
മഹേഷ് നാരായണനും ഷെബിൻ ബെക്കറും ചേര്‍ന്ന് നിർമ്മിച്ച് അഖിൽ അനിൽകുമാർ സംവിധാനം ചെയ്ത് അർജുൻ അശോകൻ നായകനായെത്തിയ ‘തലവര’ മികച്ച ഒരു സിനിമാനുഭവമാണ് സമ്മാനിക്കുന്നത്. ശരീരത്തില്‍ വെള്ള പാണ്ടുള്ളതിന്റെ പേരില്‍ പാണ്ട
എന്ന് മറ്റുള്ളവര്‍ പരിഹാസത്തോടെ വിളിക്കുന്ന ജ്യോതിഷിന്റെ ജീവിതവും അയാൾ നേരിടുന്ന വെല്ലുവിളികളുമാണ് രണ്ട് മണിക്കൂറുള്ള തലവര പറയുന്നത്. രേവതി ശർമ്മയാണ് ചിത്രത്തിൽ നായികയായെത്തുന്നത്.
ദേവദർശിനി, അശോകൻ, ഷാജു ശ്രീധർ, അശ്വത് ലാൽ, പ്രശാന്ത് മുരളി, അഭിറാം രാധാകൃഷ്ണൻ, അമിത് മോഹൻ രാജേശ്വരി, സാം മോഹൻ, മനോജ് മോസസ്, സോഹൻ സീനുലാൽ, മുഹമ്മദ് റാഫി, വിഷ്ണു രഘു, ശരത് സഭ, ഷെബിൻ ബെൻസൺ, ആതിര മറിയം, വിഷ്ണുദാസ്, ഹരീഷ് കുമാർ, സുമ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. പാലക്കാടൻ ടൗണിലുള്ള ഒരു ഹൗസിങ്ങ് കോളനിയും അതുമായി ബന്ധപ്പെട്ട
പരിസരപ്രദേശങ്ങളിലുമാണ് ചിത്രം കഥ പറയുന്നത്. ഒരു വെള്ളിയാഴ്ച ദിവസം, കള്ളം പറഞ്ഞുകൊണ്ട് പുതിയ സിനിമയുടെ ആദ്യ ഷോ കാണാൻ പോയതിന് ജോലി നഷ്ടപ്പെട്ട
വ്യക്തിയാണ് പാണ്ട എന്നറിയപ്പടുന്ന ജ്യോതിഷ്.
സിനിമയുടെ ആദ്യ ഭാഗങ്ങളിൽ തന്നെ എന്താണ് തലവര പറയാൻ ഉദ്ദേശിക്കുന്നതെന്നും ആരാണ് നായകനായ പാണ്ട എന്നുമുള്ള കൃത്യമായ ഒരു ധാരണ ചിത്രം പ്രേക്ഷകർക്ക് നൽകുന്നുണ്ട്.
പാണ്ടയുടെ അച്ഛൻ (അശോകൻ) വലിയ സിനിമാ പ്രേമിയും വിക്രം നായകനായ ജെമിനിയിൽ ജൂനിയർ ആർട്ടിസ്റ്റ് ആയി പ്രവർത്തിച്ച വ്യക്തിയുമാണ്. അതും ജെമിനി പാലക്കാട് ചിത്രീകരണം നടന്നതുകൊണ്ട് മാത്രം.
സൗന്ദര്യം എന്ന സങ്കൽപം പലപ്പോഴും സമൂഹത്തിന്റെ പൊതുബോധവുമായി ഒത്തിണങ്ങി പോവുന്ന നിരവധി ഘടകങ്ങളാൽ കൂടിചേർന്നതാണ്. അത്തരം ഘടകങ്ങൾക്ക് പുറത്തുനിൽക്കേണ്ടി വരുന്നവർ പലപ്പോഴും ജീവിതത്തിലുടനീളം ബോഡി ഷെയിമിംഗിനും ബുള്ളീയിങ്ങിനും ഇരയാക്കപ്പെടുന്നവർ കൂടിയാണ്.
