16 വർഷം ഇന്ത്യൻ ബാറ്റിങ് നിരയ്ക്കായി ഇതിഹാസങ്ങള്‍ക്കെതിരെ പ്രതിരോധത്തിന്റെ വൻമതില് തീർത്ത രാഹുല്‍ ദ്രാവിഡ്. ശേഷം, ഒരു പതിറ്റാണ്ടോളം അതിനൊരു തുടർച്ച സാധ്യമാക്കിയ ചേതേശ്വർ പൂജാര.
സച്ചിൻ തെൻഡുല്‍ക്കറും വിരാട് കോഹ്ലിയുമൊക്കെ റണ്‍മലകള്‍ കയറിയപ്പോള്‍ ഒരു തേരാളിയെപ്പോലെ നിലകൊണ്ട മൂന്നാം നമ്പറുകാർ.
കാല്‍നൂറ്റാണ്ട് രണ്ട് പേരുകളില്‍ ചുരുങ്ങിയ ആ സ്ഥാനത്തിന് കഴിഞ്ഞ രണ്ട് വർഷമായി കൃത്യമായൊരു അവകാശിയില്ല, അല്ലെങ്കില്‍ കണ്ടെത്താനായിട്ടില്ല ഇന്ത്യയ്ക്ക്. ഏഴ് ബാറ്റർമാരാണ് ഈ കാലയളവില്‍ മൂന്നാം നമ്പറില്‍ ക്രീസിലേക്ക് എത്തിയത്.
നിരന്തരമുള്ള പരീക്ഷണങ്ങള്‍ ബാറ്റിങ് നിരയുടെ ബാലൻസിനെ ബാധിക്കുക മാത്രമായിരുന്നില്ല, പല തകർച്ചകള്‍ക്കും കാരണവുമായി. ഗില്‍ മുതല്‍ പട്ടിക പരീക്ഷിച്ചവരില്‍ ഏറ്റവും മികവ് പുലർത്തിയത് നിലവിലെ ഇന്ത്യൻ നായകനായ ശുഭ്മാൻ ഗില്‍ തന്നെയായിരുന്നു.
2023 ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന് ശേഷം 16 ഇന്നിങ്സുകളിലാണ് ഗില്‍ മൂന്നാം നമ്പറില്‍ മൈതാനത്തേക്ക് എത്തിയത്. 37.38 ശരാശരിയില്‍ 972 റണ്‍സ് നേടി.
മൂന്ന് വീതം സെഞ്ച്വറികളും അർദ്ധ ശതകങ്ങളും കുറിച്ചു. ദ്രാവിഡിന്റെയോ പൂജാരയുടേയൊ ശൈലിയല്ലാതിരുന്നിട്ടും മൂന്നാം നമ്പർ ബാറ്റര്‍ നല്‍കേണ്ട
സ്ഥിരത ടീമിന് നല്കാൻ ഗില്ലിന് സാധിച്ചിരുന്നു. പക്ഷേ, വിരാട് കോഹ്ലിയുടെ പടിയിറക്കമായിരുന്നു ഗില്ലിനെ നാലാം സ്ഥാനത്തിലേക്ക് ചുവടുവെക്കാൻ പ്രേരിപ്പിച്ചതും മൂന്നാം നമ്പറിലെ പരീക്ഷണങ്ങള്‍ക്ക് വഴിവെച്ചതും.
ഗില്‍ കഴിഞ്ഞാല്‍ ഈ പൊസിഷനില്‍ ശരാശരിക്ക് താഴെയെങ്കിലും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത് യുവതാരം സായ് സുദർശനായിരുന്നു.
ദീർഘകാലം സായിക്ക് മൂന്നാം നമ്പറില്‍ നിലനില്ക്കാൻ കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും പ്രകടനം കൊണ്ട് ഇടം കയ്യൻ ബാറ്റർ നിരാശപ്പെടുത്തുകയായിരുന്നു. ഇംഗ്ലണ്ട് പര്യടനത്തില്‍ അരങ്ങേറിയ സായ് ഇതുവരെ അഞ്ച് ടെസ്റ്റുകളിലാണ് ഓപ്പണർമാർക്ക് പിന്നിലായി ബാറ്റേന്തിയത്.
30 ശരാശരിയില്‍ 273 റണ്‍സാണ് സമ്പാദ്യം. രണ്ട് അര്‍ദ്ധ സെഞ്ച്വറികള്‍ മാത്രം.
സ്ഥിരതയില്ലായ്മ താരത്തെ ഡ്രോപ്പ് ചെയ്യുന്നതിന് കാരണവുമായി. മലയാളി താരം കരുണ്‍ നായരായിരുന്നു പൂജാരയുടെ വേഷം കൈകാര്യം ചെയ്യാൻ ഏറ്റവും അനുയോജ്യനായ താരം.
ആഭ്യന്തര ക്രിക്കറ്റിലെ മികവും സാങ്കേതിക മികവുമെല്ലാം കരുണിനെ തുണയ്ക്കുന്ന ഘടകങ്ങളുമാണ്. എന്നാല്‍, ഒരു ഇംഗ്ലണ്ട് പര്യടനം കൊണ്ട് കരുണിന്റെ പേര് വേട്ടുകയായിരുന്നു മാനേജ്മെന്റ്.
എഡ്ജ്ബാസ്റ്റണിലും ലോര്‍ഡ്സിലുമായി നാല് ഇന്നിങ്സുകള്‍. മൂന്നിലും മികച്ച തുടക്കം ലഭിച്ച കരുണിന് അത് വലിയ സ്കോറാക്കി മാറ്റാനായില്ല.
