
കൽപ്പറ്റ: വയനാട് ലോക്സഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനായി വയനാട്ടിലെത്തിയ പ്രിയങ്ക ഗാന്ധി വോട്ടറുടെ വീട് അപ്രതീക്ഷിതമായി സന്ദർശിച്ചു. കരുമാംകുളം ത്രേസ്യയുടെ വീട്ടിലാണ് പ്രിയങ്ക എത്തിയത്. ത്രേസ്യയുടെ വിമുക്ത ഭടനായ മകൻ പ്രിയങ്ക ഗാന്ധിയുടെ വാഹന വ്യൂഹം കണ്ട് കൈ കാണിച്ച് നിർത്തിയിരുന്നു. തന്നോട് സംസാരിച്ച പ്രിയങ്കയോട് തൻ്റെ അമ്മയെ കുറിച്ച് കോൺഗ്രസ് പ്രവർത്തകൻ കൂടിയായ ഇദ്ദേഹം പറഞ്ഞതോടെ വീട് എവിടെയെന്ന് ചോദിച്ച് പ്രിയങ്ക ഗാന്ധി വാഹനം അങ്ങോട്ടേക്ക് എടുക്കാൻ നിർദ്ദേശം നൽകുകയായിരുന്നു.
പ്രധാന പാതയിൽ നിന്ന് 200 മീറ്റർ അകലെയുള്ള വീട്ടിലേക്ക് വാഹനം ചെന്നു. വീട്ടിലേക്ക് കയറിയ പ്രിയങ്ക, അകത്തെ മുറിയിലെത്തി സോഫയിൽ ഇരുന്നു. വിവരമറിഞ്ഞ് നാട്ടുകാരും ബന്ധുക്കളും വീട്ടിലേക്ക് ഓടിയെത്തി. ഏറെ നേരം ത്രേസ്യയുമായി സംസാരിച്ച് തൻ്റെ മൊബൈൽ നമ്പർ കൈമാറിയ ശേഷം വയനാട്ടിൽ തനിക്ക് പുതിയൊരു സുഹൃത്തിനെ കൂടി കിട്ടിയെന്ന് പറഞ്ഞ് സ്നേഹം പങ്കുവച്ചാണ് പ്രിയങ്ക ഗാന്ധി മടങ്ങിയത്. പ്രിയങ്ക താമസിക്കുന്ന ഹോട്ടലിന് അടുത്തുള്ള വീട്ടിലെ താമസക്കാരാണ് ഇവർ.
വയനാട് ലോക്സഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി കന്നിയങ്കത്തിനിറങ്ങുകയാണ് പ്രിയങ്ക ഗാന്ധി വദ്ര. പത്രികാ സമർപ്പണത്തിനും പ്രചാരണത്തിനുമായാണ് അവർ ഇന്ന് വയനാട്ടിലെത്തിയത്. അമ്മ സോണിയ ഗാന്ധി, ഭർത്താവ് റോബർട് വദ്ര, മകൻ രെഹാനും പ്രിയങ്കയ്ക്ക് ഒപ്പമുണ്ട്. മഹാരാഷ്ട്ര തെരഞ്ഞെടുപ്പിൻ്റെ തിരക്കിലായതിനാൽ രാഹുൽ ഗാന്ധിക്ക് ഇന്ന് എത്തിച്ചേരാനായില്ല. അദ്ദേഹം നാളെ വയനാട്ടിലെത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെയും നാളെയെത്തും. നാളെ റോഡ് ഷോയോടെ പ്രിയങ്ക ഗാന്ധി പ്രചാരണം തുടങ്ങും. പത്ത് ദിവസം നീളുന്ന പ്രചാരണ പരിപാടിയുടെ ഭാഗമായി പ്രിയങ്ക ഗാന്ധി വയനാട്ടിൽ തന്നെ തുടരും. നാളെയാണ് പത്രിക സമർപ്പിക്കുക. ഇത് വലിയ ആഘോഷമാക്കി മാറ്റാനാണ് നേതാക്കളും അണികളും തയ്യാറെടുക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]