തനിക്ക് വന്ന വെള്ളപ്പാണ്ട് കാരണം ജീവിതത്തിൽ ഒരിടത്തും എത്താതെപോയ, ഓരോ ദിവസങ്ങളിലും അപകർഷതാബോധത്തോടെ ജീവിക്കേണ്ടി വരുന്ന പാണ്ടയുടെ ക്യാരക്ടർ ആർക്ക് ആണ് ചിത്രത്തിന്റെ ഏറ്റവും വലിയ പോസിറ്റിവ്. ഒരു സിനിമാ നടൻ ആവണമെന്നുള്ള സ്വപ്നം ജീവിതത്തിന്റെ കഷ്ടപ്പാടുകൾക്കിടയിലും അയാൾ മുറുകെ പിടിക്കുന്നുണ്ട്.
നിസ്സഹായനാണെങ്കിലും അച്ഛൻ മാത്രമാണ് അയാളുടെ സിനിമാ സ്വപനത്തെ മുറുകെപിടിക്കാൻ പ്രേരിപ്പിക്കുന്നതും അയാളെ ആദ്യം മുതലേ വിശ്വസിക്കുന്നതും. പാണ്ടയുടെ അപകർഷതാബോധം ഒരു ദിവസം പെട്ടെന്ന് രൂപപ്പെട്ടതല്ല എന്ന് സിനിമയിൽ പറയുന്നുണ്ട്.
അതുവരെ തന്നെ പാണ്ട എന്ന് വിളിച്ചിരുന്ന സുഹൃത്തുക്കളോട് ഇനി അങ്ങനെ വിളിക്കരുതെന്നും സ്നേഹവും കളിയാക്കലും തമ്മിൽ വലിയ വ്യത്യാസമുണ്ടെന്നും അയാൾ തിരിച്ചുപറയുന്നുണ്ട്.
അത്തരമൊരു തിരിച്ചറിവിലേക്ക് അയാൾക്ക് എത്താൻ തന്നെ വലിയ ദൂരം സഞ്ചരിക്കേണ്ടി വന്നിട്ടുണ്ട്. ഒരു പ്രണയത്തിൽ നിന്നും രൂപപ്പെട്ട
അപകർഷതാബോധം മറ്റൊരു പ്രണയത്തിലൂടെ തന്നെ ജ്യോതിഷ് മാറ്റിയെടുക്കുന്നുണ്ട്. വൈകാരികമായ നിരവധി മുഹൂർത്തങ്ങളാണ് ചിത്രത്തിന്റെ മറ്റൊരു പോസിറ്റിവ്.
ഓരോ കഥാപാത്രവും പ്രേക്ഷക മനസിലേക്ക് അത്രയും ആഴത്തിൽ പതിപ്പിക്കാൻ സംവിധായകന് സാധിച്ചിട്ടുണ്ട്. അർജുൻ അശോകന്റെ സിനിമാ ജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിൽ ഒന്ന് തന്നെയായിരിക്കും തലവരയിലെ പാണ്ട
എന്ന ജ്യോതിഷ്. കരച്ചിലിനും, നിസ്സഹായതയ്ക്കും നിരാശയ്ക്കും പരാജയത്തിനും സന്തോഷത്തിനും തുടങ്ങി എല്ലാ വികാരങ്ങളും അർജുൻ അശോകന്റെ കയ്യിൽ ഭദ്രമായിരുന്നു.
അശോകൻ അവതരിപ്പിച്ച അച്ഛൻ കഥാപാത്രവും ദേവദർശിനി അവതരിപ്പിച്ച ആശ എന്ന അമ്മ കഥാപാത്രവും മികവ് പുലർത്തി. ഒരു അടിസ്ഥാനവർഗ്ഗ കുടുംബത്തിലെ ഏതൊരു അമ്മയുടെയും അച്ഛന്റെയും പ്രതീക്ഷകളും സ്വപ്നങ്ങളും അവരിലും നിഴലിച്ചിരുന്നു.
