ന്യൂഡൽഹി : ലെബനനിലെ പേജർ സ്ഫോടന പരമ്പരയിൽ അന്താരാഷ്ട്ര ഏജൻസികൾ തിരയുന്ന മലയാളി റിൻസൺ ജോസ് നോർട്ട ഗ്ലോബലിലൂടെ ആറു കോടിയോളം രൂപ (725000 ഡോളർ) സമ്പാദിച്ചെന്ന് സൂചന. കഴിഞ്ഞ വർഷമാണ് ജോസ് നോർട്ട ഗ്ലോബൽ ലിമിറ്റഡ് ആരംഭിച്ചത്. യൂറോപ്യൻ യൂണിയന് പുറത്ത് കൺസൾട്ടൻസി സർവീസ് നൽകിയാണ് ധനസമ്പാദനം നടത്തിയതെന്നാണ് വിവരം. നോർട്ട ലിങ്ക് തുടങ്ങി ഒട്ടേറെ കമ്പനികൾ ഇയാൾ നടത്തുന്നുണ്ടെന്നും റിപ്പോർട്ടുണ്ട്. നോർട്ട ഗ്ലോബൽ ലിമിറ്റഡിന്റെ ബൾഗേറിയയിലെ പ്രവർത്തനമാണ് സംശയനിഴലിലുള്ളത്. ആക്രമണത്തിന് ഉപയോഗിച്ച പേജറുകളുടെ സപ്ലൈ ശൃംഖലയിൽ കമ്പനി ഉണ്ടോ, പേജറുകളുടെ വിൽപനയ്ക്ക് സൗകര്യമൊരുക്കിയോ തുടങ്ങിയവയാണ് അന്വേഷിക്കുന്നത്. ഷെൽ കമ്പനിയാണെന്ന സൂചനയുമുണ്ട്. സ്ഫോടനത്തിന് പിന്നാലെ ഇയാളെക്കുറിച്ച് വിവരമില്ല. യു.എസിൽ ബിസിനസ് യാത്രയിലാണെന്ന് റിപ്പോർട്ടുണ്ട്. ഇസ്രയേലി ചാര ഏജൻസിയായ മൊസാദ് ആസൂത്രം ചെയ്ത് നടപ്പാക്കിയ പേജർ, വാക്കിടോക്കി സ്ഫോടനങ്ങളിൽ 39 പേരാണ് ലെബനനിൽ കൊല്ലപ്പെട്ടത്.
അതിനിടെ, ചൊവ്വാഴ്ചയുണ്ടായ പേജർ സ്ഫോടനത്തിൽ ഹംഗറിയിലെ ബുഡാപെസ്റ്റിലുള്ള ബി.എ.സി കൺസൾട്ടിംഗ് കമ്പനിയുടെ സി.ഇ.ഒ ക്രിസ്റ്റ്യാന ബാർസോണി-ആർസിഡിയാകോണിലേക്കും (49) അന്വേഷണം. തായ്വാനീസ് കമ്പനിയായ ഗോൾഡ് അപ്പോളോയ്ക്കാണ് ഹിസ്ബുള്ള പേജറുകൾക്ക് ഓർഡർ നൽകിയത്. എന്നാൽ ഇവ നിർമ്മിച്ചതും വിറ്റതും ബി.എ.സി കൺസൾട്ടിംഗ് കമ്പനിയുടെ ലൈസൻസിലാണ്. പേജറുകൾ നിർമ്മിച്ചത് തങ്ങളല്ലെന്നും ഇടനിലക്കാർ മാത്രമാണെന്നും ക്രിസ്റ്റ്യാന പ്രതികരിച്ചിരുന്നു. ഇതിന് ശേഷം ഇവരെ പറ്റിയും വിവരവുമില്ല. ഇവർ ഹംഗേറിയൻ സീക്രട്ട് സർവീസിന്റെ സുരക്ഷയിലാണെന്ന് അമ്മ പറയുന്നു.
