
കോട്ടയം: രാത്രിയുടെ മറവിൽ സംഘം ചേർന്ന് ചാരായം വാറ്റിയ യുവാക്കൾ എക്സൈസ് പിടിയിൽ. കോട്ടയം പേരൂർ സ്വദേശികളായ വിനീത് ബിജു, അമൽ എം എസ്, വൈക്കം സ്വദേശി കണ്ണൻ വി എം എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഐ ബി വിവരത്തിന്റെ അടിസ്ഥാനത്തിൽ, പുലർച്ചെ 1.30 മണി സമയത്ത് പേരൂർ സ്വദേശി ഉണ്ണി എന്ന് വിളിക്കുന്ന ഹരിപ്രസാദിൻറെ വീട്ടിൽ നടത്തിയ റെയ്ഡിൽ മൂന്ന് ലിറ്റർ ചാരായം, 75 ലിറ്റർ കോട, വാറ്റുപകരണങ്ങൾ എന്നിവ സഹിതമാണ് ഇവരെ അറസ്റ്റ് ചെയ്തത്.
പരിശോധനയ്ക്ക് എത്തിയ എക്സൈസ് സംഘത്തിന് നേരെ വളർത്തു നായ്ക്കളെ അഴിച്ചുവിട്ട് ഭയപ്പെടുത്തിയെങ്കിലും ഉദ്യോഗസ്ഥർ നായ്ക്കളെ വരുതിയിലാക്കി വീട്ടിൽ കയറി. ഇതോടെ ചാരായ വാറ്റിന് നേതൃത്വം കൊടുത്തിരുന്ന വീട്ടുടമസ്ഥൻ ഉണ്ണി എക്സൈസ് ഉദ്യോഗസ്ഥരെ ആക്രമിച്ചു ഓടി രക്ഷപ്പെട്ടു. മറ്റുള്ളവരെ ഏറെ ശ്രമപ്പെട്ടു എക്സൈസ് ഉദ്യോഗസ്ഥർ കീഴടക്കി. വീട്ടുടമയുമായുള്ള സംഘര്‍ഷത്തില്‍ സാരമായി പരിക്കേറ്റ പ്രിവന്റീവ് ഓഫീസർ അനു വി ഗോപിനാഥ് ഓഫീസിലെത്തിയ ശേഷം വൈദ്യസഹായം തേടി.
അതേസമയം, കണ്ണൂർ കൂട്ടുപുഴ ചെക്പോസ്റ്റിൽ നിന്ന് എക്സൈസ് വൻ തോതില്‍ മയക്കുമരുന്ന് പിടിച്ചെടുത്തിരുന്നു. അതിമാരക മയക്കുമരുന്നായ 105 ഗ്രാം എംഡിഎംഎയുമായി കോഴിക്കോട് സ്വദേശിയാണ് അറസ്റ്റിലായത്. കല്ലായി സ്വദേശി ഹുസ്നി മുബാറക് ആണ് എക്സൈസിന്റെ പിടിയിലായത്. ബെംഗളൂരുവിൽ നിന്ന് ബൈക്കിൽ കൊണ്ടുവരികയായിരുന്നു മയക്കുമരുന്ന്. കോഴിക്കോട് ജില്ലയിലെ മയക്കുമരുന്ന് കച്ചവട സംഘത്തിലെ പ്രധാനിയാണ് ഹുസ്നി മുബാറക്കെന്ന് എക്സൈസ് പറഞ്ഞു.
മയക്കുമരുന്ന് കടത്ത് നടക്കുന്നുണ്ടെന്ന രഹസ്യവിവരത്തെതുടര്‍ന്ന് എക്സൈസ് സംഘം കൂട്ടുപുഴ ചെക്ക് പോസ്റ്റില്‍ നടത്തിയ പരിശോധനയിലാണ് കല്ലായി സ്വദേശി പിടിയിലായത്. ബെംഗളൂരുവില്‍നിന്ന് ബൈക്കിലെത്തിയ ഇയാളെ എക്സൈസ് വിശദമായി പരിശോധിക്കുകയായിരുന്നു. തുടര്‍ന്നാണ് വലിയ അളവില്‍ എംഡിഎംഎ ഇയാളില്‍നിന്നും എക്സൈസ് സംഘം പിടിച്ചെടുത്തത്. സംഭവത്തില്‍ യുവാവിന്റെ അറസ്റ്റ് രേഖപ്പെടുത്തി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]