

First Published Dec 22, 2023, 11:19 AM IST
നവകേരള സദസിനിടെ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗണ്മാന് അടിതെറ്റി റോഡില്‍ വീണതായി ഒരു ചിത്രം സാമൂഹ്യമാധ്യമമായ ഫേസ്ബുക്കിലും വാട്സ്ആപ്പിലും വ്യാപകമായി പ്രചരിക്കുകയാണ്. ‘ഇപ്പോള്‍ ദൈവം കണക്കുകള്‍ ഒന്നും ബാക്കിവെക്കാറില്ല, സ്പോട്ടില്‍ കൊടുക്കും’ എന്ന എഴുത്തോടെയാണ് ഈ ഫോട്ടോ വാട്സ്ആപ്പില്‍ പ്രചരിക്കുന്നത്. മുഖ്യമന്ത്രിയുടെ നവകേരള സദസിനെതിരെ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ച ഗണ്‍മാനാണ് വീണുകിടക്കുന്നതായി ചിത്രത്തിലുള്ളത്. ഫോട്ടോ വാട്സ്ആപ്പിലും ഫേസ്ബുക്കിലും വ്യാപകമായിരിക്കുന്ന പശ്ചാത്തലത്തില്‍ ചിത്രത്തിന്റെ വസ്തുത പരിശോധിക്കാം.
വാട്സ്ആപ്പ് ഫോര്‍വേഡിന്റെ സ്ക്രീന്‍ഷോട്ട്
പ്രചാരണം
‘വിജയൻ വളർത്തുന്ന പേപ്പട്ടിക്ക് മിന്നലടിച്ച് പരിക്ക്’ എന്ന മോശം തലക്കെട്ടോടെയാണ് എന്ന ഫേസ്ബുക്ക് പേജില്‍ നിന്ന് 2023 ഡിസംബര്‍ 21ന് ഫോട്ടോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ‘വിഐപി സെക്യൂരിറ്റി കമാന്‍ഡോ’ എന്ന ബോര്‍ഡ് വെച്ച വെള്ള ഇന്നോവ കാറിന് പിന്നിലായി ഒരു സുരക്ഷാ ഉദ്യോഗസ്ഥന് റോഡില്‍ നിലതെറ്റി വീണുകിടക്കുന്നതും വാഹനത്തിലിരിക്കുന്ന മറ്റൊരു സുരക്ഷാ ഉദ്യോഗസ്ഥന് ഇക്കാര്യം നോക്കുന്നതും ചിത്രത്തില്‍ കാണാം. വിഐപി സെക്യൂരിറ്റി എന്ന് എഴുതിയ മറ്റ് ഇന്നോവ കാറുകളും മുന്നില്‍ വരിനിരയായി പോകുന്നത് കാണാമെന്നതിനാല്‍ ഇത് സംസ്ഥാനത്തെ ഒരു ഔദ്യോഗിക വാഹനവ്യൂഹമാണ് എന്ന് മനസിലാക്കാം. കേരളത്തിന്റെ വാഹന രജിസ്ട്രേഷന് കോഡായ KLലിലാണ് ഈ വൈറ്റ് ഇന്നോവ കാറുകള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
സൈബര്‍ കോണ്‍ഗ്രസ് ഫേസ്ബുക്ക് പോസ്റ്റിന്റെ സ്ക്രീന്‍ഷോട്ട്
ചിത്രം പങ്കുവെച്ച് നേതാക്കളും
കോണ്‍ഗ്രസ് നേതാവും തൃത്താല മുന്‍ എംഎല്‍എയുമായ , യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് തുടങ്ങി നിരവധി നേതാക്കളും ഈ ചിത്രം ഫേസ്ബുക്കില്‍ 2023 ഡിസംബര്‍ 21ന് പങ്കുവെച്ചിട്ടുണ്ട്. ‘ഇതും കനുഗുലു ഇഫക്റ്റ് ആണെന്ന് പറയരുതേ! ഇദ്ദേഹത്തിന്റെ ആരോഗ്യത്തിനായി പ്രാർത്ഥിക്കുന്നു’- എന്ന കുറിപ്പോടെയാണ് വി ടി ബല്‍റാമിന്റെ എഫ്ബി പോസ്റ്റ്. ‘തമ്പ്രാൻ എടുക്കുന്ന തരത്തിലുള്ള ഒരു പ്രത്യേക ഏക്ഷൻ എടുത്തതാണ് അല്ലാതെ നിങ്ങള്‍ കരുതുന്നത് പോലെ മൂക്കടിച്ച് വീണതല്ല’- എന്ന കുറിപ്പോടെയാണ് രാഹുല്‍ മാങ്കൂട്ടത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ചിത്രം നവകേരള സദസിനിടെ പകര്‍ത്തിയതാണ് എന്ന് വി ടി ബല്‍റാമും രാഹുല്‍ മാങ്കൂട്ടവും പ്രത്യക്ഷത്തില്‍ അവകാശപ്പെടുന്നില്ലെങ്കിലും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ നേരിട്ട മുഖ്യമന്ത്രിയുടെ ഗണ്മാന് എതിരായ പ്രതിഷേധങ്ങളുടെ സാഹചര്യത്തിലാണ് ഈ ഫോട്ടോ പോസ്റ്റ് ചെയ്തിരിക്കുന്നത് എന്ന് വ്യക്തം.
