തിരുവനന്തപുരം: തൃശൂർ പൂരം അലങ്കോലപ്പെട്ടതിൽ ബാഹ്യ ഇടപെടൽ ഇല്ലെന്ന് അന്വേഷണ റിപ്പോർട്ട്. എഡിജിപി എംആർ അജിത് കുമാർ ഇന്നലെ ഡിജിപിക്ക് സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യം ഉള്ളത്. പൂരം അലങ്കോലപ്പെട്ടതിൽ ബോധപൂർവമായ അട്ടിമറിയോ ഗൂഢാലോചനയോ ഇല്ലെന്ന് വ്യക്തമാക്കുന്ന റിപ്പോർട്ടിൽ ഏകോപനത്തിലും അനുനയത്തിലും സിറ്റി പൊലീസ് കമ്മീഷണറായിരുന്ന അങ്കിത് അശോകിന് വീഴ്ച ഉണ്ടായെന്നും പറയുന്നുണ്ട്. ചിത്രങ്ങളടക്കം റിപ്പോർട്ടിലുണ്ട്. ഒരു വാർത്താ ചാനലാണ് റിപ്പോർട്ടിലെ വിവരങ്ങൾ പുറത്തുവിട്ടത്.
അതേസമയം, എഡിജിപിയുടെ അന്വേഷണ റിപ്പോർട്ട് ഡിജിപി ഇന്ന് പരിശോധിക്കും. അഞ്ചുമാസത്തെ അന്വേഷണം പൂർത്തിയാക്കി ഇന്നലെയാണ്
എഡിജിപി എം ആർ അജിത് കുമാർ റിപ്പോർട്ട് നൽകിയത്. ഒരാഴ്ചക്കുള്ളിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാനായിരുന്നു ആദ്യം നൽകിയിരുന്ന നിർദ്ദേശം. എന്നാൽ ഏറെ വിവാദങ്ങൾക്കൊടുവിലാണ് ഇന്നലെ അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചത്. പൂരദിവസം രാത്രിയുണ്ടായ സംഭവങ്ങളുടെ വിവരണമാണ് റിപ്പോർട്ടിൽ കൂടുതൽ ഉള്ളതെന്നാണ് സൂചന.
തൃശൂർ പൂരം കലക്കൽ സംഭവത്തെക്കുറിച്ചുള്ള അന്വേഷണത്തിന് ഒരാഴ്ച സമയം നീട്ടി നൽകിയെന്നും 24ന് റിപ്പോർട്ട് ലഭിക്കുമെന്നും മുഖ്യമന്ത്രി ഇന്നലെ പറഞ്ഞിരുന്നു. ഇതുകഴിഞ്ഞ് മണിക്കൂറുകൾക്കുള്ളിൽ അജിത് കുമാർ റിപ്പോർട്ട് ഡിജിപിക്ക് കൈമാറുകയായിരുന്നു.
പൂരം കലക്കലുമായി ബന്ധപ്പെട്ട് നാലു പരാതികളാണ് മുഖ്യമന്ത്രിക്ക് ലഭിച്ചത്. ഇത് ഡിജിപിക്ക് കൈമാറിയിരുന്നു. അന്വേഷണം നടത്തി ഒരാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാൻ എഡിജിപി എംആർ.അജിത് കുമാറിനെ ചുമതലപ്പെടുത്തുകയും ചെയ്തു. എംആർ അജിത് കുമാർ തൃശൂരിലുള്ളപ്പോഴായിരുന്നു പ്രശ്നങ്ങളുണ്ടായത്. തൃശൂർ കമ്മിഷണറായിരുന്ന അങ്കിത് അശോകിനെ സ്ഥലം മാറ്റിയിരുന്നു. വിശദമായ റിപ്പോർട്ട് ലഭിച്ച ശേഷം തുടർനടപടികളുണ്ടാകുമെന്നാണ് സർക്കാർ പറഞ്ഞിരുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തൃശൂരിൽ ബിജെപി സ്ഥാനാർത്ഥി സുരേഷ് ഗോപിയ്ക്ക് അനുകൂലമായ സാഹചര്യമുണ്ടാക്കാൻ സർക്കാർ പൊലീസിനെ ഉപയോഗിച്ച് പൂരം അലങ്കോലമാക്കിയെന്ന ആക്ഷേപങ്ങളും ഉയർന്നിരുന്നു. പൊലീസ് നടപടിക്കെതിരെ എൽഡിഎഫ് സ്ഥാനർത്ഥി വിഎസ്.സുനിൽകുമാർ ഉൾപ്പെടെ കടുത്ത അമർഷം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.
തൃശൂർ പൂരം അലങ്കോലപ്പെടുത്തുന്നതിൽ ഏതെങ്കിലും തരത്തിലുള്ള അന്വേഷണം നടക്കുന്നുണ്ടോയെന്ന വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിന് അന്വേഷണം നടന്നില്ലെന്ന് മറുപടി നൽകിയ പൊലീസ് പൊലീസ് ആസ്ഥാനത്തെ സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർ എംഎസ് സന്തോഷിനെ കഴിഞ്ഞദിവസം സസ്പെൻഡ് ചെയ്തിരുന്നു.