
റഷ്യൻ എണ്ണയുടെ ലോകത്തിലെ ഏറ്റവും വലിയ ഇറക്കുമതിക്കാരനായി ഇന്ത്യ. ജൂലൈയിൽ ചൈനയുടെ ഇറക്കുമതിയെ മറികടന്നാണ് ഇന്ത്യ ഏറ്റവും കൂടുതൽ എണ്ണ വാങ്ങിയത്. ജൂലൈയിൽ ഇന്ത്യയുടെ മൊത്തത്തിലുള്ള എണ്ണ ഇറക്കുമതി പ്രതിദിനം റെക്കോർഡ് 2.07 ദശലക്ഷം ബാരലായി. ഇത് ജൂൺ മാസത്തേക്കാൾ 12% കൂടുതലും കഴിഞ്ഞ വർഷത്തേക്കാൾ 12% കൂടുതലുമാണ്.
റഷ്യയും ഉക്രൈനും തമ്മിലുള്ള പോരാട്ടം 2022 ൽ ആരംഭിച്ചതുമുതൽ, ഇന്ത്യ റഷ്യയിൽ നിന്ന് ക്രൂഡ് ഓയിൽ വാങ്ങുന്നുണ്ട് . ഇപ്പോൾ ഇന്ത്യയുടെ പ്രധാന ക്രൂഡ് ഓയിൽ സ്രോതസ്സാണ് റഷ്യ. ഇന്ത്യയുടെ ആകെ എണ്ണ ഇറക്കുമതിയുടെ 36 ശതമാനം വരും റഷ്യയിൽ നിന്നുള്ള ഇറക്കുമതി. ഉക്രൈനിൽ യുദ്ധം ആരംഭിച്ചപ്പോൾ, യൂറോപ്പ് എണ്ണ, പ്രകൃതി വാതക ഇറക്കുമതിയുടെ വലിയൊരു ഭാഗം മിഡിൽ ഈസ്റ്റിലേക്ക് മാറ്റി . യൂറോപ്പ് ഉയർന്ന വില നൽകിയതിനാൽ മിക്ക മിഡിൽ ഈസ്റ്റ് രാജ്യങ്ങളിലെ വിതരണക്കാരും യൂറോപ്പിന് പ്രാമുഖ്യം കൊടുത്തു. യൂറോപ്പ് കൂടുതൽ പണം നൽകുന്നതിനാൽ ഇന്ത്യക്കും കൂടുതൽ പണം നൽകേണ്ടിവരുമായിരുന്നു. ഈ സാഹചര്യത്തിലാണ് റഷ്യയിലെ ഇറക്കുമതിയെ ഇന്ത്യ കൂടുതലായി ആശ്രയിച്ചത്
അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണയുടെ വില വർധിച്ചതിനാൽ ഇന്ത്യൻ കമ്പനികൾ റഷ്യൻ ക്രൂഡ് ഓയിൽ കൂടുതലായി ഇറക്കുമതി ചെയ്തു. റഷ്യൻ ക്രൂഡ് ബാരലിന് 7-8 ഡോളർ കിഴിവിൽ ലഭ്യമാണ്. ഇത് കാരണമാണ് ഇന്ത്യൻ എണ്ണക്കമ്പനികൾ റഷ്യൻ ക്രൂഡ് വാങ്ങുന്നതിന് കൂടുതലായി താൽപര്യം കാണിക്കുന്നത്. സ്വകാര്യ എണ്ണക്കമ്പനികളായ റിലയൻസ് ഇൻഡസ്ട്രീസും നയാര എനർജിയും ആണ് റഷ്യയിൽ നിന്നും 45 ശതമാനം അസംസ്കൃത എണ്ണയും ഇറക്കുമതി ചെയ്തത്. റഷ്യൻ കമ്പനിയായ റോസ്നെഫ്റ്റിന് പങ്കാളിത്തമുള്ള എണ്ണ വിതരണ കമ്പനിയാണ് നയാര എനർജി. ഫെബ്രുവരി,മാർച്ച് മാസങ്ങളിലെ ഉയർന്ന റഷ്യൻ ക്രൂഡ് കയറ്റുമതിയും ചൈനീസ് എണ്ണക്കമ്പനികളുടെ കുറഞ്ഞ ഇറക്കുമതിയും ഇന്ത്യയിലെ എണ്ണക്കമ്പനികൾക്ക് കൂടുതൽ ക്രൂഡ് ഓയിൽ ലഭ്യമാക്കി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]