.news-body p a {width: auto;float: none;}
തിരുവനന്തപുരം: മുനമ്പം ഭൂമി പ്രശ്നത്തിൽ ജുഡീഷ്യൽ കമ്മിഷനെ വയ്ക്കാനുള്ള സർക്കാർ തീരുമാനത്തോട് വിയോജിപ്പെന്ന് വ്യക്തമാക്കി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പത്ത് മിനിറ്റ് കൊണ്ട് തീർക്കാവുന്ന ഒരു വിഷയം സർക്കാർ മനഃപൂർവം വൈകിപ്പിക്കുകയാണെന്ന് സതീശൻ ആരോപിച്ചു. ഇതിലൂടെ സമൂഹത്തിൽ ഭിന്നിപ്പ് ഉണ്ടാക്കാൻ ശ്രമിക്കുന്ന സംഘ്പരിവാർ ശക്തികൾക്ക് സർക്കാർ തന്നെ അവസരം ഒരുക്കി കൊടുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
മുസ്ലിം സംഘടനകളും ഫറൂഖ് കോളേജ് മാനേജ്മെൻ്റും പ്രശ്ന പരിഹാരത്തിന് എല്ലാ പിന്തുണയും നൽകിയ സാഹചര്യത്തിൽ തീരുമാനം എടുക്കാനും അത് കോടതിയെ അറിയിച്ച് ശാശ്വത പരിഹാരം ഉണ്ടാക്കാനും സർക്കാരിന് കഴിയുമായിരുന്നു. ഇപ്പോൾ ഏകപക്ഷീയമായ ഒരു തീരുമാനം സർക്കാർ അടിച്ചേൽപ്പിക്കുകയാണ്. സമര രംഗത്തുള്ളവരുമായി ഗൗരവമായ ഒരു ചർച്ചയും സർക്കാർ നടത്തിയില്ല. പ്രശ്നപരിഹാരം നീട്ടിക്കൊണ്ട് പോകാൻ സർക്കാർ തന്നെ വഴിയൊരുക്കുന്നത് ശരിയായ രീതിയല്ല.
സർവകക്ഷി യോഗം വിളിക്കണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം സർക്കാർ ഇതുവരെ അംഗീകരിച്ചിട്ടില്ല. ആരുമായും ആലോചിക്കാതെ ജുഡീഷ്യൽ കമ്മിഷൻ എന്ന തീരുമാനം അടിച്ചേൽപ്പിച്ചതിലൂടെ സർക്കാരിന് ദുരുദ്ദേശ്യങ്ങൾ ഉണ്ടെന്ന് വ്യക്തമായി. പറഞ്ഞ സമയത്ത് ദൗത്യം പൂർത്തീകരിക്കാത്ത ജുഡീഷ്യൽ കമ്മിഷനുകളുള്ള നാടാണ് കേരളം. മുനമ്പത്തെ പാവങ്ങൾക്ക് അർഹതപ്പെട്ട നീതിയാണ് സർക്കാർ ബോധപൂർവം നിഷേധിക്കുന്നതെന്നും വി.ഡി. സതീശൻ കുറ്റപ്പെടുത്തി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]