ഹംഗേറിയൻ-ഇറ്റാലിയൻ ശാസ്ത്രജ്ഞ
ഫിസിക്സിൽ ഡോക്ടറേറ്റ്
ഏഴു ഭാഷകൾ അറിയാം
ഇന്റർനാഷണൽ അറ്റോമിക് എനർജി ഏജൻസിയിലും ന്യൂയോർക്കിലെ എർത്ത് ചൈൽഡ് ഇൻസ്റ്റിറ്റ്യൂട്ടിലും ഉന്നത പദവികൾ വഹിച്ചെന്ന് അവകാശവാദം. വ്യാജമെന്ന് റിപ്പോർട്ട്
പേജർ സ്ഫോടനത്തിന് പിന്നാലെ അജ്ഞാതരുടെ ഭീഷണി
പേജർ നിർമ്മിച്ചത് ക്രിസ്റ്റ്യാനയുടെ കമ്പനിയല്ലെന്ന് ഹംഗറി സർക്കാർ
———————
ഹിസ്ബുള്ളയ്ക്ക് പ്രഹരം,
ഉന്നതരടക്കം കൊല്ലപ്പെട്ടു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ബെയ്റൂട്ട്: പേജർ, വാക്കി ടോക്കി സ്ഫോടനപരമ്പരകൾക്ക് പിന്നാലെ ഒറ്റ ദിവസം കൊണ്ട് ഇസ്രയേൽ ഇല്ലാതാക്കിയത് 12 ഉന്നതർ അടക്കം ഹിസ്ബുള്ളയുടെ 16 അംഗങ്ങളെ. വെള്ളിയാഴ്ച ലെബനനിലെ ബെയ്റൂട്ടിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിലാണ് യു.എസ് തലയ്ക്ക് 70 ലക്ഷം ഡോളർ വിലയിട്ട ഇബ്രാഹിം അഖീൽ അടക്കമുള്ള ഹിസ്ബുള്ള അംഗങ്ങളെ വകവരുത്തിയത്.
ഉന്നത കമാൻഡറായ അഹ്മ്മദ് വാഹ്ബിയും കൊല്ലപ്പെട്ടെന്ന് ഇന്നലെ സ്ഥിരീകരിച്ചു. ഇസ്രയേലിനെതിരെയുള്ള ആക്രമണങ്ങൾക്ക് ഇയാൾ നേതൃത്വം നൽകിയിരുന്നു. 1983ൽ 241 യു.എസ് സൈനികർ കൊല്ലപ്പെട്ട ബെയ്റൂട്ടിലെ മറൈൻ ബാരക്ക് ബോംബാക്രമണത്തിന്റെ ബുദ്ധികേന്ദ്രമാണ് അഖീൽ. ഇയാളുടെ മരണം വെള്ളിയാഴ്ച തന്നെ സ്ഥിരീകരിച്ചിരുന്നു. അതേ സമയം, 3 കുട്ടികളും 7 സ്ത്രീകളും ഉൾപ്പെടെ ആകെ 37 പേരാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. 23 പേരെ കാണാതായി.
ഇന്നലെയും ഇസ്രയേലും ഹിസ്ബുള്ളയും പരസ്പരം റോക്കറ്റ് ആക്രമണങ്ങൾ തുടർന്നു. അതേ സമയം, ലെബനനിലുണ്ടായ പേജർ, വാക്കി ടോക്കി സ്ഫോടനങ്ങൾ അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് യു.എൻ മനുഷ്യാവകാശ വിഭാഗം തലവൻ വോൾക്കർ ടർക് പറഞ്ഞു. അതിനിടെ, ഗാസ സിറ്റിയിൽ അഭയാർത്ഥികൾ തങ്ങിയ സ്കൂളിലുണ്ടായ ഇസ്രയേൽ ബോംബാക്രമണത്തിൽ 22 പേർ കൊല്ലപ്പെട്ടു. സ്കൂളിനെ ഹമാസ് അവരുടെ കമാൻഡ് സെന്ററായി ഉപയോഗിച്ചെന്നാണ് ഇസ്രയേലിന്റെ വാദം. റാഫയിൽ നാല് ആരോഗ്യപ്രവർത്തകർ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടു. ഗാസയിൽ കൊല്ലപ്പെട്ട പാലസ്തീനികളുടെ എണ്ണം 41,391 കടന്നു.