
ഏഴിന്റെ പണിയുമായി ബിഗ് ബോസ് മലയാളം സീസൺ 7 പതിനെട്ട് ദിവസങ്ങൾ പൂർത്തിയാക്കുകയാണ്. വീട്ടിൽ ബാക്കിയുള്ളത് 17 മത്സരാർത്ഥികൾ.
എന്തായിരിക്കും ഇവരുടെ ബിഗ് ബോസിലെ വീട്ടിലെ ഭാവി? ഇവരിൽ ആർക്കൊക്കെയാണ് അവിടെ തുടരാനാവുക? വളരെ ശക്തരെന്ന് തോന്നിപ്പിക്കുന്നവരും പതുങ്ങി ഇരിക്കുകയാണെങ്കിലും ഏത് സമയത്തും മുന്നിലേക്ക് കയറിവരാൻ കഴിവുള്ളവരും ഈ കൂട്ടത്തിലുണ്ട്. ദുർബലരായ മത്സരാർത്ഥികളെന്ന് തോന്നിപ്പിക്കുന്ന, ആരുടെയെങ്കിലും നിഴലായി മാത്രം വീട്ടിൽ തുടരുന്നവരുമുണ്ട്.
17 മത്സരാർത്ഥികളെയും നമുക്ക് ഈ തരത്തിലൊന്ന് വിശകലനം ചെയ്തുനോക്കാം. വീട്ടിൽ പ്രധാനികളായ ആളുകൾ എന്ന് ഈ ഘട്ടത്തിൽ പറയാൻ പറ്റുന്നത് അനീഷ്, ഷാനവാസ്, അക്ബർ, അനു, ജിസേൽ, ശരത്, ആര്യൻ എന്നിവരെ തന്നെയാണ്.
ഇവർക്കുള്ള പ്രേക്ഷക പിന്തുണയും വീട്ടിലെ ഇവരുടെ സ്ഥാനവും മാറി മറിയുന്നതാണ് ഇതുവരെയുള്ള കാഴ്ച. ആർക്കും കാര്യമായ മുൻതൂക്കമില്ല.
സാഹചര്യങ്ങളും ഓരോരുത്തരുടെയും പ്രകടനങ്ങളും അനുസരിച്ച് ഇതിലെല്ലാം വ്യത്യാസങ്ങൾ വരുന്നുണ്ടെങ്കിലും ഏറെക്കുറെ കൺസിസ്റ്റന്റ് ആയി തങ്ങളുടെ ഗ്രാഫ് കൊണ്ടുപോകാൻ ശ്രമിക്കുന്നു എന്നത് തന്നെയാണ് ഇവരുടെ പ്രത്യേകത. ഫാൻസിനോളംതന്നെ ഹേറ്റേഴ്സും ഇവർക്കുണ്ട് എന്നതും പ്രധാനപ്പെട്ടതാണ്.
ബിഗ് ബോസ് ഷോയിൽ ഇതിന് രണ്ടിനും പ്രാധാന്യവും ഉണ്ട്. അനീഷ് ആയിരുന്നു ഈ കൂട്ടത്തിൽ ആദ്യ ദിവസങ്ങളിൽ മുന്നിട്ടുനിന്നിരുന്നത്.
രണ്ടാം ആഴ്ചയിൽ അൽപ്പം പിന്നോട്ട് പോയെങ്കിലും കഴിഞ്ഞ ദിവസത്തെ ത്യാഗം ടാസ്ക്കിലെ പെർഫോമൻസോടെ അനീഷിന്റെ ഗ്രാഫ് വീണ്ടും ഉയരുന്ന കാഴ്ചയാണ് കണ്ടത്. ഇതേ ടാസ്ക് തന്നെയാണ് ആര്യന്റെയും ജിസേലിന്റെയും കാര്യത്തിലും നിർണായകമായത്.
വീട്ടിലെ ‘മെയിൻ’ ആളുകളായി തുടക്കം മുതൽ നിലനിന്നിരുന്ന ആര്യന്റെയും ജിസേലിന്റെയും അപ്രമാദിത്വത്തിൽ ഇടിവ് ഉണ്ടാക്കിയതിൽ ഈ ടാസ്ക്കിന് വലിയ പങ്കുണ്ട്. ഇതിന് പിന്നാലെ ഇരുവരും വീടിനകത്തും പുറത്തും കൂടുതൽ എക്സ്പോസ്ഡ് ആയിക്കൊണ്ടിരിക്കുകയുമാണ്.