ചിത്രം സാമൂഹ്യമാധ്യമങ്ങളില്‍ വ്യാപക പ്രചാരണം നേടിയ പശ്ചാത്തലത്തില്‍ എന്തായിരിക്കും വസ്തുത?
വസ്തുതാ പരിശോധന
മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗിക കാറും എസ്കോര്‍ട്ട് വാഹനങ്ങളും വൈറ്റില്‍ നിന്ന് കറുത്ത നിറത്തിലേക്ക് മാറിയിട്ട് നാളേറെയായി എന്നതിനാല്‍, സുരക്ഷാ ഉദ്യോഗസ്ഥന് വീണുകിടക്കുന്നതായി വൈറലായിരിക്കുന്ന ചിത്രം പഴയതാണ് എന്ന് ആദ്യ കാഴ്ചയില്‍ തന്നെ ഊഹിക്കാം. മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനവ്യൂഹം കറുപ്പിലേക്ക് മാറിയതിനെ കുറിച്ച് ‘!’ എന്ന തലക്കെട്ടില്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ 2022 ജൂലൈ 12ന് പ്രസിദ്ധീകരിച്ച വാര്‍ത്ത തെളിവായി നല്കുന്നു.
ഏഷ്യാനെറ്റ് ന്യൂസ് യൂട്യൂബില്‍ അപ്ലോഡ് ചെയ്ത നവകേരള സദസ് 2023ന്റെ വീഡിയോകള്‍ പരിശോധിച്ചാല്‍ അവയിലും കറുത്ത എസ്കോര്‍ട്ട് വാഹനങ്ങളാണ് മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉപയോഗിക്കുന്നത് എന്ന് കാണാം. നവകേരള സദസുമായി ബന്ധപ്പെട്ട് ന് ഏഷ്യാനെറ്റ് ന്യൂസ് അപ്ലോഡ് ചെയ്ത വീഡിയോ ചുവടെ കൊടുന്നു. ഈ വീഡിയോയുടെ 41-ാം സെക്കന്‍ഡില്‍ മുഖ്യമന്ത്രിയുടെ കറുത്ത എസ്കോര്‍ട്ട് വാഹനങ്ങള്‍ വരിവരിയായി നീങ്ങുന്നത് കാണാം.
വേറെയും തെളിവുകള്‍
പ്രചരിക്കുന്ന ചിത്രം പഴയതാണ് എന്ന് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ ഫാക്ട് ചെക്ക് ടീമിന് പൊലീസ് കേന്ദ്രങ്ങളില്‍ നിന്നുള്ള വിവരവും അന്വേഷണത്തില്‍ ലഭിച്ചു. വാഹനം മുന്നോട്ടെടുക്കുന്നതിനിടെ കയറാന്‍ ശ്രമിച്ചപ്പോള്‍ സുരക്ഷാ ജീവനക്കാരന് റോഡില്‍ വീഴുകയായിരുന്നു എന്നാണ് വിശദീകരണം. വൈറല്‍ ചിത്രത്തില്‍ കാണുന്ന സുരക്ഷാ ഉദ്യഗസ്ഥരെ ഇപ്പോഴും മുഖ്യമന്ത്രിയുടെ സംഘത്തില്‍ കാണാമെങ്കിലും അവസാനദിനത്തിലേക്ക് കടക്കുന്ന നവകേരള സദസ് 2023ലെ സുരക്ഷാ വാഹനങ്ങള്‍ എല്ലാം കറുപ്പ് നിറത്തിലുള്ളതാണ് എന്ന് ഏഷ്യാനെറ്റ് ന്യൂസിന്റെ വീഡിയോകള്‍ വ്യക്തമാക്കുന്നു. ‘വിഐപി സെക്യൂരിറ്റി കമാന്‍ഡോ’ എന്ന് ബോര്‍ഡ് വെച്ച വെള്ള ഇന്നോവ കാറിന് പിന്നിലായി ഒരു സുരക്ഷാ ഉദ്യോഗസ്ഥന് വീണുകിടക്കുന്ന ചിത്രം പഴയതാണ് എന്ന് ഇത്തവണത്തെ നവകേരള സദസിന്റെ പരിശോധിച്ചതില്‍ നിന്ന് ഉറപ്പായി.
നിഗമനം
യൂത്ത് കോണ്‍ഗ്രസുകാരെ മര്‍ദിച്ചതില്‍ ആരോപണവിധേയനായ ഗണ്മാന് (മുഖ്യമന്ത്രിയുടെ) അടിതെറ്റി റോഡില്‍ വീണതായി പ്രചരിക്കുന്ന ചിത്രം പഴയതാണ്. ഈ ഫോട്ടോയ്ക്ക് നിലവിലെ നവകേരള സദസുമായി ബന്ധപ്പെട്ട സംഭവങ്ങളുമായി യാതൊരു ബന്ധവുമില്ല. നവകേരള സദസിനിടെയാണ് ഗണ്മാന് നിലത്തുവീണത് എന്ന പ്രചാരണം വ്യാജമാണ്. ചിത്രത്തില്‍ കാണുന്ന വെള്ള കമാന്‍ഡോ സെക്യൂരിറ്റി വാഹനങ്ങള്‍ ഇപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ എസ്കോര്‍ട്ട് വാഹനങ്ങളായി ഉപയോഗിക്കുന്നില്ല.
Last Updated Dec 22, 2023, 11:38 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]