
കൊച്ചി∙ വിവരസാങ്കേതികവിദ്യയുടെ രംഗത്ത് അത്ഭുതാവഹമായ മാറ്റം സംഭവിക്കുകയാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. മനോരമ ന്യൂസ് കോൺക്ലേവ് 2025ൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
നിമിഷങ്ങൾ കൊണ്ട് സാങ്കേതിക വിദ്യമാറുന്നു. ചിന്തകളെപ്പോലും സ്വാധീനിക്കുന്ന തരത്തിൽ നിർമിതബുദ്ധി വികസിക്കുന്നു.
രാജ്യാതിർത്തികൾ അപ്രസക്തമാക്കുന്ന വ്യാപാര സംവിധാനങ്ങളാണു നിലവിലുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രിയുടെ വാക്കുകൾ
ജീവിതക്രമങ്ങൾ വലിച്ചെറിയേണ്ട അവസ്ഥയിലാണു ലോകത്തിന്റെ കുതിപ്പ്.
ചില കാര്യങ്ങളോട് ഒരു വർഷം മുൻപ് സ്വീകരിച്ച സമീപനം ഇന്ന് സ്വീകരിക്കാനാകില്ല. നാടിന്റെ പുരോഗതിക്ക് അനിവാര്യമാണ് വികസനം.
അത് യഥാസമയം നടന്നില്ലെങ്കിൽ പ്രയോജനമില്ല. വികസനം ഏറ്റവും പ്രധാനമാണ്.
ജനാധിപത്യത്തിൽ സർക്കാരുകൾ മാറും. എന്നാല്‍, നാടിന്റെ വികസനം തുടർപ്രക്രിയയാണു.
പുതിയ സർക്കാർ വന്നതിന്റെ പേരിൽ മുൻ സർക്കാരിന്റെ പദ്ധതികള്‍ ഉപേക്ഷിക്കരുത്. ഏതു സർക്കാർ പദ്ധതി തുടങ്ങി എന്നതല്ല, അവ എത്രമാത്രം ജനകീയ താൽപര്യം ഉയർത്തി പിടിക്കുന്നു എന്നതാണു പ്രധാനം.
നാടിന്റെ മുന്നോട്ടു പോക്കിന് ഗുണകരമായ ഏത് പദ്ധതിയും കക്ഷിരാഷ്ട്രീയത്തിന് അതീതമായി നടപ്പിലാക്കാനാണു സർക്കാർ ശ്രമിക്കുന്നത്. വെല്ലുവിളികളെ അതിജീവിച്ച് വിഴിഞ്ഞം പദ്ധതി യാഥാർഥ്യമാക്കി.
അതുപോലെ ഗെയിൽ പൈപ്പ് ലൈൻ പദ്ധതിയും നടപ്പിലാക്കി. ഇപ്പോൾ പൈപ്പിലൂടെ ഗ്യാസ് അടുക്കളയിലെത്തുന്നു.
ഇടമൺ–കൊച്ചി വൈദ്യുതി ലൈൻ പദ്ധതിയും നടപ്പിലായി.
നാടിന്റെ അടിസ്ഥാന സൗകര്യ വികസനത്തിൽ വലിയ മാറ്റമാണു സംഭവിക്കാൻ പോകുന്നത്. വരും തലമുറയ്ക്കു വേണ്ടിയുള്ള നവകേരളം സൃഷ്ടിക്കാൻ വിദ്യാഭ്യാസ മേഖലയിൽ വലിയ ഇടപെടൽ സർക്കാർ നടത്തുന്നു.
പൊതുവിദ്യാഭ്യാസ മേഖല കരുത്താർജിച്ചു. സ്കൂളുകളുടെ പശ്ചാത്തല സൗകര്യം വളർന്നു.
ഉന്നത വിദ്യാഭ്യാസമേഖലയിലും പുതുതലമുറ കോഴ്സുകൾ ആരംഭിച്ചു. ഉന്നത വിദ്യാഭ്യാസത്തിനായി കുട്ടികൾ വിദേശത്തേക്കു പോകുന്ന പ്രവണതയുണ്ട്.
അതു രാജ്യവ്യാപകമായി കാണുന്ന ദൃശ്യമാണ്. ഇത് സർക്കാർ ഗൗരവത്തോടെയാണു കാണുന്നത്.
രാജ്യത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾ എടുത്താൽ ആദ്യത്തെ നൂറെണ്ണത്തിൽ കേരളത്തിൽനിന്ന് ആരും മുൻപ് ഉണ്ടായിരുന്നില്ല.
ഇപ്പോൾ അതല്ല അവസ്ഥ. കേരളത്തിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആദ്യത്തെ നൂറെണ്ണത്തിൽ ഉൾപ്പെടുന്നു.
ഉന്നതവിദ്യാഭ്യാസ മേഖലയുടെ പുരോഗതിയാണ് ഇത് കാണിക്കുന്നത്. കേരളത്തിനു പുറത്തുള്ള, രാജ്യത്തിനു പുറത്തുള്ള വിദ്യാർഥികൾ കേരളത്തിൽ പഠിക്കാനെത്തുന്നു.
പുതിയ കാലത്ത് ആയുധമല്ല, വിവരം (ഡേറ്റ) ആണ് ഏറ്റവും വലിയ ശക്തി.
ഡേറ്റയുടെ വിശകലനത്തിൽ കേരളം അസൂയാവഹമായ പുരോഗതി നേടി. എഐ സാങ്കേതിക വിദ്യ ഫലപ്രദമായി ഉപയോഗപ്പെടുത്തി നാടിന്റെ മുന്നേറ്റം സാധ്യമാക്കാനാണ് കേരളം ശ്രമിക്കുന്നത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]