലേക്ക് ഇടിച്ചുകയറിയതോടെ തീപിടിത്തമുണ്ടായി. ആളപായമില്ല.
ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ കസാൻ വിമാനത്താവളം താത്കാലികമായി അടച്ചു. ഇന്ന് നഗരത്തിൽ കൂട്ടംചേരലുകൾ നിരോധിച്ചിട്ടുണ്ട്. എട്ട് ഡ്രോണുകൾ നഗരത്തെ ലക്ഷ്യമാക്കിയെന്നും ഇതിൽ ആറെണ്ണം ജനവാസ കെട്ടിടങ്ങളിൽ പതിച്ചെന്നും പ്രാദേശിക ഭരണകൂടം അറിയിച്ചു. ഒരെണ്ണം വ്യവസായ കേന്ദ്രത്തിലേക്കും പതിച്ചു. മറ്റൊരു ഡ്രോൺ ഒരു നദിക്ക് മുകളിൽവച്ച് വെടിവച്ചിട്ടു. മോസ്കോയിൽ നിന്ന് 800 കിലോമീറ്റർ അകലെ കിഴക്കാണ് കസാൻ. അതേസമയം, വെള്ളിയാഴ്ച രാത്രി റഷ്യയിലെ കുർസ്കിൽ അതിർത്തി പ്രദേശത്ത് യു.എസ് നിർമ്മിത മിസൈലുകളാൽ യുക്രെയിൻ നടത്തിയ ആക്രമണത്തിൽ ഒരു കുട്ടി അടക്കം ആറ് പേർ കൊല്ലപ്പെട്ടു. പിന്നാലെ യുക്രെയിനിലെ ഖാർക്കീവിനെ ലക്ഷ്യമാക്കി റഷ്യ ഡ്രോൺ ആക്രമണം നടത്തിയിരുന്നു.
9/11 ഭീകരാക്രമണം
2001 സെപ്തംബർ 11ന് റാഞ്ചിയെടുത്ത അമേരിക്കൻ യാത്രാവിമാനങ്ങൾ അൽ ക്വഇദ ഭീകരർ ന്യൂയോർക്കിലെ വേൾഡ് ട്രേഡ് സെന്ററിന്റെ ഇരട്ട ഗോപുരങ്ങളിലും യു.എസ് പ്രതിരോധ വകുപ്പിന്റെ ആസ്ഥാനമായ പെന്റഗണിലേക്കും ഇടിച്ചിറക്കി. നിരപരാധികളായ 2,977 പേർ കൊല്ലപ്പെട്ടു. വിമാനങ്ങളിലുണ്ടായിരുന്ന 19 ഭീകരരും മരിച്ചു. ആക്രമണത്തിന്റെ ബുദ്ധികേന്ദ്രമായ അൽ ക്വഇദ തലവൻ ഒസാമ ബിൻ ലാദനെ 2011 മേയിൽ പാകിസ്ഥാനിലെ അബോട്ടാബാദിൽ വച്ച് യു.എസ് കമാൻഡോകൾ വധിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]