‘കിട്ടിയ കടലാസ് ഉറപ്പ് തന്നെയാണല്ലോ രാമൻകുട്ടി…’; മുഖ്യമന്ത്രിയുടെ വാക്കുകൾ കേട്ടപ്പോൾ പാലക്കാട് പ്ലാച്ചിക്കാട് സ്വദേശി പി. രാമൻകുട്ടിക്ക് പൂർണവിശ്വാസം.
“മുഖ്യമന്ത്രി എന്നോടൊപ്പം” സിറ്റിസൺ കണക്ട് സെന്ററിൽ നൽകിയ പരാതിയിൽ പരിഹാരം അറിയിക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയൻ അദ്ദേഹത്തെ നേരിട്ട് ഫോണിൽ വിളിച്ചത്. ചെത്തുതൊഴിലാളി പെൻഷൻ കുടിശ്ശിക ലഭിക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു രാമൻകുട്ടിയുടെ പരാതി.
കുടിശ്ശിക തുക നവംബർ ആദ്യവാരം വിതരണം ചെയ്യാൻ ക്ഷേമനിധി ബോർഡ് തീരുമാനിച്ച കാര്യം മുഖ്യമന്ത്രി അറിയിച്ചു. ഇതുസംബന്ധിച്ച അറിയിപ്പ് കത്ത് ലഭിച്ചോ എന്ന് മുഖ്യമന്ത്രി ചോദിച്ചപ്പോൾ കിട്ടിയെന്ന് രാമൻകുട്ടി മറുപടി നൽകി.
തുക ഉറപ്പായും കിട്ടുമോ എന്ന ആശങ്ക പങ്കുവെച്ചപ്പോഴാണ് മുഖ്യമന്ത്രിയുടെ ഉറപ്പ് നിറഞ്ഞ മറുപടി വന്നത്. “മുഖ്യമന്ത്രി എന്നോടൊപ്പം” സിറ്റിസൺ കണക്ട് സെന്ററിൽ ലഭിച്ച പരാതികളിൽ നടപടി പൂർത്തിയായവരെയാണ് മുഖ്യമന്ത്രി നേരിട്ട് വിളിച്ച് വിവരങ്ങൾ അറിയിച്ചത്.
പോത്തൻകോട് സ്വദേശിനി ശരണ്യയുമായാണ് അദ്ദേഹം ആദ്യം സംസാരിച്ചത്. മകളെ അൺ എയ്ഡഡ് സ്കൂളിൽ നിന്ന് പോത്തൻകോട് ഗവൺമെന്റ് യുപിഎസിലേക്ക് മാറ്റിയപ്പോൾ, സമ്പൂർണ സോഫ്റ്റ്വെയറിൽ ആധാർ നമ്പർ ചേർക്കാൻ കഴിയാത്തതിലെ ബുദ്ധിമുട്ടാണ് ശരണ്യ പരാതിയായി ഉന്നയിച്ചത്.
പരാതിയിൽ ഉടൻ നടപടിയെടുക്കാൻ കണിയാപുരം എഇഒ-യ്ക്ക് നിർദേശം നൽകുകയും പ്രശ്നം പരിഹരിക്കുകയും ചെയ്തിരുന്നു. അതിവേഗം നടപടിയുണ്ടായതിലുള്ള സന്തോഷം ശരണ്യ മുഖ്യമന്ത്രിയെ അറിയിച്ചു.
തൃശ്ശൂർ കൈനൂരിലെ മൈത്രി റോഡിന്റെ നിർമ്മാണം ടെൻഡർ നടപടികൾക്ക് ശേഷവും വൈകുന്നതിനെതിരെ ഗോകുലൻ എന്നയാൾ നൽകിയ പരാതിയിലും അതിവേഗ പരിഹാരമുണ്ടായി. പരാതിയെ തുടർന്ന് റോഡിന്റെ നിർമ്മാണം പൂർത്തിയാക്കാൻ ബന്ധപ്പെട്ട
ഉദ്യോഗസ്ഥർക്ക് കർശന നിർദ്ദേശം നൽകി. റോഡ് സഞ്ചാരയോഗ്യമായതിലുള്ള നന്ദി ഗോകുലൻ മുഖ്യമന്ത്രിയെ അറിയിച്ചു.
‘ബോട്ട് ഓടിത്തുടങ്ങിയില്ലേ’; വർഗീസിനെ വിളിച്ച് മുഖ്യമന്ത്രി നിർത്തിവെച്ചിരുന്ന നെടുമുടി-ചമ്പക്കുളം ബോട്ട് സർവീസ് പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് ആലപ്പുഴ ചമ്പക്കുളം സ്വദേശി വർഗീസ് നൽകിയ പരാതിയിലും നടപടിയായി. ‘ബോട്ട് ഓടിത്തുടങ്ങിയില്ലേ?’ എന്ന് മുഖ്യമന്ത്രി ചോദിച്ചപ്പോൾ, വിദ്യാർത്ഥികളടക്കമുള്ളവരുടെ യാത്രാദുരിതം അവസാനിച്ചെന്നും സർവീസ് പുനരാരംഭിച്ചതിലും നേരിട്ട് വിളിച്ചതിലും സന്തോഷമുണ്ടെന്നും വർഗീസ് മറുപടി നൽകി.
തിരുവനന്തപുരം നാലാഞ്ചിറ സ്വദേശി മാത്തുക്കുട്ടിയുടെ സന്തോഷത്തിനും മുഖ്യമന്ത്രിയുടെ ഫോൺ കോൾ കാരണമായി. ഇരട്ടക്കുട്ടികൾക്ക് പിഎസ്സി അപേക്ഷയ്ക്കായി ഇഡബ്ല്യുഎസ് സർട്ടിഫിക്കറ്റ് ലഭിക്കാൻ വൈകുന്നതായിരുന്നു മാത്തുക്കുട്ടിയുടെ പരാതി.
മൂന്ന് വില്ലേജ് ഓഫീസുകളിൽ നിന്ന് റിപ്പോർട്ട് വേണ്ടിയിരുന്ന സർട്ടിഫിക്കറ്റ്, പരാതി നൽകി മൂന്നാം ദിവസം തന്നെ ഉള്ളൂർ വില്ലേജ് ഓഫീസിൽ നിന്ന് ലഭ്യമാക്കി. മുഖ്യമന്ത്രിയുടെ ശബ്ദം കേൾക്കുന്നത് തന്നെ വലിയ ആശ്വാസമാണെന്നും വിളിച്ചതിൽ അതിയായ സന്തോഷമുണ്ടെന്നും മാത്തുക്കുട്ടി പറഞ്ഞു.
ബുധനാഴ്ച ഉച്ചയോടെ വെള്ളയമ്പലത്തുള്ള സിറ്റിസൺ കണക്ട് സെന്ററിലെത്തിയ മുഖ്യമന്ത്രി, പദ്ധതിയുടെ പ്രവർത്തനങ്ങൾ വിലയിരുത്തുകയും ജീവനക്കാരുമായി ആശയവിനിമയം നടത്തുകയും ചെയ്തു. ഇൻഫർമേഷൻ-പബ്ലിക് റിലേഷൻസ് സ്പെഷ്യൽ സെക്രട്ടറി ഡോ.
എസ്. കാർത്തികേയൻ, ഡയറക്ടർ ടി.വി.
സുഭാഷ് എന്നിവർ മുഖ്യമന്ത്രിക്ക് സെന്ററിന്റെ പ്രവർത്തനങ്ങൾ വിശദീകരിച്ചു നൽകി. FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