ജിസേലുമായുള്ള പ്രശ്നത്തോടെയാണ് വീട്ടിലെ പ്രധാനികളിൽ ഒരാളായി അനുമോൾ മാറിയത്. മറ്റാരും ചോദ്യം ചെയ്യാൻ ധൈര്യപ്പെടാത്ത ജിസേലിന്റെ പ്രവർത്തികൾ ചൂണ്ടിക്കാട്ടിയതോടെ പ്രേക്ഷകരും അനുവിനെ കൂടുതൽ ശ്രദ്ധിക്കാൻ തുടങ്ങി.
വീട്ടിൽ ഡ്രാമ ക്രിയേറ്റ് ചെയ്യാൻ കഴിവുള്ള ആളുകളിൽ ഒരാളും കൂടിയാണ് അനു. പക്ഷേ ജിസേൽ അല്ലാതെ മറ്റ് കണ്ടന്റുകൾ ഉണ്ടാക്കാൻ അനുവിന് കഴിയുന്നുണ്ടോ എന്ന് സംശയമാണ്.
കൂടാതെ പെട്ടന്ന് ഇമോഷണൽ ആകുന്ന അനുവിന്റെ സ്വഭാവവും നന്നായി സംസാരിക്കാൻ കഴിയാത്തതും എല്ലാം തിരിച്ചടിയാകാനിടയുണ്ട്. അക്ബർ, ഷാനവാസ്, അപ്പാനി ശരത്.
ഇവർ മൂന്നുപേരും ഏറെക്കുറേ ഒരേ ട്രാക്കിൽ ഓടുന്ന ആളുകളാണ്. അക്ബറും ശരത്തും ഒന്നിച്ച് ഗെയിം കളിക്കുമ്പോൾ ഇവർ എതിർ വശത്ത് നിർത്തുന്നയാളാണ് ഷാനവാസ്.
ഇക്കൂട്ടത്തിൽ ശരത്താണ് കൂടുതൽ വീക്ക് ആയ ആൾ. ശരത്തിൽനിന്ന് മാറി ഗെയിം കളിക്കുന്ന അക്ബർ കൂടുതൽ ശക്തനാകുമോ അതോ ദുർബലനാകുമോ എന്നത് ഒരു ചോദ്യവുമാണ്.
ശരത്തിനെയും അക്ബറിനെയും പൊളിക്കുക എന്ന ഉദ്ദേശമാണ് ഷാനവാസിന് പ്രധാനമായും ഉള്ളത്. ഒറ്റക്കാണ് ഷാനവാസ് ആദ്യം കളിച്ചിരുന്നതെങ്കിലും ഇപ്പോൾ അക്ബർ-ശരത് കൂട്ടുകെട്ടിനെതിരെ നിൽക്കാൻ ഷാനവാസും ഗ്രൂപ്പ് ആയി തന്നെയാണ് കളിക്കുന്നത്.
ഒറ്റക്ക് കളിച്ചതുകൊണ്ടാണ് ഷാനവാസിനെ പ്രേക്ഷകരിൽ ഒരു വിഭാഗം ഇഷ്ടപ്പെട്ടത്. അതുകൊണ്ടുതന്നെ ഗ്രൂപ്പ് കളിയിൽ ഷാനവാസിന്റെ ഭാവി എന്താകുമെന്ന് ഇപ്പോൾ പറയാനാവില്ല.
എപ്പോഴും ആക്റ്റീവ് അല്ല. പക്ഷേ കയ്യിൽ ഒരു വെടിക്കുള്ള മരുന്നൊക്കെ ഉണ്ട്.
വേണമെങ്കിൽ ഒരു ഫയർ ഉണ്ടാക്കാനും കത്തിക്കയറാനും പറ്റുകയും ചെയ്യും. അങ്ങനെ ചിലരുമുണ്ട് ബിഗ് ബോസ് വീട്ടിൽ.
ആ ഗ്രൂപ്പിൽ പെടുന്ന ആളുകളാണ് നെവിൻ, അഭിലാഷ്, റെന, ആദില-നൂറ, ബിന്നി, ഒനീൽ എന്നിവർ. കൺസിസ്റ്റൻസി ഇല്ല എന്നതുതന്നെയാണ് ഇവരുടെ പ്രധാന പ്രശ്നം.
