പത്തനംതിട്ട കിടങ്ങന്നൂരിൽ ഫ്ലാറ്റ് വാടകയ്ക്കെടുത്ത് കഞ്ചാവ് കച്ചവടം നടത്തിയ ഏഴംഗ സംഘം പിടിയിൽ ; രണ്ട് കിലോ കഞ്ചാവും വടിവാളും കഞ്ചാവ് തൂക്കാനുള്ള ത്രാസും ഇവരിൽനിന്ന് പിടിച്ചെടുത്തു
കിടങ്ങന്നൂർ: പത്തനംതിട്ട കിടങ്ങന്നൂരിൽ ഫ്ലാറ്റ് വാടകയ്ക്കെടുത്ത് കഞ്ചാവ് കച്ചവടം നടത്തിയ ഏഴംഗ സംഘം പിടിയിൽ. രണ്ട് കിലോ കഞ്ചാവും വടിവാളും കഞ്ചാവ് തൂക്കാനുള്ള ത്രാസും ഇവരിൽനിന്ന് പിടിച്ചെടുത്തു.
വിവിധ ജില്ലക്കാരായ ഏഴ് പേരാണ് പിടിയിലായത് . ആലപ്പുഴ മാന്നാർ കയ്യാലയത്ത് തറയിൽ അഖിൽ (21), തിരുവനന്തപുരം നെല്ലിക്ക പറമ്പ് ജോബി ഭവനിൽ ജോബി ജോസ്(34), ചെങ്ങന്നൂർ ചക്കാലയിൽ വീട്ടിൽ വിശ്വം(24), ചെങ്ങന്നൂർ വാഴത്തറയിൽ ജിത്തു ശിവൻ(26), കാരയ്ക്കാട് പുത്തൻപുരയിൽ ഷെമൻ മാത്യു(30), മാവേലിക്കര നിരപ്പത്ത് വീട്ടിൽ ആശിഷ് (21), ആലപ്പുഴ വലിയ കുളങ്ങര സ്വദേശി രജിത്ത്(23) എന്നിവരാണ് പ്രതികൾ.
കിടങ്ങന്നൂരിൽ ഫ്ലാറ്റ് വാടകക്ക് എടുത്ത് കഞ്ചാവ് കച്ചവടം നടത്തുകയായിരുന്നു സംഘമെന്ന് പൊലീസ് പറഞ്ഞു. ഇന്ന് പുലർച്ചെ ഒന്നരയോടെ ആയിരുന്നു റെയ്ഡ്. എസ്പിയുടെ പ്രത്യേക ഡാൻസാഫ് സംഘവും ഇലവന്തിട്ട, ആറന്മുള പൊലീസും സംയുക്തമായാണ് ഫ്ലാറ്റിൽ പരിശോധനയ്ക്കെത്തിയത്.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. ഫ്ലാറ്റ് കേന്ദ്രീകരിച്ച് വലിയ തോതിൽ കഞ്ചാവെത്തിച്ച് ഇവിടെ നിന്നും ചെറിയ അളവിൽ പായ്ക്കറ്റുകളാക്കിയതാണ് കഞ്ചാവ് വിൽപ്പന നടത്തിയിരന്നതെന്ന് പൊലീസ് വ്യക്തമാക്കി.
തിരുവനന്തപുരം സ്വദേശിയായ ജോബി ജോസ് ആണ് സംഘത്തിലെ പ്രധാനി. ഇയാളെ നേരത്തെയും കഞ്ചാവ് കേസിൽ പിടികൂടിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. പ്രതികളെ പൊലീസ് ചോദ്യംചെയ്തു വരികയാണ്.
ഫ്ലാറ്റിൽ നിന്നും കണ്ടെത്തിയ കഞ്ചാവിന് പുറമെ, പ്രതികൾ പല സ്ഥലങ്ങളിൽ ഇത് പോലെ കഞ്ചാവ് എത്തിച്ചിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. വിശദമായ ചോദ്യം ചെയ്യലിന് ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് പറഞ്ഞു. എവിടെ നിന്നാണ് കഞ്ചാവ് എത്തിച്ചതെന്നതടക്കം പൊലീസ് പരിശോധിക്കുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]