
വിദേശരാജ്യങ്ങളിൽ നിന്ന് വിദ്യാഭ്യാസവും മികച്ച ജോലികളും സ്വന്തമാക്കാനാണ് ഇന്ത്യയിലെ ഭൂരിഭാഗം യുവാക്കളും ശ്രമിക്കുന്നത്. ഇപ്പോഴിതാ ഇന്ത്യയിലെ യുവാക്കൾക്ക് വിവിധ തൊഴിലവസരങ്ങൾ ഒരുക്കിയിരിക്കുകയാണ് ഓസ്ട്രേലിയ. ഡിസംബർ മുതലാണ് യുവാക്കൾക്കായി രാജ്യം തൊഴിൽമേള സംഘടിപ്പിച്ചിരിക്കുന്നത്. ഇന്ത്യൻ സർവകലാശാലകളിൽ നിന്ന് ബിരുദമെടുത്ത യുവാക്കൾക്കാണ് ഇത്തവണ അവസരം ലഭിച്ചിരിക്കുന്നത്. മൊബിലിറ്റി അറേഞ്ച്മെന്റ് ഫോർ ടാലന്റഡ് ഏർലി പ്രൊഫഷണൽ സ്കീമാണ് (മേറ്റ്സ്) രണ്ട് വർഷത്തെ അവസരം ഒരുക്കിയിരിക്കുന്നത്.
എന്താണ് മേറ്റ്സ്?
കഴിഞ്ഞ വർഷം മേയിലാണ് ഓസ്ട്രേലിയയും ഇന്ത്യയും മൈഗ്രേഷൻ ആൻഡ് മൊബിലിറ്റി പാർട്ടർഷിപ്പ് അറേഞ്ച്മെന്റ് (എംഎംപിഎ) എന്ന പദ്ധതിയിൽ പങ്കാളികളായത്. രണ്ട് രാജ്യങ്ങളിലേക്കുളള കുടിയേറ്റവുമായി ബന്ധപ്പെട്ടുളള പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമുളള ഒരു പദ്ധതിയാണിത്. ഇതിന്റെ കീഴിൽ ഇന്ത്യയിലെ യുവാക്കളുടെ ഭാവി മെച്ചപ്പെടുത്തുന്നതിനും താൽക്കാലികമായി ഓസ്ട്രേലിയയിൽ ജോലി ചെയ്യുന്നതിനും ഒരുക്കിയ മറ്റൊരു പദ്ധതിയാണ് മേറ്റ്സ്. ഈ പദ്ധതി രണ്ട് രാജ്യങ്ങൾക്കും ഗുണം ചെയ്യുമെന്നാണ് നിലവിലെ വിലയിരുത്തൽ.
യോഗ്യത
1. 30നും അതിൽ താഴെ പ്രായമുളള ഏതൊരു ഇന്ത്യൻ പൗരനും അപേക്ഷിക്കാം.
2. മേറ്റ്സിൽ മുൻപ് അപേക്ഷിക്കാത്തവർക്കാണ് അവസരം.
3. ഇംഗ്ലീഷ് ഭാഷയിൽ നൈപുണ്യം ഉണ്ടായിരിക്കണം, ഐഇഎൽറ്റിഎസിൽ മികച്ച സ്കോറുണ്ടായിരിക്കണം.
4. യോഗ്യതയുളള വിദ്യാഭ്യാസ സ്ഥാപനത്തിൽ നിന്നും ബിരുദം നേടിയിരിക്കണം. റിന്യൂബിൾ എനർജി, മൈനിംഗ്, എഞ്ചിനീയറിംഗ്, ഇൻഫെർമേഷൻ കമ്യൂണിക്കേഷൻസ് ടെക്നോളജി (ഐസിറ്റി),ആർട്ടിഫിഷ്യൽ ഇന്റലിജെൻസ് (എഐ), ഫിനാൻഷ്യൽ ടെക്നോളജി (ഫിൻടെക്) എന്നിവയിൽ ബിരുദം നേടിയവർക്കാണ് അവസരം.
5. മേറ്റ്സിന്റെ ഭാഗമായി വിസയ്ക്ക് അപേക്ഷിക്കുന്നതിന് ഓസ്ട്രേലിയയിൽ തൊഴിൽ ചെയ്യുന്ന വ്യക്തിയുടെ സ്പോൺസർഷിപ്പ് ആവശ്യമില്ല.