അതുകൊണ്ടുതന്നെ പ്രേക്ഷക പിന്തുണയും നിലനിർത്താൻ ഇവർക്ക് കഴിയുന്നില്ല. പലരുടെയും നിഴലായി മാത്രം ഒതുങ്ങിപ്പോകുന്നു എന്നതും ഇവരിൽ പലരും നേരിടുന്ന പ്രശ്നമാണ്.
റെനയെ തന്നെ ഉദാഹരണമായി എടുക്കാം. പൊട്ടൻഷ്യൽ ഉള്ള നല്ല മത്സരാർത്ഥി എന്ന് തുടക്കത്തിൽ തോന്നിപ്പിച്ച റെന ജിസേലിന്റെയും ആര്യന്റെയും പാവയെ പോലെയാണ് ഇപ്പോൾ കളിക്കുന്നത്.
ഇവരുടെ ഗുഡ് സർട്ടിഫിക്കറ്റ് വാങ്ങുക, ഇവരുമായി നല്ല ബന്ധം ഉണ്ടാക്കുക എന്നത് മാത്രമാണ് റെനയുടെ നിലവിലെ ലക്ഷ്യമെന്നുപോലും തോന്നിപ്പിക്കുന്ന തരത്തിലാണ് അവരുടെ പെരുമാറ്റം. ഇതിൽനിന്ന് പുറത്തുകടക്കാനായാൽ റെനയ്ക്ക് ഏറെദൂരം മുന്നോട്ടുപോകാൻ കഴിഞ്ഞേക്കും.
പക്ഷേ അത് എത്രയും വേഗം ചെയ്തില്ലെങ്കിൽ, തുടർച്ചയായി നോമിനേഷനിൽ ഉൾപ്പെട്ടാൽ ഒരുപക്ഷേ റെന പുറത്തേക്ക് പോകേണ്ടിയും വരും. ആര്യൻ, ജിസേൽ എന്നിവരുടെ വീട്ടിലെ ഡോമിനൻസി, ശരത് – അക്ബർ എന്നിവരുടെ ഗ്രൂപ്പിസം അടക്കമുള്ള കാര്യങ്ങൾ മനസിലാക്കാനും പ്രതികരിക്കാനുമുള്ള ധൈര്യം എപ്പോഴും കാണിക്കുന്ന ആളാണ് അഭിലാഷ്.
പക്ഷേ കൺസിസ്റ്റൻസി ഇല്ലായ്മയും അമിതമായ ദേഷ്യവും അഭിലാഷിനും തിരിച്ചടിയായേക്കും. ഒനീലിന്റെ പ്രശ്നവും ഏറെക്കുറേ ഇതുതന്നെയാണ്.
അമിതമായ ദേഷ്യവും ആ സമയത്തുപയോഗിക്കുന്ന വാക്കുകളുമാണ് ഒനീലിന്റെ പ്രധാന പരിമിതി. കൂടാതെ ആളുകളോട് വ്യക്തി വൈരാഗ്യം പുലർത്തുന്നതായും തോന്നിയിട്ടുണ്ട്.
ആദ്യ ദിവസങ്ങളിൽ തന്നെ ഒനീലിന് താൽപര്യക്കുറവ് തോന്നിയ ബിന്നി, റെന എന്നിവരോട് ഇപ്പോഴും വെറുപ്പുള്ള തരത്തിലാണ് ഒനീൽ പെരുമാറുന്നത്. വളരെ സൈലന്റ് ആണെങ്കിലും എന്തൊക്കെയോ കാരണങ്ങൾ കൊണ്ട് ആളുകൾക്ക് താല്പര്യം തോന്നുന്ന ആളാണ് ബിന്നി.
ഗെയിം എന്താണെന്നും സഹമത്സരാർത്ഥികളുടെ വീക്ക് പോയിന്റുകൾ എന്താണെന്നും മനസിലാക്കി കളിക്കാനാണ് പലപ്പോഴും ബിന്നിയുടെ ശ്രമം. പക്ഷേ സമയമെടുത്ത് സാവധാനം കളിക്കാൻ പറ്റുന്ന സ്ഥലമല്ല ബിഗ് ബോസ്.
നേരിട്ട് ട്രാക്കിലേക്കിറങ്ങി കളിച്ചാൽ ബിന്നി വീട്ടിലെ പവർ ഫുൾ ആളുകളിൽ ഒരാളായി മാറിയേക്കും. സ്വന്തമായി ക്രിയേറ്റ് ചെയ്ത കണ്ടന്റുകളിലൂടെ തന്റേതായ സ്പെയ്സ് ഉണ്ടാക്കിയ നെവിൻ ഇപ്പോൾ അൽപ്പം ഒന്നൊതുങ്ങിയ മട്ടാണ്.
