ദില്ലി: നീറ്റ്-യുജി ചോദ്യപേപ്പർ ചോർച്ചയിൽ നാഷണൽ ടെസ്റ്റിംഗ് ഏജൻസിയ്ക്ക് (എൻടിഎ) ക്ലീൻ ചിറ്റ് നൽകി സിബിഐ. എൻടിഎയോ അവിടുത്തെ ഉദ്യോഗസ്ഥരോ ചോദ്യപേപ്പർ ചോർച്ചയിൽ ഉൾപ്പെട്ടില്ലെന്ന് സിബിഐ വ്യക്തമാക്കി. ജാർഖണ്ഡ് ഹസാരിബാഗിലെ സ്കൂൾ കേന്ദ്രീകരിച്ചുള്ള സംഘമാണ് പേപ്പർ ചോർത്തിയത്. തട്ടിപ്പിൽ എവിടെയും ഉദ്യോഗസ്ഥരുടെ പങ്കാളിത്തം കണ്ടെത്താനായില്ലെന്നും 150 വിദ്യാർത്ഥികൾക്കാണ് ചോദ്യപേപ്പർ ചോർച്ച കൊണ്ട് ഗുണം ഉണ്ടായതെന്നും സിബിഐ വ്യക്തമാക്കി.
ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിൽ ഏതെങ്കിലും എൻടിഎ ഉദ്യോഗസ്ഥൻ്റെ ഭാഗത്തുനിന്ന് എന്തെങ്കിലും അപാകതയോ വിവിധ സംസ്ഥാനങ്ങളിലേക്കും നഗരങ്ങളിലേക്കുമുള്ള ചോദ്യ പേപ്പർ വിതരണത്തിൽ എന്തെങ്കിലും പ്രശ്നമോ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് സിബിഐ വൃത്തങ്ങൾ അറിയിച്ചു. ഇന്ത്യയിലുടനീളമുള്ള എംബിബിഎസ്, ബിഡിഎസ്, മറ്റ് അനുബന്ധ ബിരുദ മെഡിക്കൽ കോഴ്സുകൾ എന്നിവയിലേക്കുള്ള പ്രവേശന പരീക്ഷയിൽ ചില ഉദ്യോഗാർത്ഥികളെ സഹായിക്കാനാണ് ഒയാസിസ് സ്കൂളിൽ നിന്ന് ഒരു സംഘം ചോദ്യപേപ്പർ ചോർത്തിയത്. ഇവർ ലക്ഷക്കണക്കിന് രൂപയാണ് ഇതുവഴി കൈപ്പറ്റിയതെന്നും ഒരു സിബിഐ ഉദ്യോഗസ്ഥൻ പറഞ്ഞതായി ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ചോദ്യപേപ്പർ ചോർച്ച വിവാദമായതോടെയാണ് കേന്ദ്രസർക്കാർ കേസ് സിബിഐയ്ക്ക് കൈമാറിയത്. തുടർന്ന് അന്നത്തെ എൻടിഎ മേധാവി സുബോധ് കുമാർ സിംഗിനെ സ്ഥാനത്ത് നിന്ന് നീക്കിയിരുന്നു. എൻടിഎയുടെ പ്രവർത്തനങ്ങളും മറ്റും അവലോകനം ചെയ്യാൻ സർക്കാർ ഏഴംഗ സമിതിക്ക് രൂപം നൽകുകയും ചെയ്തിരുന്നു. കേസിൽ ഒയാസിസ് സ്കൂൾ പ്രിൻസിപ്പൽ എഹ്സാനുൽ ഹഖ്, വൈസ് പ്രിൻസിപ്പൽ ഇംതിയാസ് ആലം എന്നിവരുൾപ്പെടെ 48 പേരെ സിബിഐ അറസ്റ്റ് ചെയ്തിട്ടുണ്ട്.
വിദേശത്തുള്ള 14 നഗരങ്ങൾ ഉൾപ്പെടെ 571 നഗരങ്ങളിലെ 4,750 കേന്ദ്രങ്ങളിലായാണ് ഈ വർഷത്തെ നീറ്റ് പരീക്ഷ നടന്നത്. ജൂൺ 4 ന് ഫലം പ്രഖ്യാപിച്ചപ്പോൾ 67 ഉദ്യോഗാർത്ഥികൾ ഒന്നാം റാങ്ക് നേടിയിരുന്നു. ഇവരിൽ ചിലർ ഒരേ പരീക്ഷാ കേന്ദ്രത്തിലുള്ളവരായിരുന്നു എന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് വിവാദം പൊട്ടിപ്പുറപ്പെട്ടത്.
READ MORE: മോദി ബൈഡനെ കണ്ടു; അണിയറയിൽ ഒരുങ്ങുന്നത് മൾട്ടി ബില്യൺ ഡോളർ മെഗാ ഡ്രോൺ ഡീൽ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]