ധരംശാല: ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ ന്യൂസിലന്‍ഡിന് എതിരായ മത്സരത്തിന് മുമ്പ് ടീം ഇന്ത്യക്ക് ആശ്വാസം. നെറ്റ്സിനിടെ കഴിഞ്ഞ ദിവസം കൈക്കുഴയ്ക്ക് പരിക്കേറ്റ സൂര്യകുമാര്‍ യാദവ് കിവീസിന് എതിരെ കളിക്കുമെന്ന് ദി ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. പേസര്‍ മുഹമ്മദ് ഷമിയും പ്ലേയിംഗ് ഇലവനിലെത്തും എന്നാണ് റിപ്പോര്‍ട്ട്. ഇരുവര്‍ക്കും ഈ ലോകകപ്പില്‍ ഇതുവരെ അവസരം ലഭിച്ചിരുന്നില്ല.
ശനിയാഴ്ച നടന്ന പരിശീലന സെഷനിടെ കൈയില്‍ പന്ത് കൊണ്ട സൂര്യകുമാര്‍ യാദവ് വേദനയോടെ മൈതാനം വിട്ടത് വലിയ ആശങ്കയുണ്ടാക്കിയിരുന്നു. സൂര്യയുടെ കൈയില്‍ ഐസ് പാക്ക് വെക്കുന്നതിന്റെയും അദേഹം വേദന കൊണ്ട് പുളയുന്നതിന്റെയും വീഡിയോകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ സൂര്യ ഇന്ന് ന്യൂസിലന്‍ഡിന് എതിരെ ഇറങ്ങും എന്ന ശുഭ വാര്‍ത്തയാണ് പുറത്തുവരുന്നത്. പരിക്കേറ്റ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ മത്സരത്തിലുണ്ടാവില്ല എന്നുറപ്പായതോടെ പകരം ബാറ്റിംഗില്‍ സൂര്യകുമാറിലും ബൗളിംഗില്‍ മുഹമ്മദ് ഷമിയിലും പ്രതീക്ഷയര്‍പ്പിക്കുകയാണ് ഇന്ത്യന്‍ ടീം. മുഹമ്മദ് ഷമി പ്ലേയിംഗ് ഇലവനിലെത്തുന്നതോടെ ഷര്‍ദ്ദുല്‍ താക്കൂറിന്റെ സ്ഥാനം ബഞ്ചിലാവും. അതേസമയം ഇന്നലെ പരിശീലനത്തിനിടെ തലയ്ക്ക് പിന്നില്‍ തേനീച്ചയുടെ കുത്തേറ്റ ഇഷാന് കിഷന്റെ ആരോഗ്യാവസ്ഥ സംബന്ധിച്ച് അപ്ഡേറ്റുകളൊന്നും പുറത്തുവന്നിട്ടില്ല.
ഹിമാചല്‍പ്രദേശിലെ ധരംശാലയിൽ ഉച്ചയ്ക്ക് രണ്ട് മണിക്കാണ് ഇന്ത്യ-ന്യൂസിലന്‍ഡ് പോരാട്ടം ആരംഭിക്കുക. ടൂര്‍ണമെന്റിലെ ഏറ്റവും വാശിയേറിയ മത്സരങ്ങളിലൊന്നാണ് ഇന്ന് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. ലോകകപ്പില്‍ ഇതിനകം കളിച്ച നാല് മത്സരങ്ങളും ജയിച്ച ടീമുകളാണ് ഇന്ത്യയും ന്യൂസിലന്‍ഡും. ഇന്ന് ന്യൂസിലന്‍ഡിനെതിരെ വിജയിച്ചാല്‍ ഇന്ത്യക്ക് പോയിന്റ് പട്ടികയില്‍ ഒന്നാംസ്ഥാനത്തെത്താം.
ഇന്ത്യന്‍ സാധ്യതാ ഇലവന്
രോഹിത് ശര്‍മ്മ(ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), സൂര്യകുമാര്‍ യാദവ്, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി, ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
Last Updated Oct 22, 2023, 12:59 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]