
ശബരിമല: ശബരിമല സന്നിധാനത്ത് പതിനെട്ടാം പടിയ്ക്ക് സമീപം ഭീതി പരത്തിയ പാമ്പിനെ വനം വകുപ്പ് ഉദ്യോഗസ്ഥർ പിടികൂടി. ഇന്ന് രാവിലെ ഒമ്പതരയോടെ പതിനെട്ടാം പടിക്ക് താഴെ മഹാ കാണിയ്ക്ക ഭാഗത്ത് നിന്നും അപ്പം, അരവണ കൗണ്ടറുകളിലേക്ക് പോകുന്നതിനുള്ള അടിപ്പാതയുടെ പടിക്കെട്ടിന്റെ കൈവരിയിലാണ് പാമ്പിനെ കണ്ടെത്തിയത്.
നൂറുകണക്കിന് ഭക്തർ കടന്നുപോകുന്ന പടിക്കെട്ടിന്റെ തുടക്ക ഭാഗത്ത് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പോലീസുകാരാണ് കൈവരിയിൽ നീണ്ട നിവർന്നു കിടക്കുന്ന നിലയിൽ രണ്ടടിയോളം നീളം വരുന്ന പാമ്പിനെ കണ്ടത്. ഉടൻതന്നെ ഈ ഭാഗത്ത് കൂടി തീർത്ഥാടകർ അടിപ്പാതയിലേക്ക് കടക്കുന്നത് തടഞ്ഞു. സംഭവം അറിഞ്ഞ് പാഞ്ഞെത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥർ ചേർന്ന് പിടികൂടാൻ ഉള്ള ശ്രമത്തിനിടെ പാമ്പ് കൈവരിയിൽ നിന്നും പടിക്കട്ടിലേക്ക് ചാടി. തുടർന്ന് ഇവിടെ നിന്നും പാമ്പിനെ പിടികൂടി കുപ്പിയിൽ ആക്കി.
ഏകദേശം 20 മിനിറ്റ് കഴിഞ്ഞാണ് പാമ്പിനെ പിടികൂടിയത്. വിഷമില്ലാത്തയിനം കാട്ടുപാമ്പ് ആണ് ഇതെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. സന്നിധാനത്തിന്റെ പല ഭാഗങ്ങളിൽ നിന്നും വിഷപ്പാമ്പുകളെ പിടികൂടാറുണ്ടെങ്കിലും പതിനെട്ടാം പടിക്ക് സമീപത്തു നിന്നും പാമ്പിനെ പിടികൂടുന്നത് ഇതാദ്യമാണ്.
ശബരിമലയിലേക്ക് തീർത്ഥാടനം തുടങ്ങിയതിന് പിന്നാലെ കുട്ടികളും മുതിർന്നവരുമടക്കം നിരവധി പേരാണ് ദിവസവും സന്നിധാനത്ത് എത്തുന്നത്. തിരക്ക് ഏറിയതോടെ ശക്തമായ പരിശോധനയും നടത്തുന്നുണ്ട്. സന്നിധാനത്തിൽ നിന്ന് ഇതുവരെ 33 പാമ്പുകളെ വനംവകുപ്പ് പിടികൂടിയെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
അഞ്ച് അണലികളെയും 14 കാട്ടുപാമ്പുകളെയും ഉൾപ്പെടെയാണ് പിടികൂടി ഉൾവനത്തിൽ വിട്ടത്. തീർഥാടന കാലം സുരക്ഷിതമാക്കുന്നതിന് വനംവകുപ്പ് വിപുലമായ ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് സന്നിധാനത്തെ വനംവകുപ്പ് സ്പെഷ്യൽ ഓഫീസർ ലിതേഷ് ടി പറയുന്നു. അംഗീകൃത പാമ്പ് പിടുത്തക്കാരും എലിഫന്റ് സ്കോഡുകളും ഉൾപ്പെടെയുള്ള വനപാലകർ തീർത്ഥാടകരുടെ സുരക്ഷയ്ക്കായി ഉണ്ട്. അപകടാവസ്ഥയിലുള്ള മരച്ചില്ലുകളും കല്ലുകളും മാറ്റി. സന്നിധാനത്ത് നിന്ന് മാത്രം 93 പന്നികളെ പിടികൂടി ഉൾവനത്തിൽ വിട്ടു.