
കൊച്ചി: കടങ്ങള്‍ വീട്ടിക്കൊണ്ട് ഐഎസ്എസ് സീസണ് ആരംഭിച്ച് കേരള ബ്ലാസ്റ്റേഴ്സ്. ബദ്ധവൈരികളായ ബംഗളൂരു എഫ്സിയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് മഞ്ഞപ്പട കൊച്ചിയില്‍ ഇരമ്പിക്കയറിയത്. രണ്ടാം പകുതിയിലാണ് മൂന്ന് ഗോളുകളും പിറന്നത്. 52-ാം മിനിറ്റില്‍ ബംഗളുരു താരം കെസിയ വീൻഡോര്‍പ്പിന്റെ ഓണ്‍ ഗോളാണ് സമനിലയുടെ കെട്ട് പൊട്ടിച്ചത്. 59 -ാം മിനിറ്റില്‍ കുന്തമുന അഡ്രിയാൻ ലൂണയിലൂടെ ബ്ലാസ്റ്റേഴ്സ് ലീഡ് ഉയര്‍ത്തി. മഞ്ഞപ്പട വിജയം ഉറപ്പിച്ച സമയത്താണ് ബംഗളൂരു ആദ്യ ഗോള്‍ കണ്ടെത്തിയത്. ബോക്സില്‍ ബ്ലാസ്റ്റേഴ്സ് താരങ്ങള്‍ വരുത്തിയ പിഴവ് മുതലാക്കി കുര്‍ട്ടിസ് മെയിൻ വല ചലിപ്പിക്കുകയായിരുന്നു. എന്നാല്‍, പിന്നീട് സമര്‍ത്ഥമായി അവസാന വിസില്‍ വരെ പിടിച്ച് നിന്ന് മഞ്ഞപ്പട വിജയം പേരിലാക്കി.
ബോള്‍ പൊസിഷനിലും പാസുകളുടെ എണ്ണത്തിലുമെല്ലാം ബംഗളൂരു എഫ്സിയാണ് മുന്നില്‍ നിന്നതെങ്കിലും മികച്ച ഗോള്‍ശ്രമങ്ങള്‍ നടത്തിയത് കൊച്ചിയിലെ മഞ്ഞപ്പട്ടാളമായിരുന്നു. പരമ്പരാഗതമായ 4-4-2 ശൈലിയിലാണ് ബ്ലാസ്റ്റേഴ്സ് കളത്തില്‍ ഇറങ്ങിയത്. പുതിയതായി ടീമിലെത്തിയ ഘാന സ്ട്രൈക്കര്‍ ക്വാമേ പെപ്രയെയും ജപ്പാനീസ് താരം ഡയസൂക് സക്കായിയെയും മുന്നേറ്റ നിരയില്‍ ഇറങ്ങി. മധ്യനിരയില്‍ കളി മെനയാന്‍ ക്യാപ്റ്റന്‍ ലൂണയും മലയാളിതാരം മുഹമ്മദ് എയമെനും ജീക്സണ് സിങ്ങും അണിനിരന്നു.
ഗോള്‍ വലയ്ക്ക് കീഴില്‍ മലയാളി താരം സച്ചിന് സുരേഷിനായിരുന്നു ചുമതല. പ്രതിരോധ നിരയിലെ വിശ്വസ്തന് ലെസ്കോവിച്ചും പരിക്ക് മൂലം വിട്ടുനിന്നപ്പോള്‍ ആദ്യമായി ടീമിലെത്തിയ മിലോസ് ഡ്രിന്‍കികിനായിരുന്നു ബംഗളൂരു ആക്രമണങ്ങളുടെ മൂര്‍ച്ച തടുക്കാനുള്ള വലിയ ദൗത്യം ഉണ്ടായിരുന്നത്. 5-3-2 ശൈലിയിലാണ് ബംഗളൂരു ഇറങ്ങിയത്. കഴിഞ്ഞ സീസണില്‍ ബ്ലാസ്റ്റേഴ്സിന്റെ നായകനായിരുന്ന ജെസല്‍ കര്‍ണെയ്റോയും ബംഗളൂരുവിന്റെ ആദ്യ ഇലവനില്‍ ഇറങ്ങിയിരുന്നു.
ആദ്യ പകുതിയില്‍ ബംഗളൂരു കളം പിടിച്ചെങ്കിലും മുന്നേറ്റ നിര താരം ശിവശക്തിക്ക് പന്ത് എത്തിക്കുന്നതില്‍ പലപ്പോഴും പരാജയപ്പെട്ടു. മറുവശത്ത് ഡയസൂക്ക് സക്കായിയെ അല്‍പ്പം പിന്നിലേയ്ക്ക് ഇറക്കിയാണ് മഞ്ഞപ്പട കളിച്ചത്. അതുകൊണ്ട് തന്നെ ബോക്സില്‍ അക്രമണം നയിക്കാന്‍ പെപ്ര ഒറ്റയ്ക്കായിരുന്നു. 26-ാം മിനിട്ടില്‍ സക്കായിയുടെ മുന്നോറ്റം ബംഗളൂരു പ്രതിരോധം ഫൗളിലൂടെയാണ് തടഞ്ഞത്. ബോക്സിന് തൊട്ട് പുറത്താണ് ഫൗള്‍ വന്നതെങ്കിലും ബ്ലാസ്റ്റേഴ്സ് താരങ്ങള്‍ പെനാല്‍റ്റിക്കായി മുറവിളി കൂട്ടി.
Last Updated Sep 21, 2023, 10:01 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]