
തിരുവനന്തപുരം: സി പി എം നേതാക്കളുടെ ഭാര്യമാരെ നവമാധ്യമങ്ങൾ വഴി ആക്ഷേപിച്ച കേസിൽ പ്രതി അറസ്റ്റിലായതിന് പിന്നാലെ പ്രതികരണവുമായി ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി രംഗത്ത്. അമൃത റഹിം, ഹർഷ ബിജു എന്നിവരെ സോഷ്യൽ മീഡിയയിലൂടെ അധിക്ഷേപിച്ച ‘കോട്ടയം കുഞ്ഞച്ചൻ’ എന്ന വ്യാജ പ്രൊഫൈലിന് പിന്നിൽ പ്രവർത്തച്ച പാറശാല സ്വദേശി എബിനാണ് അറസ്റ്റിലായത്. സംഭവത്തിൽ മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്ന ആവശ്യമാണ് വി കെ സനോജ് മുന്നോട്ടുവയ്ക്കുന്നത്. എബിന്റെ പോസ്റ്റിനടിയിൽ കമന്റുകൾ ചെയ്ത് പിന്തുണച്ചവരിൽ കോൺഗ്രസിന്റെ നേതാക്കന്മാർ ഉൾപ്പെടെയുണ്ടെന്നും ഈ സംഭവത്തിൽ മുഴുവൻ പ്രതികളെയും പിടികൂടി നിയമത്തിന് മുന്നിൽ കൊണ്ടു വരണമെന്നും ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി ആവശ്യപ്പെട്ടിട്ടുണ്ട്.
ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറിയുടെ കുറിപ്പ്
പൊതുപ്രവർത്തന രംഗത്തുള്ള വനിതകളെയും പൊതുപ്രവർത്തകരുടെ ഭാര്യമാരെയും കുടുംബത്തെയും ലൈംഗിക വൈകൃതങ്ങളോടെ കോട്ടയം കുഞ്ഞച്ചൻ എന്ന പേരിലുള്ള ഫേസ്ബുക്ക് അക്കൗണ്ട് വഴി അധിക്ഷേപം നടത്തിയ തിരുവനന്തപുരം കോടങ്കര കോൺഗ്രസ് വാർഡ് പ്രസിഡന്റും, KSU നെയ്യാറ്റിൻകര മണ്ഡലം വൈസ് പ്രസിഡന്റുമായ എബിൻ അറസ്റ്റിലായിരിക്കുകയാണ്. ഡി വൈ എഫ് ഐ അഖിലേന്ത്യാ പ്രസിഡന്റ് എ എ റഹീം എം.പിയുടെ ഭാര്യ അമൃത റഹീമിനെയും ഡി വൈ എഫ് ഐ നേതാവായിരുന്ന അന്തരിച്ച പി.ബിജുവിന്റെ ഭാര്യ ഹർഷയെയും ഉൾപ്പെടെയാണ് എബിൻ ഫേസ്ബുക്കിലൂടെ ലൈംഗിക അധിക്ഷേപം നടത്തിയത്.
അങ്ങേയറ്റം അശ്ലീലവും സ്ത്രീ വിരുദ്ധവും ലൈംഗിക വൈകൃതങ്ങളോടെയുള്ള മാനസികാവസ്ഥയുമായി കോൺഗ്രസ് സൈബർ കൂട്ടങ്ങൾ ഇത്തരം തെമ്മാടിത്തങ്ങൾ കുറച്ച് കാലമായി തുടർന്ന് വരികയായിരുന്നു. മുതിർന്ന കോൺഗ്രസ് നേതാക്കളുമായി അടുത്ത ബന്ധം പുലർത്തുന്ന എബിൻ എന്ന വ്യക്തി കോൺഗ്രസിന്റെ നേതൃത്വത്തിന്റെ കൂടി അറിവോടെയാണ് ഇത്തരത്തിൽ ലൈംഗിക വൈകൃതമുള്ള ഫേസ്ബുക്ക് പോസ്റ്റുകൾ സൃഷ്ടിച്ചത്.കോൺഗ്രസ് വാർഡ് പ്രസിഡന്റായ എബിന് പിന്നിൽ ഉന്നത കോൺഗ്രസ് നേതൃത്വമാണ്. എബിന്റെ പോസ്റ്റിനടിയിൽ കമന്റുകൾ ചെയ്തു പിന്തുണച്ചവരിൽ കോൺഗ്രസിന്റെ നേതാക്കന്മാർ ഉൾപ്പെടെയുണ്ട്. ഈ സംഭവത്തിൽ മുഴുവൻ പ്രതികളെയും പിടികൂടി നിയമത്തിന് മുന്നിൽ കൊണ്ടു വരണം.
കോൺഗ്രസിന്റെ ഉന്നത നേതൃത്വവുമായി അടുത്ത ബന്ധം പുലർത്തുന്ന എബിൻ ലൈംഗിക വൈകൃതം നിറഞ്ഞ അധിക്ഷേപത്തിന് അറസ്റ്റിലായ സംഭവത്തിൽ കോൺഗ്രസ് സംസ്ഥാന നേതൃത്വം മറുപടി പറയേണ്ടതുണ്ടെന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.
Last Updated Sep 22, 2023, 12:01 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]