
മുതലമട ∙ഇടുക്കപ്പാറ ഊർക്കുളം കാട്ടിലെ സ്വകാര്യ തോട്ടത്തിൽ തൊഴിലാളിയായ ആദിവാസിയെ മുറിക്കകത്ത് അഞ്ചു ദിവസം തടങ്കലിൽ പാർപ്പിച്ചു മർദിച്ചതായി പരാതി.
മുതലമട മൂച്ചംകുണ്ട് ചമ്പാംകുഴിയിൽ വെള്ളയ്യനെയാണു (54) 5 ദിവസം മുറിക്കുള്ളിൽ അടച്ചിട്ടു മർദിച്ചതായും ഒരു നേരം മാത്രം ഭക്ഷണം കൊടുത്തതായും പരാതി ഉയർന്നിരിക്കുന്നത്.
സംഭവത്തിൽ തോട്ടം ഉടമകളായ രംഗനായകി, മകൻ പ്രഭു എന്നിവർക്കെതിരെ അന്യായമായി തടങ്കലിൽ പാർപ്പിച്ചതിനു
കേസെടുത്തു.
വെള്ളയ്യൻ വർഷങ്ങളായി ഇവരുടെ തോട്ടത്തിലെ പണിക്കാരനാണ്. ജോലിക്കു പോയ വെള്ളയ്യനെ ഏതാനും ദിവസങ്ങളായി കാണാതായതായി പരാതി ഉയർന്നിരുന്നു.
തുടർന്നു നാട്ടുകാർ നടത്തിയ അന്വേഷണത്തിൽ വെള്ളയ്യനെ മുറിയിൽ അടച്ചിട്ടതായി അറിഞ്ഞു. വ്യാഴാഴ്ച രാത്രിയോടെ പഞ്ചായത്ത് മുൻ അധ്യക്ഷ പി.കൽപനാദേവി, ഉപാധ്യക്ഷൻ എം.താജുദ്ദീൻ, ആദിവാസി നേതാക്കളായ നീളിപ്പാറ മാരിയപ്പൻ, ശിവരാജൻ ഗോവിന്ദാപുരം എന്നിവരുടെ നേതൃത്വത്തിൽ നാട്ടുകാർ ഊർക്കുളം കാട്ടിലെ ഹോം സ്റ്റേയിലെത്തി അടച്ചിട്ട
മുറിയിൽ വെള്ളയ്യൻ ഉണ്ടെന്നു സ്ഥിരീകരിച്ചു. തുടർന്ന് കൊല്ലങ്കോട് പൊലീസിനെ വിവരം അറിയിച്ചതോടെ എസ്ഐ സി.അയ്യപ്പജ്യോതിയുടെ നേതൃത്വത്തിലുള്ള സംഘം അടച്ചിട്ട
വാതിലിന്റെ ഒരു ഭാഗം തകർത്തു വെള്ളയ്യനെ പുറത്തെത്തിക്കുകയായിരുന്നു. വെള്ളയ്യനെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇടുക്കപ്പാറ ഊർക്കുളംകാട്ടിൽ ഹോം സ്റ്റേ നടത്തുന്ന രംഗനായകി, മകൻ പ്രഭു എന്നിവരുടെ ഉടമസ്ഥതയിലുള്ള തോട്ടത്തിലാണു സംഭവം.
ഹോം സ്റ്റേയുമായി ബന്ധപ്പെട്ടു തോട്ടത്തിൽ സൂക്ഷിച്ചിരുന്ന മദ്യം എടുത്തു കുടിച്ചുവെന്ന് ആരോപിച്ചാണ് ഇയാളെ മുറിക്കകത്ത് അടച്ചിട്ടതെന്നു പറയുന്നു. പ്രാഥമിക ആവശ്യങ്ങൾക്കു പോലും പുറത്തേയ്ക്കു വിട്ടില്ലെന്നു വെള്ളയ്യൻ പറഞ്ഞു.
കൊല്ലങ്കോട് പൊലീസ് ജില്ലാ ആശുപത്രിയിലെത്തി വെള്ളയ്യന്റെ മൊഴി എടുത്തതിനു ശേഷമാണു തോട്ടം ഉടമകൾക്കെതിരെ കേസ് റജിസ്റ്റർ ചെയ്തത്. കൊല്ലങ്കോട് പൊലീസ് ഇൻസ്പെക്ടർ കെ.മണികണ്ഠന്റെ നേതൃത്വത്തിൽ ഹോം സ്റ്റേ നടത്തുന്ന ഊർക്കുളംകാട്ടിലെ തോട്ടത്തിൽ പരിശോധന നടത്തി.
ചിറ്റൂർ ഡിവൈഎസ്പി വി.എ.കൃഷ്ണദാസിനാണ് അന്വേഷണച്ചുമതല.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]