വാഷിംഗ്ടൺ : ഭൂമിയിലെ ഏറ്റവും നിഗൂഢമായ പ്രദേശങ്ങളിലൊന്നാണ് പടിഞ്ഞാറൻ പസഫിക് സമുദ്രത്തിൽ സ്ഥിതി ചെയ്യുന്ന മരിയാന ട്രഞ്ച്. ഭൂമിയിലെ ഏറ്റവും ആഴമേറിയ ഭാഗം. 2014 മുതൽ ചില അസാധാരണ ശബ്ദങ്ങൾ മരിയാന ട്രഞ്ചിൽ നിന്ന് കേൾക്കുന്നുണ്ടെന്ന് ഗവേഷകർ പറയുന്നു. നരകം മുതൽ അന്യഗ്രഹ ജീവികളെ വരെ ഈ ശബ്ദവുമായി ബന്ധിപ്പിക്കാൻ ശ്രമിച്ചവർ ഏറെയാണ്. എന്നാൽ ശരിക്കും ഇത് ബ്രൈഡ്സ് വെയ്ൽ എന്നയിനം തിമിംഗലത്തിന്റേതാണെന്ന് ഗവേഷകർ പറയുന്നു.
മരിയാന ട്രഞ്ചിലെ സർവേയ്ക്ക് ഉപയോഗിക്കുന്ന അണ്ടർവാട്ടർ വെഹിക്കിളുകളാണ് വിചിത്രമായ ശബ്ദങ്ങൾ ആദ്യമായി റെക്കോഡ് ചെയ്തത്. 2.5 മുതൽ 3.5 സെക്കൻഡ് വരെ ദൈർഘ്യമുള്ള ഈ അജ്ഞാത ശബ്ദത്തിന് ‘ബയോട്വാംഗ് ” എന്ന പേരും നൽകി. ഇതിന്റെ ഉറവിടം തേടിയുള്ള അന്വേഷണങ്ങൾക്കൊടുവിൽ യു.എസിലെ നാഷണൽ ഓഷ്യാനോഗ്രാഫിക് ആൻഡ് അറ്റ്മോസ്ഫെറിക് അഡ്മിനിസ്ട്രേഷനാണ് (എൻ.ഒ.എ.എ) നിഗമനത്തിൽ എത്തിച്ചേർന്നത്. ബലീൻ തിമിംഗലത്തിന്റെ ശബ്ദമാണെന്ന വാദം ഇതിനിടെ ഉയർന്നെങ്കിലും പിന്തള്ളപ്പെട്ടു. ബ്രൈഡ് തിമിംഗലങ്ങൾ തങ്ങളുടെ കൂട്ടത്തിലുള്ളവരെ കണ്ടെത്താൻ വേണ്ടിയാണത്രെ ഇത്തരം ശബ്ദം പുറപ്പെടുവിക്കുന്നത്.
2,00,000 മണിക്കൂറിലേറെ ദൈർഘ്യമുള്ള ഓഡിയോ റെക്കോഡിംഗുകളിൽ പുതിയ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപകരണങ്ങൾ ഉപയോഗിച്ച് നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്. ജപ്പാന് തെക്കായി 2,400 കിലോമീറ്റർ വ്യാപിച്ചുകിടക്കുന്ന മരിയാന ട്രഞ്ചിലെ ജീവജാലങ്ങളെ പറ്റിയും പഠനങ്ങൾ തുടരുകയാണ്. അതേ സമയം, വടക്കു പടിഞ്ഞാറൻ പസഫികിൽ മാത്രമേ ബയോട്വാംഗ് ശബ്ദം കേൾക്കുന്നുള്ളൂ. എന്നാൽ ബ്രൈഡ് തിമിംഗലങ്ങൾ ലോകത്തിന്റെ മറ്റു ഭാഗങ്ങളിലുമുണ്ട്. അതിനാൽ ബ്രൈഡ് തിമിംഗലങ്ങളിൽ തന്നെ ഒരു പ്രത്യേക വിഭാഗമാണ് ശബ്ദം പുറത്തുവിടുന്നതെന്ന് ഗവേഷകർ കരുതുന്നു. സയൻസ് ഫിക്ഷൻ സിനിമകളിലെ പേടകങ്ങളിലും നിന്നുമൊക്കെ കേൾക്കുന്ന ഭയപ്പെടുത്തുന്ന ശബ്ദങ്ങളുമായി ബയോട്വാംഗിന് സാമ്യമുണ്ട്.
ഭയപ്പെടുത്തും ആഴം
അറിയപ്പെട്ടിട്ടുള്ളതിൽ വച്ച് മനുഷ്യ നിർമ്മിതമല്ലാത്ത ഭൂമിയിലെ ഏറ്റവും ആഴമേറിയ ഭാഗം മരിയാന ട്രഞ്ചിലുള്ള ചലഞ്ചർ ഡീപ്പാണ്. ചലഞ്ചർ ഡീപ്പിന് ഏകദേശം 36,000 അടി ആഴമുണ്ട്. ലോകത്തെ ഏറ്റവും വലിയ കൊടുമുടിയായ എവറസ്റ്റിന്റെ ഉയരത്തേക്കാൾ കൂടുതലാണ് മരിയാന ട്രഞ്ചിന്റെ ആഴം. അസ്ഥി മരവിപ്പിക്കുന്ന തണുപ്പും പ്രകാശത്തിന്റെ ഒരുതരി പോലുമില്ലാത്ത കൂരാകൂരിരുട്ടും ഒപ്പം 100 ആനകൾ ഒന്നിച്ച് ചെലുത്തുന്ന പോലുള്ള ജല മർദ്ദവും നിറഞ്ഞ ഭാഗമാണ് ചാലഞ്ചർ ഡീപ്പ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
1960ൽ സ്വിസ് സമുദ്രപര്യവേക്ഷകനായ ജാക്വസ് പിക്കാർഡും യു.എസ് നേവി ലഫ്റ്റനന്റ് ആയിരുന്ന ഡോൺ വാൽഷുമാണ് ആദ്യമായി ചലഞ്ചർ ഡീപ്പിലെത്തിയ മനുഷ്യർ. ഇതുവരെ 13 പേരാണ് ചലഞ്ചർ ഡീപ്പിലെത്തിയിട്ടുള്ളത്. ഹോളിവുഡ് സംവിധായകൻ ജെയിംസ് കാമറണും ഇക്കൂട്ടത്തിലുണ്ട്. 2012ൽ ഡീപ്പ്സീ ചലഞ്ചർ എന്ന വാഹനത്തിലാണ് ടൈറ്റാനിക് ഉൾപ്പെടെയുള്ള വിഖ്യാത ഹോളിവുഡ് ചിത്രങ്ങളുടെ സംവിധായകനായ ജെയിംസ് കാമറൂൺ ചലഞ്ചർ ഡീപ്പിലെത്തിയത്. ആദ്യമായി ചലഞ്ചർ ഡീപ്പിൽ ഒറ്റയ്ക്ക് എത്തിയതും ഇദ്ദേഹമാണ്.
1875ൽ മരിയാന ട്രഞ്ചിലെ ചലഞ്ചർ ഡീപ്പിന്റെ ആഴം ആദ്യമായി അളന്ന എച്ച്.എം.എസ് ചലഞ്ചർ എന്ന റോയൽ നേവി കപ്പലിന്റെ പേരിൽ നിന്നാണ് ചലഞ്ചർ ഡീപ്പിന് ഈ പേര് ലഭിച്ചത്.