
മുംബൈ: ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയോട് 229 റണ്‍സിന്റെ കനത്ത തോല്‍വി നേരിട്ടതോടെ ഇംഗ്ലണ്ട് അതിസമ്മര്‍ദത്തില്‍. നാല് മത്സരങ്ങളില്‍ ഒന്ന് മാത്രം ജയിക്കാനായ ഇംഗ്ലണ്ടിന് രണ്ട് പോയിന്റുകള്‍ മാത്രമാണ് അക്കൗണ്ടിലുള്ളത്. ഇതോടെ ഇനിയുള്ള എല്ലാ മത്സരങ്ങളിലും നിലവിലെ ചാമ്പ്യന്മാര്ക്ക് നിര്‍ണായകമായി.
ടൂര്‍ണമെന്റിലെ ഫേവറൈറ്റുകള്‍ ഒന്നായാണ് ഇംഗ്ലണ്ട് ക്രിക്കറ്റ് ലോകകപ്പിനായി ഇന്ത്യയിലേക്ക് വണ്ടി കയറിയത്. എന്നാല്‍ നാല് മത്സരം പൂര്‍ത്തിയായപ്പോള്‍ വെറും രണ്ട് പോയിന്റുമായി 10 ടീമുകളുടെ ടൂര്‍ണമെന്റില്‍ 9-ാം സ്ഥാനത്ത് കിതയ്ക്കുകയാണ് ജോസ് ബട്ലറും സംഘവും. എട്ട് പോയിന്റ് വീതമുള്ള ന്യൂസിലന്‍ഡും ഇന്ത്യയുമാണ് യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങളില്‍. നെറ്റ് റണ്‍റേറ്റിന്റെ മുന്‍തൂക്കം കിവികള്‍ക്കുണ്ട്. ഇംഗ്ലണ്ടിനെ തരിപ്പണമാക്കിയതോടെ മൂന്നാമതുള്ള ദക്ഷിണാഫ്രിക്കയ്ക്ക് ആറ് പോയിന്റായി. മുന്‍ ജേതാക്കളായ ഓസ്ട്രേലിയയും പാകിസ്ഥാനും നാല് പോയിന്റ് വീതവുമായി നാലും അഞ്ചും സ്ഥാനങ്ങളില്‍ നില്ക്കുന്നു. രണ്ട് പോയിന്റ് വീതമുള്ള ബംഗ്ലാദേശ് ആറും നെതര്‍ലന്‍ഡ്സ് ഏഴും ശ്രീലങ്ക എട്ടും സ്ഥാനങ്ങളിലാണ്. രണ്ട് പോയിന്റോടെ ഒന്‍പതാമതുള്ള ഇംഗ്ലണ്ടിന് പിന്നില്‍ അത്രതന്നെ പോയിന്റുള്ള അഫ്ഗാനിസ്ഥാന് മാത്രമാണുള്ളത്.
നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടിന് ഇനിയുള്ള എല്ലാ മത്സരങ്ങളും ജയിക്കാതെ സെമി പ്രതീക്ഷ നിലനിര്‍ത്താനാവില്ല. നെറ്റ് റണ്‍റേറ്റാണ് ഇംഗ്ലണ്ടിന് ഏറ്റവും പ്രതികൂലമായ ഘടകം. ദക്ഷിണാഫ്രിക്കയോട് 229 റണ്‍സിന് തോല്‍വി വഴങ്ങിയതോടെ ഇംഗ്ലണ്ടിന്റെ നെറ്റ് റണ്‍റേറ്റ് -1.248 ആയി കുറഞ്ഞു. ടൂര്‍ണമെന്റിലെ ആദ്യ മത്സരത്തില്‍ കഴിഞ്ഞ തവണ ഫൈനലില്‍ തോല്പിച്ച ന്യൂസിലന്‍ഡിനോട് 9 വിക്കറ്റിന് തോറ്റാണ് ഇംഗ്ലണ്ട് ഇക്കുറി തുടങ്ങിയത്. കുഞ്ഞന്മാരായ അഫ്ഗാനോട് 69 റണ്‍സിനും തോറ്റപ്പോള്‍ ബംഗ്ലാദേശിനെ 137 റണ്‍സിന് തോല്പിച്ചത് മാത്രമാണ് ഇംഗ്ലണ്ടിന്റെ അക്കൗണ്ടിലുള്ള ജയം. നേരിയ നെറ്റ് റണ്‍റേറ്റിന്റെ മുന്‍തൂക്കത്തില്‍ തലനാരിഴയ്ക്കാണ് ഇംഗ്ലണ്ട് പത്താം സ്ഥാനത്താകാതെ രക്ഷപ്പെട്ടത്.
Last Updated Oct 22, 2023, 7:26 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]