
ആലപ്പുഴ: ആലപ്പുഴ ജില്ലയിലെ വനിതശിശു വികസന ഓഫിസുകളിൽ ബോംബ് ഭീഷണി. പൊലീസും ഡോഗ് സ്ക്വാഡും പരിശോധന നടത്തി.
ആലപ്പുഴ കോൺവെന്റ് സ്ക്വയറിലെ ലത്തീൻപള്ളി കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ജില്ലാ ശിശു സംരക്ഷണ യൂണിറ്റിലാണ് ഇ – മെയിൽ വഴി ബോംബ് ഭീഷണിയെത്തിയത്. ഉച്ചക്ക് 1.45 ന് ബോംബ് പൊട്ടിത്തെറിക്കുമെന്നും ജീവനക്കാരെല്ലാം പുറത്തിറങ്ങണമെന്നുമായിരുന്നു സന്ദേശം.
ഇന്ന് രാവിലെ എട്ടിന് മദ്രാസ് ടൈഗേഴ്സ് എന്ന മെയിലിൽ നിന്നാണ് ഭീഷണിയെത്തിയത്. ഉച്ചയോടെയാണ് ജീവനക്കാർ മെയിൽ കണ്ടത്.
തുടർന്ന് പൊലീസിൽ വിവരമറിയിച്ചു. സൗത്ത് പൊലീസും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി വിശദമായി പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല.
ഭീഷണി നേരിട്ട ഓഫിസിൽ 15 ലധികം ജീവനക്കാരുണ്ടായിരുന്നത്.
പൊലീസിന്റെ പരിശോധനയുടെ ഭാഗമായി ഇവർ ഒന്നരമണിക്കൂറിലേറെ സമയം പുറത്തിറങ്ങിനിന്നു. പിന്നാലെ കെ – ഒമ്പത് സ്ക്വാഡിലെ നായ ‘ജാമി’ യുടെ നേതൃത്വത്തിൽ എത്തിയ ഡോഗ് സ്ക്വാഡ് ഓഫിസും പരിസരവും പരിശോധിച്ചാണ് മടങ്ങിയത്.
സമാനരീതിയിൽ കോട്ടയം, കോഴിക്കോട്, ഇടുക്കി ജില്ലകളിലെയും വനിത ശിശു വികസന ഓഫിസുകളിലേക്ക് ഇ – മെയിൽ വഴി ബോംബ് ഭീഷണി എത്തിയിരുന്നു. ഇത് കണക്കിലെടുത്ത് ആലപ്പുഴ നഗരത്തിൽ വനിത ശിശുവികസന വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന വിവിധ ഓഫിസുകളിലും പൊലീസ് പരിശോധന നടത്തി.
ഇരുമ്പുപാലത്തിന് സമീപത്തെ ജില്ല വനിത ശിശുവികസന ഓഫിസ്, ജെൻഡർ പാർക്കിലെ സഖി വൺ സ്റ്റോപ്പ് സെന്റർ, കോൺവെന്റ് സ്ക്വയറിലെ ചൈൽഡ് ഹെൽപ് ലൈൻ സെന്റർ, കിടങ്ങാംപറമ്പ് ഐ സി ഡി എസ് ഓഫിസ്, മിനി സിവിൽ സ്റ്റേഷനിലെ വനിത ശിശു സംരക്ഷണ ഓഫിസ് എന്നിവിടങ്ങളിലും പരിശോധന നടത്തി. സംഭവത്തിൽ സൗത്ത് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]