രണ്ട് ടെസ്റ്റില്‍ നിന്ന് 111 റണ്‍സായിരുന്നു വലം കയ്യൻ ബാറ്ററുടെ നേട്ടം. ഗില്ലിനും സായിക്കും കരുണിനും മാത്രമാണ് മൂന്നാം നമ്പറിലെത്തി 100 റണ്‍സിന് മുകളില്‍ ഇതുവരെ സ്കോര്‍ ചെയ്യാനായത്.
വിരാട് കോഹ്ലി, വാഷിങ്ടണ്‍ സുന്ദര്‍, കെ എല്‍ രാഹുല്‍, ദേവദത്ത് പടിക്കല്‍ എന്നീ താരങ്ങളെ ഓരോ തവണ മാത്രമായിരുന്നു പരീക്ഷിച്ചത്. കോഹ്ലി 70 റണ്‍സും, സുന്ദര്‍ അറുപതും നേടി.
പടിക്കലിന്റെ നേട്ടം 25 റണ്‍സും രാഹുലിന്റേത് 24 റണ്‍സുമായി ചുരുങ്ങി. ഗില്‍ മൂന്നാം നമ്പറിലേക്ക് മടങ്ങിയെത്തുമെന്ന് പ്രതീക്ഷിക്കേണ്ടതില്ല, ഇംഗ്ലണ്ട് പര്യടനത്തിലെ റണ്ണൊഴുക്കും വിൻഡീസ് പരമ്പരയിലെ പ്രകടനവും നാലാം നമ്പര്‍ തനിക്ക് ഏറ്റവും അനുയോജ്യമായ പൊസിഷനാണെന്ന് തെളിയിക്കാൻ ഗില്ലിന് സാധിച്ചിട്ടുണ്ട്.
അതിനാല്‍ മൂന്നാം നമ്പറിന് യോജിച്ച ഒരു താരത്തെ കണ്ടെത്തുക എളുപ്പമുള്ള ഒന്നല്ല. മേല്‍പ്പറഞ്ഞ പട്ടികയില്‍ നിന്ന് ഗില്‍ മാത്രമല്ല, ഓപ്പണിങ് സ്ഥാനം വഹിക്കുന്ന രാഹുലും വിരമിച്ച വിരാട് കോഹ്ലിയും ഒഴിവാക്കപ്പെട്ടിരിക്കുന്നു.
അവശേഷിക്കുന്നത് സായ് സുദര്ശൻ, ദേവദത്ത് പടിക്കല്‍, വാഷിങ്ടണ്‍ സുന്ദര്‍, കരുണ്‍ നായര്‍ എന്നിവരാണ്. വാഷിങ്ടണ്‍ സുന്ദര്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ ആദ്യമായി മൂന്നാം നമ്പറിലെത്തിയതായിരുന്നു ഈഡൻ ഗാര്‍ഡൻസില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ.
ദേവദത്തിന്റെ കാര്യവും സമാനമാണ്. സായിയും പടിക്കലും ടോപ് ഓർഡര്‍ ബാറ്റർമാരാണ്, എന്നാല്‍ ഇരുവർക്കും മുന്നില്‍ അവശേഷിക്കുന്ന ഏക പൊസിഷൻ മൂന്നാം നമ്പറാണ്.
കരുണ്‍ തന്നെ അനുയോജ്യൻ എന്നാല്‍, മൂന്നാം നമ്പറില്‍ ഇന്ത്യക്ക് നിലവില്‍ അനിവാര്യമായത് പരിചയസമ്പത്തുള്ള ഒരു താരത്തെയാണെന്ന് സമീപകാല തോല്‍വികളും സ്വന്തം മണ്ണിലെ ബാറ്റിങ് തകർച്ചകളും സൂചിപ്പിക്കുന്നു. ഇന്ത്യ തകര്‍ച്ച നേരിട്ട
പല സാഹചര്യങ്ങളിലും തുണയായത് മികച്ച ഡിഫൻസീവ് ടെക്ക്നിക്കുള്ള ചേതേശ്വർ പൂജാരയായിരുന്നു. അതിനൊരു പകരക്കാരനെ തേടുമ്പോള്‍ കരുണിനേക്കാള്‍ അനുയോജ്യനായ താരത്തെ ആഭ്യന്തര സര്‍ക്യൂട്ടുകളില്‍ കണ്ടെത്താനാകില്ല.
കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി രഞ്ജിയിലും മറ്റ് ആഭ്യന്തര ടൂർണമെന്റുകളിലും കരുണ്‍ പുലര്‍ത്തുന്ന സ്ഥിരത തന്നെയാണ് ഇത് പറയാൻ കാരണം. ഈ സീസണിലും അതിന് മാറ്റമില്ല.
അഞ്ച് മത്സരങ്ങളില്‍ നിന്ന് 602 റണ്‍സ് താരം നേടിയിട്ടുണ്ട്. ഇതില്‍ രണ്ട് സെഞ്ച്വറിയും രണ്ട് അര്‍ദ്ധ ശതകവും ഉള്‍പ്പെടുന്നു.
233 റണ്‍സാണ് ഉയര്‍ന്ന സ്കോര്‍. കഴിഞ്ഞ രണ്ട് വര്‍ഷമായി തുടരുന്ന പരീക്ഷണങ്ങള്‍ക്ക് അറുതി വരുത്താൻ കരുണിനൊരു ലോങ് റണ്‍ കൊടുത്താല്‍ മതിയായേക്കും.
പക്ഷേ, അതിന് സെലക്ടർമാര്‍ തയാറാകുമോയെന്നാണ് കാത്തിരുന്ന് കാണേണ്ടത്. അല്ലെങ്കില്‍ ഇന്ത്യൻ ബാറ്റിങ് നിര എമർജൻസിയില്‍ തന്നെ തുടരും.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

