കൊച്ചി: കേരളത്തിൽ നിക്ഷേപം നടത്താൻ ന്യൂജേഴ്സി സന്നദ്ധത അറിയിച്ചു. ഗവർണർ ഫിലിപ്പ് ഡി മർഫിയാണ് കൊച്ചിയിൽ നടന്ന ബിസിനസ് പാർട്ണർഷിപ്പ് മീറ്റിൽ ഇക്കാര്യം വ്യക്തമാക്കിയത്.
ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിൽ ഈ കൂടിക്കാഴ്ച നിർണായകമാകുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ ചർച്ചയിൽ ഉന്നത വിദ്യാഭ്യാസം, തൊഴിൽ തുടങ്ങിയ മേഖലകളിലെ നിക്ഷേപ സാധ്യതകൾക്ക് ന്യൂജേഴ്സി ഭരണകൂടം താൽപ്പര്യം അറിയിച്ചു.
കേരളം ഒരു മികച്ച നിക്ഷേപ സംസ്ഥാനമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ ശക്തനായ ഒരു ഭരണാധികാരിയാണെന്നും ഫിലിപ്പ് ഡി മർഫി അഭിപ്രായപ്പെട്ടു. തന്റെ ഭരണകാലത്ത് 3000-ൽ അധികം ഇന്ത്യക്കാർക്ക് ന്യൂജേഴ്സിയിൽ തൊഴിലവസരങ്ങൾ നൽകാൻ സാധിച്ചെന്നും, കൂടുതൽ അവസരങ്ങൾക്കായി ചർച്ചകൾ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ലുലു ഗ്രാൻഡ് ഹയാത്തിൽ നടന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ന്യൂജേഴ്സി ഭരണകൂടത്തെയും സംരംഭകരെയും കേരളത്തിലേക്ക് സ്വാഗതം ചെയ്ത മുഖ്യമന്ത്രി പിണറായി വിജയൻ, നിക്ഷേപത്തിന് ഏറ്റവും അനുയോജ്യമായ സാഹചര്യമാണ് സംസ്ഥാനത്ത് നിലവിലുള്ളതെന്ന് വ്യക്തമാക്കി.
നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങളും ആധുനിക തുറമുഖങ്ങളുമായി കേരളം മികച്ച അടിസ്ഥാന സൗകര്യങ്ങളൊരുക്കിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ചടങ്ങിൽ സ്വാഗതം ആശംസിച്ച നോർക്ക റൂട്ട്സ് വൈസ് ചെയർമാനും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം.എ.
യൂസഫലി, കേരളത്തിൽ നിക്ഷേപം നടത്താനുള്ള ന്യൂജേഴ്സിയുടെ തീരുമാനത്തെ അഭിനന്ദിച്ചു. മുഖ്യമന്ത്രിയുടെ ദീർഘവീക്ഷണത്തോടെയുള്ള ഭരണം സംസ്ഥാനത്തിന്റെ വളർച്ചയ്ക്ക് കരുത്തേകുന്നുവെന്നും, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഞ്ച് ട്രില്യൺ ഡോളർ സമ്പദ്വ്യവസ്ഥ എന്ന ലക്ഷ്യത്തിന് മുതൽക്കൂട്ടാകുന്ന മുന്നേറ്റമാണ് കേരളം നടത്തുന്നതെന്നും യൂസഫലി പറഞ്ഞു.
അടിസ്ഥാന സൗകര്യ വികസനം, ഉന്നത വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിലെ കേരള സർക്കാരിന്റെ പ്രവർത്തനങ്ങൾക്ക് എം.എ. യൂസഫലി എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്തു.
ഗവർണറുടെ പത്നി താമി മർഫി, വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ്, കൊച്ചി മേയർ എം.
അനിൽകുമാർ, ന്യൂജേഴ്സി, കേരള സർക്കാരുകളിലെ ഉന്നത ഉദ്യോഗസ്ഥർ, പ്രമുഖ വ്യവസായികൾ, മാധ്യമ മേധാവികൾ എന്നിവരും ചടങ്ങിൽ പങ്കെടുത്തു. FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]