
കാലിഫോര്‍ണിയ: ശാസ്ത്രലോകത്തിന് ഒരേസമയം ആശങ്കയും ആകാംക്ഷയും സമ്മാനിച്ച് കൂറ്റന്‍ ഛിന്നഗ്രഹം (2006 ഡബ്ല്യൂബി) ഭൂമിക്ക് അരികിലേക്ക് പാഞ്ഞടുക്കുന്നു. ഒരു ബഹുനില കെട്ടിടത്തിന്റെ വലിപ്പമുള്ള ഈ ഛിന്നഗ്രഹത്തെ കുറിച്ച് നാസയുടെ ജെറ്റ് പ്രൊപല്‍ഷ്യന്‍ ലബോററ്ററി മുന്നറിയിപ്പ് നല്കി.
കാഴ്ചയില്‍ തന്നെ അസാധാരണമാണ് 2006 ഡബ്ല്യൂബി (Asteroid 2006 WB) എന്ന ഛിന്നഗ്രഹം. 310 അടി അഥവാ ഏകദേശം 94.488 മീറ്ററാണ് ഈ ഛിന്നഗ്രഹത്തിന്റെ വ്യാസം. ബഹുനില കെട്ടടത്തിന്റെ വലിപ്പം കണക്കാക്കുന്ന 2006 ഡബ്ല്യൂബി ഛിന്നഗ്രഹം അതിന്റെ യാത്രയില്‍ നവംബര്‍ 26ന് ഭൂമിക്ക് ഏറ്റവും അടുത്തുകൂടെ കടന്നുപോകും എന്ന് ജെറ്റ് പ്രൊപല്‍ഷ്യന്‍ ലബോററ്ററി നിരീക്ഷിക്കുന്നു. കറ്റാലിന സ്കൈ സര്‍വേ 2006ലാണ് ഈ നിയര്‍-എര്‍ത്ത് ഒബ്ജെക്റ്റിനെ കണ്ടെത്തിയത്.
2006 ഡബ്ല്യൂബി ഛിന്നഗ്രഹം ഭൂമിക്ക് വലിയ അപകടമുണ്ടാക്കാതെ കടന്നുപോകും എന്നാണ് ഛിന്നഗ്രഹത്തിന്റെ സഞ്ചാരപാത പിന്തുടരുന്ന നാസയുടെ അനുമാനം. നവംബര്‍ 26ന് ഭൂമിക്ക് ഏറ്റവും അടുത്തെത്തുമ്പോള്‍ പോലും ഇത് സുരക്ഷിത അകലത്തിലായിരിക്കും. അന്നേ ദിനം ഭൂമിക്ക് ഏറ്റവും അടുത്തെത്തുമ്പോള്‍ പോലും 554,000 മൈല്‍ അകലമുണ്ടാകും ഛിന്നഗ്രഹവും ഭൂമിയും തമ്മില്‍. അതിനാല്‍ ഭയത്തിന്റെ തെല്ലും ആവശ്യമില്ലെന്ന് വ്യക്തം.
ഭൂമിക്ക് 4.6 ദശലക്ഷം മൈല്‍ (75 ലക്ഷം കിലോമീറ്റര്‍) അടുത്തെത്തുന്ന ഛിന്നഗ്രഹങ്ങളെ കുറിച്ച് നാസ പതിവായി മുന്നറിയിപ്പ് നല്‍കാറുണ്ട്. ഈ അകലത്തിലെത്തുന്ന 150 മീറ്ററെങ്കിലും വലിപ്പമുള്ള ഛിന്നഗ്രഹങ്ങളേ ഭൂമിക്ക് ഭീഷണി സൃഷ്ടിക്കാന്‍ സാധ്യതയുള്ളൂ. നാസയുടെ കാലിഫോര്‍ണിയയിലെ ജെറ്റ് പ്രൊപല്‍ഷ്യന്‍ ലബോററ്ററിയാണ് ഇത്തരം ബഹിരാകാശ വസ്തുക്കളെ കുറിച്ച് പഠിക്കുകയും അവയുടെ പാത കൃത്യമായി നിരീക്ഷിക്കുകയും ചെയ്യുന്ന പ്രധാന ഏജന്‍സി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]