തൃശ്ശൂർ: ഭക്ഷണ സാധനങ്ങള്‍ സ്വയമുല്‍പ്പാദിപ്പിക്കുന്നതില്‍ മറ്റു ജയിലുകള്‍ക്ക് മാതൃകയാവുകയാണ് വിയ്യൂര്‍ സെന്‍ട്രല്‍ ജയില്‍. ജയിലിലേക്ക് വേണ്ട പച്ചക്കറിയുടെ മുപ്പത് ശതമാനത്തോളമാണ് ഇവിടെ ഉല്പാദിപ്പിക്കുന്നത്. പയർ, പടവലം, വെണ്ട, ചീര, കോവയ്ക്ക, പാവൽ, മഞ്ഞൾ, കൂർക്ക, വാഴ എന്നിങ്ങനെ വിവിധയിനം പച്ചക്കറികൾ. തീർന്നില്ല, പശുക്കൾക്കും പന്നികൾക്കുമായി പ്രത്യേക ഫാമുകൾ. പൂകൃഷി വേറെയും. ഇത്തവണ വിളവെടുത്തത് അഞ്ച് ടൺ പച്ചക്കറികൾ, അരടൺ പൂക്കൾ, അയ്യായിരം രൂപയുടെ വാഴയില, രണ്ടായിരം ലിറ്റർ പാൽ. വിയ്യൂരിലെ ഇക്കൊല്ലത്തെ വിളവെടുപ്പിന്റെ കണക്കാണിത്.
139 ഏക്കർ ജയിൽ കോമ്പൗണ്ടിൽ കെട്ടിടങ്ങൾ ഒഴികെയുള സ്ഥലമൊക്കെ കൃഷിക്കായി മാറ്റിയെടുത്തു. അസുഖ ബാധിതരും അതിതീവ്ര സുരക്ഷാ സെല്ലിൽ കഴിയുന്നവരും ഒഴിച്ച് ബാക്കി എല്ലാ അന്തേവാസികളും കൃഷിപ്പണികൾക്കായി ഇറങ്ങുന്നു. കൃഷിക്ക് ആവശ്യമുളള ജൈവ വളങ്ങൾ ഇവിടെ തന്നെ ഉണ്ടാക്കുന്നു.
മേൽത്തരം വിത്തും മറ്റ് സഹായങ്ങളും കൃഷി ഓഫീസിൽ നിന്ന് ലഭിക്കുന്നു. 2021 ലെ കാർഷിക വികസന കർഷകക്ഷേമ വകുപ്പിന്റെ സംസ്ഥാനതല കർഷക അവാർഡ് വിയ്യൂർ ജയിലിനായിരുന്നു. പൊതു വിപണിയെ ലക്ഷ്യമിട്ട് കൃഷിയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് അടുത്ത കടമ്പ എന്ന് അധികൃതർ പറയുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]