
ധരംശാല: ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ തുടര്‍ച്ചയായ അഞ്ചാം ജയം തേടി ടീം ഇന്ത്യ ഇന്നിറങ്ങും. ടൂര്‍ണമെന്റിൽ തോൽവി അറിയാതെ മുന്നേറുന്ന ന്യൂസിലൻഡ് ആണ് എതിരാളികൾ. ഹിമാചല്‍പ്രദേശിലെ ധരംശാലയിൽ ഉച്ചയ്ക്ക് രണ്ട് മണിക്കാണ് മത്സരം ആരംഭിക്കുക. ലോകകപ്പില്‍ ഇതിനകം കളിച്ച നാല് മത്സരങ്ങളും ജയിച്ച ടീമുകളാണ് ഇന്ത്യയും ന്യൂസിലന്‍ഡും. ഇന്ന് ന്യൂസിലന്‍ഡിനെതിരെ വിജയിച്ചാല്‍ ഇന്ത്യക്ക് പോയിന്റ് പട്ടികയില്‍ ഒന്നാംസ്ഥാനത്തെത്താം.
ഇന്ത്യയുടെ പ്ലേയിംഗ് ഇലവനില്‍ രണ്ട് മാറ്റങ്ങള്‍ പ്രതീക്ഷിക്കുന്നു. പരിക്കേറ്റ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയുടെ അഭാവമാണ് ടീമിന് വലിയ ആശങ്ക. പാണ്ഡ്യക്ക് പകരം മധ്യനിര ബാറ്റര്‍ സൂര്യകുമാര്‍ യാദവും പേസര്‍ ഷര്‍ദ്ദുല്‍ താക്കൂറിന് പകരം മുഹമ്മദ് ഷമിയും കളിച്ചേക്കും. എന്നാല്‍ ഇന്നലെ പരിശീലനത്തിനിടെ സൂര്യക്ക് പരിക്കേറ്റത് നേരിയ ആശങ്കയാണ്. പരിക്ക് ഗൗരവമുളളതല്ല എന്നാണ് ടീം വൃത്തങ്ങള്‍ നല്കുന്ന സൂചന. ന്യൂസിലന്‍ഡ് നിരയിലും മാറ്റത്തിന് സാധ്യതയുണ്ട്. പേസും സ്വിങും മുതലാക്കാന്‍ ടിം സൗത്തിയെ കളിപ്പിക്കാന്‍ കിവികള്‍ മുതിര്‍ന്നേക്കും. മത്സരം സ്റ്റാര്‍ സ്പോര്‍ട്സിലൂടെയും ഡിസ്നി+ഹോട്സ്റ്റാര് വഴിയും തല്‍സമയം കാണാം.
പേസര്‍മാര്‍ക്ക് മുന്‍തൂക്കമുള്ള പിച്ചാണ് ധരംശാലയിലേത്. ഈ ലോകകപ്പിന്റെ വേദികളില്‍ ഏറ്റവും കൂടുതല്‍ സ്വിങ്ങുള്ള പിച്ചാണ് ധരംശാല. അതേസമയം ധരംശാലയിലെ ഔട്ട്ഫീല്‍ഡിന് നിലവാരം പോരെന്നും താരങ്ങള്‍ക്ക് പരിക്കേല്‍ക്കാന്‍ സാധ്യതയുണ്ടെന്നുമുള്ള വിമര്‍ശനം ശക്തമാണ്. ധരംശാലയില്‍ ഇതിന് മുമ്പ് നടന്ന മത്സരം ദക്ഷിണാഫ്രിക്കയും നെതര്‍ലന്‍ഡ്സും തമ്മിലായിരുന്നു. ടൂര്‍ണമെന്റിലെ ഫേവറൈറ്റുകളിലൊന്നായ പ്രോട്ടീസിനെ നെതര്‍ലന്‍ഡ് 38 റണ്‍സിന് അട്ടിമറിച്ച ചരിത്രം രണ്ടാമത് ബാറ്റ് ചെയ്യുന്ന ടീമിനെ ആശങ്കപ്പെടുത്തും. മത്സരത്തില്‍ ഭൂരിഭാഗം വിക്കറ്റുകളും സ്വന്തമാക്കിയത് പേസര്‍മാരായിരുന്നു.
ഇന്ത്യന്‍ സാധ്യതാ ഇലവന്
രോഹിത് ശര്‍മ്മ(ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), സൂര്യകുമാര്‍ യാദവ്, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി, ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്.
Last Updated Oct 22, 2023, 8:13 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]