വെള്ളറട: ബൈക്കപകടത്തിൽ മരിച്ച യുവാവിന്റെ മൊബൈൽഫോൺ ആംബുലൻസിൽ വച്ച് കവർന്നു. കഴിഞ്ഞമാസം 17ന് ആറാട്ടുകുഴിക്കു സമീപം ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ച ബൈക്ക് യാത്രികരിൽ ഒരാളായ വെള്ളറട ശ്രീനിലയത്തിൽ സുധീഷിന്റെ ഫോണാണ് മോഷ്ടിച്ചത്. യുവാവിന്റെ ബന്ധുക്കളുടെ പരാതിയെത്തുടർന്നുള്ള അന്വേഷണത്തിൽ വില്പന നടത്തിയ ഫോൺ മൊബൈൽ കടയിൽനിന്ന് പൊലീസ് കണ്ടെടുത്തിട്ടുണ്ട്.
പുലിയൂർശാലയിലെ മൊബൈൽഫോൺ കടയിൽനിന്നാണ് ഫോൺ കണ്ടെത്തിയത്. കണ്ടാലറിയാവുന്ന രണ്ട് യുവാക്കളാണ് ഫോൺ വിറ്റതെന്നാണ് കടയുടമ പൊലീസിനോട് പറഞ്ഞത്. യുവാക്കളിൽ ഒരാളെ കഴിഞ്ഞദിവസം നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു.
അപകടത്തിൽ സുധീഷും കൂടെയുണ്ടായിരുന്ന കോട്ടയാംവിള ലാവണ്യ ഭവനിൽ അനന്തുവുമാണ് മരിച്ചത്.അപകടസ്ഥലത്തുനിന്ന് രണ്ടുപേരെയും രണ്ട് ആംബുലൻസുകളിലാണ്ആശുപത്രിയിൽ എത്തിച്ചത്. സുധീഷിനെ കൊണ്ടുപോയ ആംബുലൻസിൽ സഹായിയായി കയറിയ യുവാവാണ് മോഷണം നടത്തിയതെന്ന് സുധീഷിന്റെ ബന്ധുക്കൾ ആരോപിക്കുന്നത്. ഫോൺ തിരിച്ചുകിട്ടാത്തതിനെത്തുടർന്നാണ് ബന്ധുക്കൾ വെള്ളറട പൊലീസിൽ പരാതി നൽകിയത്.
2021ൽ ആത്മഹത്യ ചെയ്ത യുവാവിന്റെ മൊബൈൽ ഫോൺ മോഷണം പോയ സംഭവത്തിൽ എസ് ഐ നടപടി നേരിട്ടിരുന്നു . കൊല്ലം ചാത്തന്നൂർ പൊലീസ് സ്റ്റേഷനിലെ എസ് ഐ ആയി ജ്യോതി സുധാകറിനെതിരെയാണ് നടപടിയുണ്ടായത്. ജ്യോതി സുധാകർ തിരുവനന്തപുരം മംഗലപുരം സ്റ്റേഷനിൽ എസ് ഐ ആയിരിക്കെ, ട്രെയിൻ തട്ടി മരിച്ചയാളുടെ മൊബൈൽ ഫോൺ മോഷ്ടിച്ചെന്ന് കണ്ടെത്തിയതോടെയാണ് സസ്പെൻഡ് ചെയ്തത്. പെരുമാതുറ സ്വദേശിയായ യുവാവിനെയാണ് കണിയാപുരം റെയിൽവേ സ്റ്റേഷന് സമീപം ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്നായിരുന്നു പൊലീസിന്റെ നിഗമനം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ജ്യോതി സുധാകറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്ന് ഇൻക്വസ്റ്റ് ഉൾപ്പടെയുള്ള നടപടികൾ പൂർത്തിയാക്കിയത്. ഇതിനിടയിലാണ് ഫോൺ മോഷ്ടിച്ചത്. യുവാവിന്റെ ഫോൺ കാണാനില്ലെന്നും, മരണത്തിൽ ദുരൂഹതയുണ്ടെന്നും ആരോപിച്ച് കുടുംബം രംഗത്തെത്തിയതോടെയാണ് കള്ളി വെളിച്ചത്തായത്.
തുടർന്ന് സൈബർ സെൽ നടത്തിയ അന്വേഷണത്തിലാണ് കാണാതായ മൊബൈൽ ഫോൺ എസ് ഐ ഉപയോഗിക്കുന്നുണ്ടെന്ന് കണ്ടെത്തിയത്.