
തിരുവനന്തപുരം ∙ എംഎൽഎ സ്ഥാനം കൂടി രാജിവയ്ക്കാൻ എൽഡിഎഫിൽനിന്നും ബിജെപിയിൽനിന്നും രാഷ്ട്രീയ സമ്മർദമുണ്ടെങ്കിലും കോൺഗ്രസിലും മറ്റു പാർട്ടികളിലും അങ്ങനെയൊരു കീഴ്വഴക്കമില്ലെന്നു കണ്ടാണു
എംഎൽഎ സ്ഥാനം നിലനിർത്താൻ പാർട്ടി തീരുമാനിച്ചത്. ഇപ്പോൾ നിയമസഭയിലുള്ള എൽദോസ് കുന്നപ്പള്ളി, എം.വിൻസന്റ് എന്നിവരുടെ കാര്യത്തിലെടുത്ത സമീപനം തന്നെ രാഹുലിനോടും സ്വീകരിച്ചാൽ മതിയെന്നു ധാരണയായി.
ഇവർക്കു രണ്ടുപേർക്കുമെതിരെ കേസും കുറ്റപത്രവുമുണ്ടെങ്കിൽ രാഹുലിനെതിരെയുള്ളത് ആരോപണം മാത്രമാണെന്നതും കണക്കിലെടുത്തു. എംഎൽഎ സ്ഥാനം ഒഴിയണമെന്ന അഭിപ്രായം ഇന്നലെ രാഹുൽ വിഷയം നേതൃത്വവുമായി ചർച്ച ചെയ്ത നേതാക്കളാരും ഉന്നയിച്ചില്ല.
എം.വിൻസന്റിനെതിരെയുള്ള ലൈംഗികാതിക്രമക്കേസിൽ അദ്ദേഹം ജയിലിൽ കിടന്നിരുന്നു. കുറ്റപത്രം നൽകിയ കേസ് വിചാരണയിലേക്കു കടക്കാനിരിക്കുകയാണ്.
ലൈംഗികാതിക്രമം, തട്ടിക്കൊണ്ടുപോകൽ, കൊലപാതകശ്രമം എന്നിവയ്ക്കുള്ള കേസിൽ എൽദോസ് മുൻകൂർ ജാമ്യത്തിലാണ്. കോടതിയിൽ കുറ്റപത്രവും സമർപ്പിച്ചു.
രണ്ടുപേരെയും അൽപകാലം പാർട്ടി പരിപാടികളിൽനിന്നു മാറ്റി നിർത്തിയെന്നതല്ലാതെ മറ്റു നടപടികളൊന്നുമുണ്ടായിട്ടില്ല. എംഎൽഎ സ്ഥാനം ഒഴിയാൻ പാർട്ടി നിർദേശിച്ചുമില്ല.
മറുവശത്ത് സിപിഎമ്മിന്റെ എം.മുകേഷ് എംഎൽഎക്കെതിരെ നടിയുടെ വെളിപ്പെടുത്തലിൽ ലൈംഗികാതിക്രമത്തിനും വഞ്ചനയ്ക്കും കേസെടുക്കുകയും അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിടുകയും ചെയ്തിരുന്നു.
മുകേഷ് രാജിവയ്ക്കേണ്ടതില്ലെന്നും കുറ്റക്കാരനെന്നു കോടതി കണ്ടെത്തിയാൽ രാജിക്കാര്യം ആലോചിക്കാമെന്നുമായിരുന്നു സിപിഎമ്മിന്റെ നിലപാട്. ദുരനുഭവമുണ്ടായെന്നു സ്വർണക്കടത്ത് കേസ് പ്രതി മാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയപ്പോൾ അതിൽ ഉൾപ്പെട്ട
കടകംപള്ളി സുരേന്ദ്രൻ എംഎൽഎക്കും സിപിഎം ഈ ആനുകൂല്യം നൽകി. ഇക്കാരണത്താൽ രാഹുലിന്റെ രാജിക്കായി നിർബന്ധം ചെലുത്താനും രാജി ആവശ്യപ്പെട്ടു തുടർപ്രക്ഷോഭത്തിനിറങ്ങാനും സിപിഎം മടിക്കും.
യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തുനിന്നു രാഹുലിനെ രാജിവയ്പിച്ചതു ധാർമികതയുടെ പേരിലും പാർട്ടിയുടെ പ്രതിഛായയെക്കരുതിയുമാണെന്നു കോൺഗ്രസ് നേതൃത്വം പറയുന്നു.
നിലവിൽ എഴുതിക്കിട്ടിയ പരാതികളൊന്നുമില്ല. രാഹുലിന്റെ രാജിക്കുശേഷം ഏതാനും ചാറ്റുകൾ കൂടി പുറത്തുവന്നിട്ടുണ്ട്.
പൊലീസിൽ പരാതിയുമായി ആരെങ്കിലും സമീപിക്കുകയും കേസെടുക്കുകയും ചെയ്താലും എംഎൽഎ സ്ഥാനം ഒഴിയുകയെന്ന തീരുമാനത്തിലേക്കു കോൺഗ്രസ് പോകില്ല.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]