ചെന്നൈ: തമിഴ്നാട്ടിലെ ശ്രീപെരുമ്പത്തൂരിലെ സാംസംഗ് ഇന്ത്യ ഫാക്ടറിയിൽ തൊഴിലാളികൾ നടത്തുന്ന സമരം തുടരുന്നു. സെപ്റ്റംബർ ഒമ്പതിനാണ് സാംസങ് ഇന്ത്യയുടെ നിർമ്മാണ യൂണിറ്റിൽ സമരം തുടങ്ങിയത്. ഫാക്ടറിക്ക് മുന്നിൽ പന്തൽ കെട്ടിയാണ് സമരം നടത്തുന്നത്. ഫാക്ടറിയിലെ 1300ഓളം തൊഴിലാളികൾ സമരത്തിൽ അണിനിരന്നു. സിപിഎമ്മിന്റെ തൊഴിലാളി സംഘടനയായ സിഐടിയുവാണ് സമരത്തിന് പിന്തുണ നൽകുന്നത്. ജോലി സമയം കുറയ്ക്കുക, വേതനം ഉയർത്തുക എന്നിവ ഉൾപ്പെടെയുള്ള നിരവധി ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.
കമ്പനി അധികൃതർ തങ്ങളോട് മാന്യമായി പെരുമാറിയില്ലെന്നും തൊഴിലാളികൾ ആരോപിച്ചു. പേരുവിളിച്ചല്ല ഫാക്ടറിക്കുള്ളിൽ തങ്ങളെ സൂപ്പർവൈസിംഗ് എഞ്ചിനീയർമാർ അഭിസംബോധന ചെയ്യുന്നതെന്നും തൊഴിലാളികൾ പറയുന്നു. ഫാക്ടറിയിലെ 1800 തൊഴിലാളികളിൽ 1300-ൽ പേരും സമരമുഖത്തുണ്ട്. സ്ത്രീ തൊഴിലാളികൾ സമരത്തെ പിന്തുണച്ച് ജോലിക്ക് എത്തുന്നില്ലെന്നും സിഐടിയു പറഞ്ഞു. അനുവദിച്ച അവധി എടുക്കാൻ സാധിക്കില്ലെന്നും കുടുംബത്തിലെ ആരെങ്കിലും മരിച്ചാൽ പോലും അവധി ലഭിക്കുന്നില്ലെന്നും തൊഴിലാളികൾ ആരോപിച്ചു. രാവിലെ 8 മുതൽ വൈകിട്ട് 5 വരെ ഒമ്പത് മണിക്കൂർ ജോലി ചെയ്യേണ്ടി വരുന്നു.
ഇതിനിടയിൽ ഉച്ചഭക്ഷണത്തിനായി 40 മിനിറ്റ് ഇടവേള തരും. എട്ട് മണിക്കൂർ ജോലിയാണ് തൊഴിലാളികൾ ആവശ്യപ്പെടുന്നത്. അപ്രൈസലും മോശമാണ്. ഇ കാറ്റഗറിയിൽ ഉൾപ്പെടുത്തി 1000 രൂപയൊക്കെയാണ് വർധനവ് തരുന്നതെന്നും തൊഴിലാളികൾ പറയുന്നു. സമരത്തെ തുടർന്ന് 80 ശതമാനം ഉൽപാദനത്തെയും ബാധിച്ചു. പണിമുടക്കിൻ്റെ ആദ്യ ദിവസം തന്നെ ഉൽപ്പാദനത്തിൻ്റെ 50% ഇടിഞ്ഞതായി കമ്പനി വൃത്തങ്ങൾ പ്രതികരിച്ചു. എന്നിരുന്നാലും, അവർ കരാർ തൊഴിലാളികളുമായി ഉൽപ്പാദനം വർധിപ്പിച്ചിട്ടുണ്ട്. അടുത്ത ആഴ്ചയോടെ ഉൽപ്പാദനം സാധാരണ നിലയിലാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും, തൊഴിലാളികളുമായി നേരിട്ട് സംസാരിക്കാനും അവർക്കുണ്ടായേക്കാവുന്ന പ്രശ്നങ്ങൾ പരിഹരിക്കാനും സാംസങ് ശ്രമിക്കുന്നുണ്ടെന്ന് കമ്പനി വൃത്തങ്ങൾ പറഞ്ഞു.
2024 ജൂലൈ 25 ന്, ഇ മുത്തുകുമാറിൻ്റെ നേതൃത്വത്തിൽ സിഐടിയു അംഗങ്ങൾ ‘സാംസങ് ഇന്ത്യ വർക്കേഴ്സ് യൂണിയൻ (എസ്ഐഡബ്ല്യുയു)’ സംഘടന രജിസ്റ്റർ ചെയ്തു. 1455 തൊഴിലാളികളെ അംഗങ്ങളായി ഉൾപ്പെടുത്തി. എന്നാൽ രജിസ്ട്രേഷന് ഇനിയും അംഗീകാരം ലഭിച്ചിട്ടില്ല. ജോലി ചെയ്തില്ലെങ്കിൽ ശമ്പളമില്ലെന്നായിരുന്നു സാംസങ്ങിന്റെ ആദ്യ നിലപാട്. ദക്ഷിണ കൊറിയയിലെ നാഷണൽ സാംസങ് ഇലക്ട്രോണിക്സ് യൂണിയനും സമരത്തെ അനുകൂലിച്ച് രംഗത്തെത്തി.
ഇന്ത്യൻ പ്ലാൻ്റിലെ തൊഴിലാളികൾക്ക് ന്യായമായ വേതനവും ന്യായമായ തൊഴിൽ സാഹചര്യങ്ങളും നൽകാത്തതിൽ ഖേദമുണ്ടെന്ന് പ്രസ്താവനയിറക്കി. ദക്ഷിണ കൊറിയയിൽ, ശരാശരി 4.5 ലക്ഷം രൂപയാണ് ശമ്പളം, എന്നാൽ ഇവിടെ ശരാശരി 30,000 രൂപയാണ് ശമ്പളം. കണക്കനുസരിച്ച് സാംസങ് ഇന്ത്യ പ്ലാൻ്റിലെ തൊഴിലാളികളുടെ ചെലവ് അതിൻ്റെ വാർഷിക ഉൽപ്പാദന മൂല്യത്തിൻ്റെ വെറും 0.3 ശതമാനം മാത്രമാണ് താഴെയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]