
കൊച്ചി ∙ മോഷണക്കേസിൽ ആളുമാറി കസ്റ്റഡിയിലെടുത്ത് യുവാവിനെ ക്രൂരമായി തല്ലിച്ചതച്ചതിൽ കർശന അന്വേഷണത്തിന് എസ്പി ഉത്തരവിട്ടിട്ടും നടപടിയായില്ല. മൂവാറ്റുപുഴ പെരുമ്പല്ലൂർ മടത്തിക്കുടിയിൽ അമൽ ആന്റണി (35)ക്കാണ് കസ്റ്റഡി മർദനത്തിൽ നട്ടെല്ലിനും കഴുത്തിനും ഗുരുതരമായി പരുക്കേറ്റത്.
മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ ആദ്യം ചികിത്സ തേടിയെങ്കിലും കോട്ടയം മെഡിക്കൽ കോളജില് ചികിത്സിക്കണമെന്നാണ് ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത്. കിടപ്പിലായ അമൽ ഇപ്പോൾ താൽക്കാലികമായി ആയുർവേദ തിരുമ്മൽ ചികിത്സ തേടിയിരിക്കുകയാണ്.
15 വർഷമായി ഇലക്ട്രിക്കൽ ജോലി ചെയ്ത് കുടുംബം പോറ്റുന്നയാളാണ് അമൽ.
എന്നാൽ ഈ മാസം 12ന് ഉച്ചയോടെ വീട്ടിൽ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ നാലംഗ എത്തി അമലിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ബാറ്ററി വിറ്റോ എന്നായിരുന്നു പൊലീസിന്റെ ആദ്യ ചോദ്യം.
വിറ്റു എന്നു പറഞ്ഞപ്പോൾ എവിടെ നിന്ന് മോഷ്ടിച്ചതാണെന്നായി അടുത്ത ചോദ്യം. തന്റെ വീട്ടിലെ പഴയ ബാറ്ററിയാണ് വിറ്റതെന്ന് പറഞ്ഞിട്ടും കേൾക്കാൻ പോലും കൂട്ടാക്കാതെ അമ്മയുടെയും ഭാര്യയുടെയും ഒരു വയസ്സുള്ള കുഞ്ഞിന്റെയും മുന്നിലിട്ട് മർദിച്ചു.
തുടർന്ന് പൊലീസ് ജീപ്പിലേക്ക് വലിച്ചിഴച്ചു കയറ്റുകയായിരുന്നു എന്ന് അമൽ റൂറൽ എസ്പിക്ക് നൽകിയ പരാതിയിൽ പറയുന്നു. ജീപ്പിൽ വച്ച് ഒരാൾ രണ്ടു കൈയും കൂട്ടിപ്പിടിക്കുകയും മറ്റൊരാൾ മുട്ടുകൊണ്ട് പുറത്ത് പലവട്ടം ഇടിച്ചെന്നും പരാതിയിൽ പറയുന്നു.
പെരുമ്പല്ലൂർ മുതൽ മൂവാറ്റുപുഴ സ്റ്റേഷനിൽ എത്തുന്നതു വരെ പൊലീസ് വാഹനത്തിലിട്ടും പിന്നീട് സ്റ്റേഷനിൽ കൊണ്ടുപോയി െസല്ലിലിട്ടും മർദിച്ചതാണ് നട്ടെല്ലിനും കഴുത്തിനും ഗുരുതര പരുക്കേൽക്കാൻ കാരണമെന്ന് അമൽ പറയുന്നു.
നഗരത്തിലെ ഒരു കടയിൽ നിന്ന് ബാറ്ററി മോഷണം പോയെന്ന പരാതിയിലാണ് അമലിനെ പിടികൂടി ക്രൂരമായി മർദിച്ചത്. എന്നാൽ പ്രാഥമികാന്വേഷണം പോലും നടത്താതെയായിരുന്നു പൊലീസിന്റെ നടപടി എന്ന് പിന്നീട് മനസ്സിലായി.
കടയുടെ സിസി ടിവി ദൃശ്യത്തിൽ ഒരാൾ ബാറ്ററിയുമായി പോകുന്നത് കണ്ടതും മറ്റൊരു കടയിൽ ബാറ്ററി വിറ്റു എന്ന വിവരം ലഭിച്ചതിന്റെയും അടിസ്ഥാനത്തിൽ പൊലീസ് അമലിനെ തേടിയെത്തുകയായിരുന്നു. തുടർന്നായിരുന്നു കസ്റ്റഡിയും ക്രൂരമർദനവും.
എന്നാൽ 2 വർഷം മാത്രം പഴക്കമുള്ള ബാറ്ററിയാണ് മോഷണം പോയതെന്ന് പൊലീസിന് പിന്നീടാണ് മനസ്സിലായത്. വിറ്റ ബാറ്ററിയാകട്ടെ 10 വർഷം പഴക്കമുള്ളതും.
ഇതോടെ ആളുമാറിയാണ് മർദിച്ചതെന്ന് മനസ്സിലാക്കി പൊലീസ് അമലിനെ വീട്ടിൽ പറഞ്ഞു വിടുകയായിരുന്നു.
ചെയ്യാത്ത കുറ്റത്തിന് പൊലീസിന്റെ ക്രൂരമർദനം ഏൽക്കേണ്ടിവന്ന അമൽ ആശുപത്രിയിൽ പ്രവേശിച്ച് പ്രാഥമിക ചികിത്സ തേടിയ ശേഷമാണ്
റൂറൽ ജില്ല പൊലീസ് മേധാവിക്കും പൊലീസ് കംപ്ലെയ്ന്റ്സ് അതോറിറ്റിക്കും പരാതി നൽകിയത്. പരാതി അന്വേഷിച്ച് കർശന നടപടി സ്വീകരിക്കാൻ എസ്പി മൂവാറ്റുപുഴ ഡിവൈഎസ്പിക്ക് നിർദേശം നൽകിയിട്ടുണ്ട്.
എന്നാൽ അന്വേഷണത്തിൽ തുടർനടപടികളൊന്നും ഉണ്ടായിട്ടില്ല എന്നാണ് വിവരം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]