എങ്കിലും തുടക്കത്തിൽത്തന്നെ ഉണ്ടാക്കാനായ പ്രേക്ഷക പിന്തുണ നെവിന്റെ പോസിറ്റീവ് ആണ്. കൂടുതൽ ഫോക്കസ്ഡ് ആയി കളിച്ചാൽ നെവിനും പവർഫുൾ ആയി മാറാനാകും.
മലയാളികൾക്ക് അത്രയൊന്നും പരിചിതമല്ലാത്ത, പെട്ടന്ന് അംഗീകരിക്കാനാവാത്ത റിലേഷൻഷിപ്പ്. എന്നിട്ടും ആദിലയും നൂറയും ഒരുപാടുപേരുടെ ഇഷ്ടം പിടിച്ചുപറ്റിയിട്ടുണ്ട്.
അനാവശ്യമായി പ്രശ്നങ്ങൾ ഉണ്ടാക്കാത്ത, വീട്ടിലെ പ്രശ്നങ്ങൾ തങ്ങളെക്കൊണ്ട് ആകുന്നതുപോലെ പരിഹരിക്കാൻ ശ്രമിക്കുന്ന ഇരുവർക്കും വീട്ടിൽ അങ്ങനെ പറയത്തക്ക ശത്രുക്കളില്ല. ഇവർ മറ്റുള്ള ആളുകളെ ഡീൽ ചെയ്യുന്നതും മികച്ച രീതിയിലാണ് എന്ന് തോന്നിയിട്ടുണ്ട്.
വളരെ പതുങ്ങിയ മട്ടിലെ ഗെയിം ആണ് ഇവരുടെയും പ്രശ്നം. കൂടുതൽ ആക്റ്റീവ് ആയി കളിച്ചാൽ ആദില-നൂറ ഏറെ ദൂരം മുന്നോട്ടുപോകാൻ കഴിയുന്ന ആളുകളാണ്.
ഗ്രാഫിൽ കാര്യമായ ഒരു ചലനവും തുടക്കം മുതൽ ഉണ്ടാക്കാനാവാത്ത, മറ്റുള്ളവരുടെ തണലിൽ മാത്രം പിടിച്ചുനിൽക്കുന്നു എന്ന് തോന്നിപ്പിക്കുന്ന വീട്ടിലെ ആളുകൾ കലാഭവൻ സരിഗ, രേണു, ശൈത്യ, ശാരിക എന്നിവരാണ്. ഇവരിൽ ശാരിക എന്തൊക്കെയോ ചെയ്യാൻ ശ്രമിക്കുന്നുണ്ടെങ്കിലും ഒന്നും ലക്ഷ്യം കാണുന്നില്ല.
സരിഗയും ശൈത്യയുമാകട്ടെ, പവർഫുൾ ആയ മറ്റുള്ള മത്സരാർത്ഥികളുടെ നിഴലിൽ നിൽക്കാനല്ലാതെ മറ്റൊന്നിനുമുള്ള പൊട്ടൻഷ്യൽ ഇതുവരെ കാണിച്ചിട്ടുമില്ല. വലിയ ഹൈപ്പോടുകൂടി വീട്ടിൽ വന്ന രേണു സുധി അവിടത്തെ ഏറ്റവും വീക്കായ മത്സരാർത്ഥിയാണ്.
ടാസ്ക്കുകളിലോ മറ്റുള്ള കാര്യങ്ങളിലോ ഒന്നും തന്റേതായ ഒരടയാളവും പതിപ്പിക്കാൻ രേണുവിന് കഴിഞ്ഞിട്ടില്ല. വലിയ സാധ്യതകൾ മുന്നിലുണ്ടായിട്ടുപോലും അതൊന്നും ഉപയോഗിക്കാത്ത ഏറ്റവും മോശം മത്സരാർത്ഥികളിൽ ഒരാൾ രേണുതന്നെയെന്ന് ഉറപ്പിച്ച് പറയാം.
ദിവസങ്ങൾ ഇനിയുമുണ്ട്. പലരും വരാനും പോകാനുമുണ്ട്.
അപ്പോഴാരെന്നും എന്തെന്നും ആർക്കറിയാം… …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]