കൂടാതെ ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെല്ലാം തന്നെ ഏറ്റവും മികച്ച പ്രകടനം തന്നെയായിരുന്നു പുറത്തെടുത്തത്. കുറഞ്ഞ രംഗങ്ങളിൽ മാത്രം വന്നുപോയ ശരത് സഭയുടെ ഡമ്മി ഗണേഷ് എന്ന കഥാപാത്രം സിനിമയവസാനിക്കുമ്പോൾ ഒരു നോവായി പ്രേക്ഷകരിൽ അവസാനിക്കുമെന്നുറപ്പാണ്.
തനത് പാലക്കാടൻ ഭാഷാ ശൈലിയാണ് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത. ഓരോ കഥാപാത്രത്തിന്റെയും നീട്ടിയും കുറുക്കിയുമുള്ള ആ ‘എന്താണ്ടാ’ വിളി മാത്രം മതി മനസ് നിറയാൻ.
പാലക്കാട് ടൗണും ചുറ്റുവട്ടവും അവിടുത്തെ മനുഷ്യരും സിനിമാമോഹവുമായി നടക്കുന്ന യുവാക്കളെയും സിനിമയ്ക്കുള്ളിലെ അരക്ഷിതാവസ്ഥയെയും ചിത്രം മികച്ചതായി തന്നെ പറഞ്ഞുപോവുന്നുണ്ട്. ചിത്രത്തിലെ ഏറ്റവും മികച്ചതെന്ന് പറയാൻ കഴിയുന്ന മറ്റൊന്നാണ് ഇലക്ട്രോണിക് കിളി ഒരുക്കിയ പാട്ടുകളും പശ്ചാത്തല സംഗീതവും.
ചിത്രത്തിലെ ‘കണ്ട് കണ്ട് പൂചെണ്ട് തേൻ വണ്ട് പോലെ വന്നു നിന്ന്…’ എന്ന് തുടങ്ങുന്ന ഗാനം വരുംദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ അടക്കം ട്രെൻഡിംഗ് ആവാൻ പോവുന്ന ഗാനമാണെന്ന് ഉറപ്പാണ്. ഓരോ വൈകാരിക മുഹൂർത്തങ്ങളിലും പശ്ചാത്തല സംഗീതം നൽകിയ ഫീൽ പറഞ്ഞറിയിക്കാൻ കഴിയാത്തതാണ്.
ഇങ്ങനെയൊരു സിനിമ നിർമിക്കാൻ മുൻകൈയെടുത്ത മഹേഷ് നാരായണനും ഷെബിൻ ബെക്കറും തീർച്ചയായും കയ്യടിയർഹിക്കുന്നു. ഫ്രീഡം ഫൈറ്റ് എന്ന ആന്തോളജിയിലെ ഗീതു അൺചെയ്ൻഡ് എന്ന ചിത്രത്തിനും ഐശ്വര്യ ലക്ഷ്മി നായികയായെത്തിയ അർച്ചന 31 നോട്ട്ഔട്ട് എന്ന ചിത്രത്തിനും ശേഷം അഖിൽ അനിൽകുമാറിന്റെ മറ്റൊരു മികച്ച സൃഷ്ടിയാണ് തലവര.
കെട്ടുറപ്പുള്ള തിരക്കഥയും കഥാപാത്രങ്ങളുടെ ഒന്നിനൊന്ന് മികച്ച പ്രകടനവും തലവരയുടെ തലവര മാറ്റുമെന്നുറപ്പാണ്. തിയേറ്ററിൽ തീർച്ചയായും വിജയിക്കേണ്ട, ഇനിയുമേറെ പ്രേക്ഷകരിലേക്ക് എത്തേണ്ട
ചിത്രമാണ് തലവര. കാരണം ലോകത്തിന്റെ ഏതോ ഒരു കോണിൽ, തന്റേതല്ലാത്ത കാരണം കൊണ്ട് സ്വന്തം സ്വപ്നങ്ങൾ പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വന്ന, സമൂഹം അടിച്ചേൽപ്പിച്ച അപകർഷതാബോധവുമായി ഒതുങ്ങികൂടിയ ഏതെങ്കിലും ഒരു ‘പാണ്ട’ ഇപ്പോഴും ജീവിക്കുന്നുണ്ടാവും.
അതെ, സ്നേഹവും കളിയാക്കലും ഒന്നല്ല, രണ്ടും രണ്ടാണ്! …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]