
.news-body p a {width: auto;float: none;}
കൊല്ലം: പൊലീസുകാരുടെ മാനസിക സമ്മർദ്ദങ്ങൾക്ക് പരിഹാരം കാണാൻ രൂപം നൽകിയ ഹാറ്റ്സ് (ഹെൽപ്പ് ആൻഡ് അസിസ്റ്റൻസ് ടു ടാക്കിൾ സ്ട്രെസ്) പദ്ധതിയിൽ, ആറു മാസത്തിനിടെ ജില്ലയിൽ ഗുണഭോക്താക്കളായി മാറിയത് നൂറിലധികം പൊലീസുകാരും കുടുംബാംഗങ്ങളും. സംസ്ഥാനത്ത് പദ്ധതി ആരംഭിച്ചിട്ട് വർഷങ്ങൾ പിന്നിട്ടെങ്കിലും ജില്ലയിൽ തുടങ്ങിയത് ആറു മാസം മുമ്പാണ്.
ഹാറ്റ്സിന്റെ സഹായം തേടുന്നവരിൽ ഭൂരിഭാഗവും 35- 45 പ്രായമുള്ളവരാണ്. കൊല്ലം, തിരുവനന്തപുരം, കണ്ണൂർ, തൃശൂർ, കൊച്ചി, കോഴിക്കോട് കമ്മിഷണറേറ്റുകളിലെ ഡിജിറ്റൽ ഡീ അഡിക്ഷൻ സെന്ററുകളിലുള്ള (ഡി- ഡാഡ്) സൈക്കോളജിസ്റ്റിന്റെ സേവനമാണ് ഹാറ്റ്സിന് വേണ്ടി പ്രയോജനപ്പെടുത്തുക. കൊല്ലം ചാമക്കട പഴയ ട്രാഫിക്ക് പൊലീസ് സ്റ്റേഷനിലാണ് ജില്ലയിലെ ഡി- ഡാഡ് സെന്റർ പ്രവർത്തിക്കുന്നത്. തിങ്കൾ മുതൽ ശനിവരെ രാവിലെ 10 മുതൽ 5 വരെ പ്രവർത്തനം. മാനസിക പിരിമുറുക്കമുള്ളവർക്ക് സ്വമേധയോ ഉന്നത ഉദ്യോഗസ്ഥരുടെ നിർദ്ദേശപ്രകാരമോ ഹാറ്റ്സിലെ കൗൺസലിംഗ് പ്രയോജനപ്പെടുത്താം.
ഹാറ്റ്സിലെത്തുന്ന ഭൂരിഭാഗം പൊലീസുകാരുടെയും പ്രശ്നം അമിത ജോലിഭാരവും കുടുംബ പ്രശ്നങ്ങളുമാണ്. മിക്ക സ്റ്റേഷനുകളിലും ആവശ്യത്തിന് പൊലീസുകാരില്ല. വനിതാ പൊലീസുകാർക്ക് കുടുംബവുമായി സമയം ചെലവഴിക്കാനും കുട്ടികളുടെ കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും പറ്റാത്തതാണ് പ്രധാന വിഷയങ്ങൾ. പുരുഷ പൊലീസുകാരിൽ സാമ്പത്തിക പ്രശ്നങ്ങൾ , കുടുംബ പ്രശ്നങ്ങൾ, ജോലിസമ്മർദ്ദം, വേണ്ട സമയത്ത് അവധി ലഭിക്കുന്നില്ല എന്നിവയും മുന്നിട്ടു നിൽക്കുന്നു. പ്രശ്നങ്ങളെക്കുറിച്ച് സംസാരിക്കാൻ സൈക്കോളജിസ്റ്റും പ്രൊജക്റ്റ് കോ ഓർഡിനേറ്ററും പൊലീസ് കോ ഓർഡിനേറ്ററും അടങ്ങുന്ന ഒരു ടീമാണ് പ്രവർത്തിക്കുന്നത്. തുടർച്ചയായി കൗൺസിലിംഗ് നൽകുന്നുണ്ട്.
ആശങ്കയില്ലാതെ കടന്നുവരാം
കൗൺസിലിംഗിന് വിധേയരാകുന്നവരുടെ വിവരങ്ങൾ അതീവ രഹസ്യം
ഹാറ്റ്സിലെ സൈക്കോളജിസ്റ്റ് അല്ലാതെ മറ്റാരുമായും വിവരങ്ങൾ പങ്കിടില്ല
എല്ലാമാസവും എത്തുന്നവരുടെ എണ്ണം ഹെഡ്ക്വാർട്ടേഴ്സിലേക്ക് നൽകും
മറ്റൊരു വിവരങ്ങളും വെളിപ്പെടുത്തില്ല
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
അതിനാൽ പൊലീസുകാരുടെ സ്വകാര്യതയെ ബാധിക്കില്ല