
ബെംഗളൂരു∙ ഓണക്കാലമായതോടെ ബെംഗളൂരുവിൽ നിന്നുള്ള സ്വകാര്യ ബസുകളിലെ ടിക്കറ്റ് നിരക്കു കുതിച്ചുയരുകയാണ്. ഉത്രാടദിനം വരെ കാത്തുനിൽക്കുന്ന പതിവിൽ നിന്ന് മാറി ഒരു മാസം മുൻപേ കേരളത്തിലേക്ക് ഓണം സ്പെഷൽ
പ്രഖ്യാപിച്ചെങ്കിലും, ഇതൊന്നും സ്വകാര്യ ബസ് നിരക്കിനെ പിടിച്ചുകെട്ടാൻ ഉപകാരപ്പെടുന്ന മട്ടില്ല.
തിരക്ക് കൂടുതലുള്ള സെപ്റ്റംബർ 3ന് ബെംഗളൂരുവിൽ നിന്ന് എറണാകുളത്തേക്ക് എസി സ്ലീപ്പർ ബസിലെ നിരക്ക് 5000 രൂപയിലെത്തി. തിരുവനന്തപുരത്തേക്ക് 4000–4500 രൂപയും കോഴിക്കോട്ടേക്ക് 2500–3000 രൂപയുമാണ് നിലവിലെ നിരക്ക്.
അടുത്ത ആഴ്ചയോടെ നിരക്ക് ഇനിയുമുയരും.
ഇതിനു പരിഹാരമായി തിരക്കേറെയുള്ള സെപ്റ്റംബർ 2നും 3നും കൂടുതൽ സ്പെഷൽ ട്രെയിനുകൾ പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയിലാണു ബെംഗളൂരു മലയാളികൾ. ബെംഗളൂരുവിൽ നിന്ന് നിലവിൽ പ്രഖ്യാപിച്ചിരിക്കുന്ന 3 സ്പെഷൽ ട്രെയിനുകളും തിരുവനന്തപുരത്തേയ്ക്കാണ്.
മലബാറിലേക്ക് ഒന്നു പോലും ഇതുവരെ പ്രഖ്യാപിച്ചിട്ടുമില്ല. സേലം, പാലക്കാട് വഴി മംഗളൂരുവിലേക്ക് സ്പെഷൽ ട്രെയിൻ പ്രഖ്യാപിച്ചാൽ പാലക്കാട്, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലുള്ളവർക്കും ഓണയാത്ര സൗകര്യപ്രദമാകും.
ഓണം സ്പെഷലായി പുത്തൻ ബസുകൾ
പുത്തൻ എസി സീറ്റർ കം സ്ലീപ്പർ ബസുകൾ ഓണം സ്പെഷലായി ഓടിക്കുമെന്നു പ്രഖ്യാപിച്ചെങ്കിലും റൂട്ടും നിരക്കും സംബന്ധിച്ച തീരുമാനം വരും ദിവസങ്ങളിലുണ്ടാകുമെന്നാണ് കരുതുന്നത്.
എസി സീറ്റർ കം സ്ലീപ്പർ, എസി സീറ്റർ, എസി സ്ലീപ്പർ എന്നീ ശ്രേണികളിലായി 3 ബസുകളാണ് കേരള ആർടിസിക്ക് ലഭിച്ചത്. കൂടുതൽ ബസുകൾ സെപ്റ്റംബറോടെ എത്തും.
ബെംഗളൂരു– തിരുവനന്തപുരം റൂട്ടിലോടുന്ന കാലപഴക്കമേറിയ എസി മൾട്ടി ആക്സിൽ ബസുകൾക്ക് പകരമാണ് സീറ്റർ കം സ്ലീപ്പർ ബസുകൾ എത്തുന്നത്. നിലവിൽ തിരുവനന്തപുരത്തേക്ക് സേലം വഴിയുള്ള എസി സീറ്റർ കം സ്ലീപ്പറും മൈസൂരു വഴിയുള്ള നോൺ എസി സീറ്റർ കം സ്ലീപ്പറും കെഎസ്ആർടിസി സ്വിഫ്റ്റിന്റേതാണ്.
വേണ്ടത്ര ബസുകൾ ഇല്ലാത്തതിനാൽ ഒന്നിടവിട്ട ദിവസങ്ങളിലാണ് ഇവ സർവീസ് നടത്തുന്നത്.
ഇതുകൂടാതെ ഗജരാജ മൾട്ടി ആക്സിൽ എസി സ്ലീപ്പർ ബസുകളും സ്വിഫ്റ്റിനുണ്ട്. ഇതിൽ 2 ബസുകൾ നാഗർകോവിൽ വഴി തിരുവനന്തപുരത്തേക്കും 4എണ്ണം സേലം വഴി എറണാകുളത്തേക്കുമാണ് സർവീസ് നടത്തുന്നത്.
കൂടുതൽ സ്ലീപ്പർ ബസുകൾ ഇറക്കാൻ കർണാടക
ഓണം കഴിഞ്ഞ് പൂജാ അവധിക്കാലത്ത് കേരളത്തിലേക്ക് കൂടുതൽ എസി,നോൺ എസി വിഭാഗങ്ങളിലായി കൂടുതൽ സ്ലീപ്പർ ബസുകൾ ഇറക്കാനാണ് കർണാടക ആർടിസി തീരുമാനം. കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട് റൂട്ടുകളിലാണ് അംബാരി ഉത്സവ്, പല്ലക്കി സ്ലീപ്പർ സർവീസുകൾ ആരംഭിക്കുക.
ദസറയ്ക്ക് മുന്നോടിയായി പുതിയ ബസുകൾ ഓടിത്തുടങ്ങുമെന്നാണ് അറിയുന്നത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]