ലക്നൗ: ഉത്തർപ്രദേശിലെ കാൺപൂരിൽ വീണ്ടും ട്രെയിൻ അട്ടിമറി നടത്താൻ ശ്രമം. കാൺപൂർ ദേഹത് ജില്ലയിലെ റെയിൽ വേ ട്രാക്കിലാണ് സംഭവം. ഡൽഹി -ഹൗറ റെയിൽ പാതയിൽ പ്രേംപൂർ റെയിൽവേ സ്റ്റേഷന് സമീപമാണ് ഗ്യാസ് സിലിണ്ടർ കണ്ടത്. ആർപിഎഫും പൊലീസും സ്ഥലത്തെത്തി അന്വേഷണം നടത്തിവരികയാണ്.
ഒരു എക്സ്പ്രസ് ട്രെയിനിലെ ലോക്കോ പെെലറ്റാണ് അടുത്ത പാളത്തിൽ ഗ്യാസ് സിലിണ്ടർ കിടക്കുന്നത് കണ്ടത്. തുടർന്ന് അദ്ദേഹം കൺട്രോൾ റൂമിൽ വിവരം അറിയിച്ചു. പിന്നാലെ അതുവഴി വന്ന ഗുഡ്സ് ട്രെയിൻ നിർത്താൻ കൺട്രോൾ റൂം അറിയിപ്പ് നൽകുകയായിരുന്നു. ഇത് വലിയ അപകടം ഒഴിവാക്കി.
‘ഇന്ന് പുലർച്ചെ 5.50നാണ് പാളത്തിൽ ഗ്യാസ് സിലിണ്ടർ കിടക്കുന്നത് കണ്ടത്. റെയിൽവേ സംഘം ട്രാക്ക് പരിശോധിച്ചു. അഞ്ച് ലിറ്റിന്റെ കാലി സിലിണ്ടറാണ് കണ്ടെത്തിയത്. സംഭവം അന്വേഷിക്കാൻ നിർദേശം നൽകിയിട്ടുണ്ട്’,- നോർത്ത് സെൻട്രൽ റെയിൽവേ സിപിആർഒ പറഞ്ഞു.
കഴിഞ്ഞ എട്ടാം തീയതിയും സമാന സംഭവം ഉണ്ടായിരുന്നു. രാത്രി 8.30 ഓടെ കാളിന്ദി എക്സ്പ്രസ് ട്രെയിൻ ട്രാക്കിൽ ഉണ്ടായിരുന്ന ഗ്യാസ് സിലിണ്ടർ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഉത്തർപ്രദേശിലെ പ്രയാഗ്രാജിൽ നിന്ന് ഹരിയാനയിലെ ഭിവാനിയിലേക്ക് പോകുന്നയായിരുന്നു കാളിന്ദി എക്സ്പ്രസ്. കാൺപൂർ – കാസ്ഗഞ്ച് റൂട്ടിൽ ബർരാജ്പൂരിനും ബിൽഹൗസിനും ഇടയിലുള്ള മുണ്ടേരി ഗ്രാമത്തിലൂടെ പോകുന്ന റെയിൽവേ ട്രാക്കിലാണ് ഗ്യാസ് സിലിണ്ടർ ഉണ്ടായിരുന്നത്. ട്രെയിനിന്റെ പാളം തെറ്റിക്കാനാണ് ഇത്തരം ശ്രമങ്ങൾ നടത്തുന്നതെന്നാണ് വിവരം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കഴിഞ്ഞ ഒമ്പതാം തീയതി രാജസ്ഥാനിലെ റെയിൽവേ ട്രാക്കിൽ 70 കിലോ വരുന്ന സിമന്റ് കട്ട കണ്ടെത്തിയിരുന്നു. ട്രാക്കിൽ സിമന്റ് കട്ട കണ്ടതിന് പിന്നാലെ ലോക്കോ പെെലറ്റ് ട്രെയിൻ നിർത്താൻ ശ്രമിച്ചിരുന്നു. എന്നാൽ കട്ടയുടെ മുകളിലൂടെ ട്രെയിൻ പായുകയും കട്ട പൊട്ടുകയും ചെയ്തു. രാജസ്ഥാനിലെ അജ്മീറിലാണ് സംഭവം നടന്നത്. തുടരെ തുടരെ ട്രെയിൻ അട്ടിമറിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്. സംഭവങ്ങളിൽ അന്വേഷണം നടത്തിവരികയാണ്.