
യുഎസ്എയിലെ യൂട്ടായിൽ നിന്നുള്ള ഒരു ട്രാവൽ നഴ്സാണ് കാമിൽ ഫാർൺബൗവർ. അടുത്തിടെയാണ് കാമിൽ തന്റെ 1.6 കാരറ്റ് ഡയമണ്ട് മോതിരം വിൽക്കാൻ തീരുമാനിച്ചത്. അത് വെറുമൊരു മോതിരം ആയിരുന്നില്ല. കാമിലിന്റെ വിവാഹനിശ്ചയ സമയത്ത് വരൻ അണിയിച്ചു കൊടുത്ത മോതിരം ആയിരുന്നു. ഭർത്താവ് അവളെ ഉപേക്ഷിച്ച് പോയതിന് പിന്നാലെയാണ് കാമിൽ ആ മോതിരം വിൽക്കാൻ തീരുമാനിച്ചത്. ഒരു അപകടത്തിൽ പരിക്കേറ്റതിനെ തുടർന്ന് അവൾക്ക് തന്റെ ജോലിയും ഉപേക്ഷിക്കേണ്ടി വന്നിരുന്നു. ഇതോടെ പണത്തിന് അത്യാവശ്യമായി വന്നു. അങ്ങനെയാണ് മോതിരം ഫേസ്ബുക്ക് മാർക്കറ്റ്പ്ലേസിൽ വിൽപനയ്ക്ക് വയ്ക്കുന്നത്.
മോതിരം വിൽപ്പനയ്ക്ക് വച്ചപ്പോൾ കാമിൽ കരുതിയിരുന്നത് മോതിരത്തിന്റെ വിലയും മറ്റ് വിവരങ്ങളും അന്വേഷിച്ചുകൊണ്ട് ശരിക്കും മോതിരം വാങ്ങാൻ ആഗ്രഹിക്കുന്ന ആളുകൾ മെസേജ് അയക്കും എന്നാണ്. എന്നാൽ, സംഭവിച്ചത് മറ്റൊന്നാണ്. കാമിൽ അത് തീരെ പ്രതീക്ഷിച്ചിട്ടുണ്ടായിരുന്നുമില്ല. നിരവധി പുരുഷന്മാരാണ് മോതിരം വിൽക്കാൻ വച്ചത് കണ്ട് കാമിലിന് മെസേജ് അയച്ചത്. എന്നാൽ, അവർക്കൊന്നും മോതിരം വേണ്ടിയിരുന്നില്ല. അവർ കാമിലിനോട് ചോദിച്ചത്, ഞാൻ നിങ്ങളെ ഡേറ്റിന് കൊണ്ടുപോകട്ടെ, ഞാൻ നിങ്ങളെ പ്രേമിക്കട്ടെ, ഞാൻ നിങ്ങളെ വിവാഹം കഴിക്കട്ടെ തുടങ്ങിയ ചോദ്യങ്ങളാണത്രെ.
ഭർത്താവ് ഉപേക്ഷിച്ച് പോയതിനാൽ തന്നെ കാമിൽ വളരെ അധികം വിഷമത്തിലായിരിക്കും എന്നും അവളുടെ ഹൃദയം തകർന്നിരിക്കുകയായിരിക്കും എന്നുമാണ് പല പുരുഷന്മാരും കരുതി വച്ചത്. ആ ഹൃദയവേദനയിൽ നിന്നും മോചനം കിട്ടാൻ , ആ സങ്കടങ്ങൾ പങ്ക് വയ്ക്കാൻ ഞാൻ വരട്ടെ എന്ന് ചോദിച്ചവരും ഉണ്ട്. ഒരാൾ അവൾക്ക് മെസേജ് അയച്ചത്, ‘എനിക്ക് ആ മോതിരം വേണ്ട. പകരം ഞാൻ നിങ്ങളെ ഡേറ്റിന് ക്ഷണിച്ചോട്ടെ’ എന്നാണ്. മറ്റൊരാൾ പറഞ്ഞത് ‘ഞാൻ ആ മോതിരം വാങ്ങാൻ ഉദ്ദേശിക്കുന്നില്ല. പകരം നിങ്ങളെന്നെ പുനർവിവാഹം ചെയ്യൂ. ആ സമയത്ത് ആ മോതിരം ഉപയോഗിക്കാം’ എന്നാണ്.
ഏതായാലും, പുരുഷന്മാരുടെ മെസ്സേജുകൾ കണ്ട് കാമിൽ ആകെ അന്തംവിട്ടുപോയി. അവൾ പറയുന്നത്, ഡേറ്റിംഗ് ആപ്പുകളൊക്കെ ഡിലീറ്റ് ചെയ്ത് ഫേസ്ബുക്ക് മാർക്കറ്റ്പ്ലേസ് ഉപയോഗിച്ചാലും മതി എന്നാണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം:
Last Updated Nov 21, 2023, 5:33 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]