6. ആദ്യം അപേക്ഷിക്കുന്നവർക്ക് നിരവധി സ്ഥലങ്ങളിലായി വിവിധ തൊഴിൽ മേളകളിൽ പങ്കെടുക്കാം.
7. യുവാക്കൾക്ക് മേറ്റ്സിലൂടെ പങ്കാളിയെയും കുട്ടികളെയും ഓസ്ട്രേലിയയിലേക്ക് കൊണ്ടുവരാനും സാധിക്കും. അങ്ങനെ എത്തുന്നവർക്കും രാജ്യത്ത് തൊഴിൽ ചെയ്യാനുളള അവകാശവും ലഭിക്കും. അതിന്റെ കാലാവധി എത്ര വർഷം വരെയുമാകാം.
വിസയുടെ കാലാവധി എങ്ങനെ ദീർഘിപ്പിക്കാം?
ഓസ്ട്രേലിയയിൽ രണ്ട് വർഷം ജോലി ചെയ്യാനാണ് മേറ്റ്സ് അവസരമൊരുക്കുന്നത്. വിസയുടെ കാലാവധി ദീർഘിപ്പിക്കുന്നതിന്, അപേക്ഷകൻ രാജ്യത്ത് സ്ഥിരതാമസമാക്കാനോ പൗരത്വം നേടാനോ ഉളള വിസയ്ക്ക് അപേക്ഷിച്ചാൽ മതി. ഒരു വ്യക്തിക്ക് ഒറ്റത്തവണ മാത്രമേ മേറ്റ്സിൽ അപേക്ഷിക്കാൻ സാധിക്കുകയുളളൂ.
ചിലവ്
പദ്ധതിയിൽ അപേക്ഷിക്കുന്നതിനുളള ചിലവും കൂടുതൽ വിവരങ്ങളും മേറ്റ്സ് ഉടൻ തന്നെ രാജ്യം പുറത്തുവിടും. ആശ്രിതരെ ഓസ്ട്രേലിയയിലേക്ക് കൊണ്ടുപോകുന്നതിന് അധികം പണവും അടയ്ക്കേണ്ടി വരും. ഡിസംബർ ആദ്യവാരം മുതലാണ് അപേക്ഷിക്കാനുളള സമയം ആരംഭിക്കുക.
പുതിയ വിസ പദ്ധതി
ഓസ്ട്രേലിയയിൽ അടുത്തിടെയാണ് വർക്കിംഗ് ഹോളിഡേ മേക്കർ വിസ പദ്ധതി നടപ്പിലാക്കിയത്. രണ്ടാഴ്ചയ്ക്കുളളിൽ 40,000 ഇന്ത്യക്കാരാണ് അപേക്ഷ നൽകിയതെന്ന് ഓസ്ട്രേലിയൻ ഇമിഗ്രേഷൻ മന്ത്രി മാറ്റ് തിസ്ലെത്ത്വെയ്റ്റ് അറിയിച്ചു. ഓസ്ട്രേലിയയിൽ ഇന്ത്യക്കാർക്ക് അവധിയാഘോഷിക്കുന്നതിനൊപ്പം പഠിക്കുന്നതിനും ജോലി ചെയ്യുന്നതിനും അവസരം നൽകുന്നതാണ് ഈ വിസ പദ്ധതി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
സെപ്റ്റംബർ 16നാണ് ഇന്ത്യ ഈ പദ്ധതിയിൽ ഔദ്യോഗികമായി ചേർന്നത്. 18നും 30നും ഇടയിൽ പ്രായമുള്ള ഇന്ത്യക്കാർക്ക് ഓസ്ട്രേലിയയിൽ ഒരു വർഷം വരെ താമസിക്കാനും ജോലി ചെയ്യാനും പഠിക്കാനും അനുവദിക്കുന്നതാണ് ഈ വിസ പദ്ധതി. ഇന്ത്യയിൽ നിന്നുള്ള യുവാക്കൾക്ക് ഓസ്ട്രേലിയൻ സംസ്കാരം പരിചയപ്പെടാനും വിവിധ മേഖലകളിൽ തൊഴിൽ ചെയ്യാനുളള അവസരവും പുതിയ പദ്ധതിയിലൂടെ നടക്കുമെന്ന് മന്ത്രി വ്യക്തമാക്കി.