.news-body p a {width: auto;float: none;}
കേരളാ ബ്ലാസ്റ്റേഴ്സ് ഇന്ന് മുഹമ്മദൻസിനെ നേരിടും
കൊച്ചി: പാളിപ്പോയ തന്ത്രങ്ങളും മുഖ്യപരിശീലകനുമില്ലാത്ത അവസ്ഥ. എന്നും കരുത്തായ ആരാധകക്കൂട്ടം മഞ്ഞപ്പട പോലും കൈവിട്ടു. ! ഐ.എസ്.എല്ലിൽ അസാധാരണ പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന കേരളാ ബ്ലാസ്റ്റേഴ്സിന് ഉയർത്തെഴുന്നേൽക്കാൻ ഇന്ന് സ്വന്തം തട്ടകത്തിൽ ജയം കൂടിയേ തീരൂ.
പോയിന്റ് പട്ടികയിൽ ഏറ്റവും പിന്നിലുള്ള കന്നിക്കാരായ മുഹമ്മദൻസ് എസ്.ഇയാണ് എതിരാളികൾ.ജയിക്കാൻ ഉറച്ചുതന്നെയാണ് മുഹമ്മദൻസും ബൂട്ടുകെട്ടുന്നത്. കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ വൈകിട്ട് 7.30നാണ് മത്സരത്തിന്റെ കിക്കോഫ്.
ഇതുവരെ 3 മത്സരങ്ങളിൽ മാത്രമാണ് ബ്ലാസ്റ്റേഴ്സ് ജയിച്ചത്. ഇതിലൊന്ന് മുഹമ്മദൻസിനെതിരെ അവരുടെ തട്ടകത്തിൽ. നിലവിൽ 11 പോയിന്റുമായി പത്താം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ്. അവസാന നാലു കളികളിലും ടീം തോറ്റ് തോപ്പിയിട്ടു. പിന്നാലെയാണ് മാനേജ്മെന്റിനെതിരെ മഞ്ഞപ്പട പൊട്ടിത്തെറിച്ചത്. ഗ്രൗണ്ടിനകത്തും പുറത്തും മാനേജ്മെന്റിന്റ നിലപാടിൽ പ്രതിഷേധിക്കാനാണ് ആരാധകരുടെ തീരുമാനം. മഞ്ഞപ്പടയെ തണുപ്പിക്കാൻ കോച്ച് മികായേൽ സ്റ്റാറെയേയും അദ്ദേഹത്തിന്റെ ടീമിനേയും മാറ്റിയെങ്കിലും ഇതും തിരിച്ചടിയായി. ഇത് സ്വന്തം കഴിവുകേടുകൾക്ക് സ്റ്റാറെയെ ബലിയാടാക്കിയെന്ന ചർച്ചയ്ക്ക് വഴിവച്ചു.
സ്റ്റാറെയെയും സഹപരിശീലകരെയും പുറത്താക്കിയതിന് ശേഷമുള്ള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ മത്സരമെന്ന പ്രത്യേകതയുണ്ട് ഇന്നത്തെ കളിക്ക്. റിസർവ് ടീമിന്ഫറെ പരിശീലകനായ ടി.ജി പുരുഷോത്തമനാണ് ടീമിന്റെ താത്കാലിക പരിശീലകൻ.
ഒരുപിടി മികച്ച താരങ്ങളുണ്ടെങ്കിലും ആരും ഫോമിലല്ലെന്നതാണ് മുഹമ്മദൻസിന്റെ തലവേദന. 11 മത്സരം പൂർത്തിയാകുമ്പോൾ ജയിക്കാനായത് ഒന്നിൽ മാത്രം. ആകെ പോയിന്റ് അഞ്ച്. തുടർതോൽവിയും ആരാധക പ്രശ്നങ്ങളിലും തകർന്നിരിക്കുന്ന ബ്ലാസ്റ്റേഴ്സിന്റെ സാഹചര്യം മുതലെടുക്കുകയാണ് മുഹമ്മദൻസ് ലക്ഷ്യമിടുന്നത്. ചെന്നൈയിനെ അവരുടെ തട്ടകത്തിൽ തരിപ്പണമാക്കിയ ചരിത്രവും മുഹമ്മദൻസിനുണ്ട്.
”ആരാധകരുടെ വികാരം മനസിലാക്കുന്നു. ഒരാഴ്ചയായി ടീം കഠിന പരിശീലനത്തിലായിരുന്നു. എല്ലാ മത്സരങ്ങളിലും ടീം പരമാവധി നൽകുന്നുണ്ട്. പക്ഷേ എല്ലായ്പ്പോഴും ഫലം ഒന്നാവില്ലല്ലോ.
ആൻഡ്രിയാൻ ലൂണ
ബ്ലാസ്റ്റേഴ്സ് ക്യാപ്ടൻ
ഇന്നത്തെ മത്സരത്തിൽ വിലപ്പെട്ട മൂന്ന് പോയിന്റ് മാത്രമാണ് ലക്ഷ്യം. ടീമിന്റെ തോൽവിക്ക് ഏതെങ്കിലും ഒരു വിഭാഗത്തെ കുറ്റപ്പെടുത്തുന്നതിൽ അർത്ഥമില്ല. കഴിഞ്ഞത് കഴിഞ്ഞു, അതേ കുറിച്ച് ചിന്തിക്കുന്നില്ല. അടുത്തത് എന്താണെന്നതാണ് ചിന്തയാണുള്ളത്
ടി.ജി പുരുഷോത്തമൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഇടക്കാല പരിശീകൻ
ബ്ലാസ്റ്റേഴ്സ് ഇതുവരെ
• ബ്ലാസ്റ്റേഴ്സ് 1- പഞ്ചാബ് 2
• ബ്ലാസ്റ്റേഴ്സ് 2- ഈസ്റ്റ് ബംഗാൾ 1
• നോർത്ത് ഈസ്റ്റ് 1- ബ്ലാസ്റ്റേഴ്സ് 1
• ഒഡീഷ് 2- ബ്ലാസ്റ്റേഴ്സ് 2
• മുഹമ്മദൻസ് 1- ബ്ലാസ്റ്റേഴ്സ് 2
• ബ്ലാസ്റ്റേഴ്സ് 1- ബംഗളൂരു 3
• മുംബയ് സിറ്റി 4- ബ്ലാസ്റ്റേഴ്സ് 2
• ബ്ലാസ്റ്റേഴ്സ് 1- ഹൈദ്രാബാദ് 2
• ബ്ലാസ്റ്റേഴ്സ് 3- ചെന്നൈയിൻ 0
• ബ്ലാസ്റ്റേഴ്സ് 0 – ഗോവ 1
• ബംഗളൂരു 4- ബ്ലാസ്റ്റേഴ്സ് 2
• മോഹൻബഗാൻ 3- ബ്ലാസ്റ്റേഴ്സ് 2