
കൊച്ചി: വീടുകളിൽ നിന്ന് മാലിന്യം ശേഖരിച്ച് തരംതിരിക്കുന്ന ഹരിതകർമ്മ സേനയിലെ അംഗങ്ങൾ മാലിന്യത്തിൽ നിന്ന് കിട്ടിയ 10 പവന്റെ സ്വർണമാല ഉടമയെ കണ്ടെത്തി തിരിച്ചേൽപ്പിച്ച സംഭവത്തിൽ അഭിനന്ദനങ്ങളുമായി മന്ത്രി എം ബി രാജേഷ്. സംസ്ഥാനത്തെ ഹരിതകർമ്മ സേനാംഗങ്ങള്‍ക്കാകെ ആവേശവും അഭിമാനവും പകരുന്ന പ്രവർത്തനമാണ് എറണാകുളം ജില്ലയിലെ മുടക്കുഴ പഞ്ചായത്തിലെ ഹരിതകര്‍മ സേനാംഗങ്ങളായ രാധാകൃഷ്ണനും ഷൈബാ ബിജുവും കാഴ്ചവെച്ചതെന്ന് ഇവരുടെ ചിത്രം പങ്കുവച്ചുകൊണ്ട് മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.
പത്ത് പവന്റെ സ്വർണമാലയാണ് മാലിന്യത്തിൽ നിന്ന് ഇവർക്ക് കിട്ടിയത്. കണ്ണൊന്ന് മഞ്ഞളിക്കാതെ ഇവർ പിന്നീട് പരിശ്രമിച്ചത് ആ സ്വർണം ഉടമസ്ഥന് തിരിച്ചുകൊടുക്കാനായാണ്. അന്വേഷണത്തിനൊടുവിൽ യഥാർഥ ഉടമയെ കണ്ടെത്തി മാല കൈമാറിയ ഇവരുടെ പത്തരമാറ്റ് തിളക്കമുള്ള സത്യസന്ധതയ്ക്ക് ബിഗ് സല്യൂട്ടെന്ന് പറഞ്ഞ മന്ത്രി, തദ്ദേശ സ്വയം ഭരണ വകുപ്പിനും സർക്കാരിനും വേണ്ടി ഹൃദയപൂർവം അഭിവാദ്യം ചെയ്യുന്നുവെന്നും കുറിച്ചു.
മന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പ്
പത്ത് പവൻ, പത്ത് പവന്റെ സ്വർണമാലയാണ് മാലിന്യത്തിൽ നിന്ന് കിട്ടിയത്. വീടുകളിൽ നിന്ന് ശേഖരിച്ച മാലിന്യം തരംതിരിക്കുകയായിരുന്നു ഹരിതകർമ്മ സേനാംഗങ്ങളായ രാധാ കൃഷ്ണനും ഷൈബാ ബിജുവും. ഒറ്റ നോട്ടത്തിൽ നിന്ന് തന്നെ സ്വർണമാണെന്ന് മനസിലായി. ആ സ്വർണം സ്വന്തമാക്കാനല്ല, ഉടമസ്ഥന് തിരിച്ചുകൊടുക്കാനായി പിന്നീടുള്ള ശ്രമം. ഏകദേശ ധാരണ വെച്ച്, അങ്ങോട്ട് അന്വേഷിച്ചുപോയി യഥാർഥ ഉടമയെ കണ്ടെത്തി മാല കൈമാറി. സംസ്ഥാനത്തെ ഹരിതകർമ്മ സേനാംഗങ്ങള്‍ക്കാകെ ആവേശവും അഭിമാനവും പകരുന്ന പ്രവർത്തനമാണ് എറണാകുളം ജില്ലയിലെ മുടക്കുഴ പഞ്ചായത്തിലെ ഹരിതകര്‍മ സേനാംഗങ്ങളായ രാധാകൃഷ്ണനും ഷൈബാ ബിജുവും കാഴ്ചവെച്ചത്. പത്തരമാറ്റ് തിളക്കമുള്ള നിങ്ങളുടെ സത്യസന്ധതയ്ക്ക് ബിഗ് സല്യൂട്ട്, തദ്ദേശ സ്വയം ഭരണ വകുപ്പിനും സർക്കാരിനും വേണ്ടി ഹൃദയപൂർവം അഭിവാദ്യം ചെയ്യുന്നു.
ഹരിതകർമ്മസേന എന്ന നാടിന്റെ ശുചിത്വ സൈന്യത്തിന്റെ സത്യസന്ധതയുടെയും ആത്മാർഥതയുടെയും അനുഭവസാക്ഷ്യങ്ങളിൽ ഒടുവിലത്തേതാണിത്. കാസർഗോഡ് ജില്ലയിലെ മടിക്കൈ പഞ്ചായത്തിൽ മാലിന്യത്തിൽ നിന്ന് ലഭിച്ച അരലക്ഷം രൂപ തിരികെ നൽകിയ ഹരിതകർമ്മസേനാംഗങ്ങളായ സി സുശീലയെയും പി വി ഭവാനിയെയും മുൻപ് പരിചയപ്പെടുത്തിയിരുന്നു. നമ്മുടെ മാലിന്യം ശേഖരിച്ച് സംസ്കരിച്ച് നാടിനെ രക്ഷിക്കുന്ന ഹരിതർമ്മ സേനാംഗങ്ങളാണ്, സത്യസന്ധത കൊണ്ടുകൂടി ശ്രദ്ധേയരാകുന്നത്. നന്മയുടെ പുത്തനധ്യായങ്ങളുമായി ഹരിതകര്‍മ്മ സേന മുന്നോട്ട് കുതിക്കും. കേരളത്തിന്റെ ഈ ശുചിത്വസേനയെ നമുക്ക് ചേർത്തുപിടിക്കാം.
Last Updated Sep 22, 2023, 12:08 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]