
ദില്ലി: സർക്കാർ അവിശ്വാസ പ്രമേയം കൊണ്ടുവരാനുള്ള നീക്കത്തെ തുടർന്നാണ് ഉപരാഷ്ട്രപതി ജഗദീപ് ധൻകർ രാജി വെച്ചതെന്ന് റിപ്പോർട്ട്. ജസ്റ്റിസ് യശ്വന്ത് വർമ്മയുടെ വീട്ടിൽ നോട്ടുകെട്ടുകൾ കണ്ടെത്തിയ സംഭവത്തിൽ പ്രതിപക്ഷത്തിൻ്റെ പ്രമേയത്തെ അംഗീകരിക്കണമെന്ന് ധൻകർ ആഹ്വാനം ചെയ്തത് സർക്കാരിനെ ചൊടിപ്പിക്കുകയായിരുന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നു.
എന്നാൽ പ്രധാനമന്ത്രിയുടെ നിർദ്ദേശപ്രകാരം ഭരണപക്ഷ എംപിമാരുടെ പിന്തുണ മന്ത്രി രാജ്നാഥ്സിംഗ് ഉറപ്പിച്ചു. എംപിമാർ പ്രമേയത്തിൽ ഒപ്പ് വക്കുകയും ചെയ്തു.
ഈ നീക്കമറിഞ്ഞ് ധൻകർ രാജി നൽകുകയായിരുന്നുവെന്ന് ഇംഗ്ലിഷ് വാർത്താചാനൽ റിപ്പോർട്ട് ചെയ്യുന്നു. ഇതിനോടകം ധൻകറിൻ്റെ രാജിയിൽ വലിയ വിമർശനങ്ങൾ ഉയർന്നുകഴിഞ്ഞു.
ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകറിന്റെ അപ്രതീക്ഷിത രാജി ചൂണ്ടിക്കാട്ടി കേന്ദ്രസർക്കാറിനും ബിജെപിക്കുമെതിരെ രൂക്ഷ വിമർശനവുമായി സമാജ് വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് രംഗത്തെത്തി. ആരോഗ്യ കാരണങ്ങളാണ് രാജിക്ക് കാരണമായി ചൂണ്ടിക്കാട്ടുന്നതെങ്കിലും ഒരു ബിജെപി അംഗം പോലും ജഗ്ദീപ് ധൻകറെ തിരിഞ്ഞു നോക്കിയിട്ടില്ലെന്നും, അറിയാത്ത ഒരുപാട് കാര്യങ്ങൾ നടപടിക്ക് പിന്നിലുണ്ടാകുമെന്നും അഖിലേഷ് പറഞ്ഞു.
ഇന്ത്യയിൽ ജനാധിപത്യം അപകടത്തിലാണെന്നും, രക്ഷിച്ചെടുക്കേണ്ടത് ഓരോ പൗരന്റെയും ആവശ്യമാണെന്നും അഖിലേഷ് യാദവ് പറഞ്ഞു. ദില്ലി കോൺസ്റ്റിറ്റ്യൂഷൻ ക്ലബ്ബിൽ സംഘടിപ്പിച്ച എംപി വീരേന്ദ്രകുമാർ അനുസ്മരണ സെമിനാറിലാണ് അഖിലേഷ് യാദവിന്റെ പരാമർശം.
അതേസമയം, ഉപരാഷ്ട്രപതി പദത്തില്‍ നിന്നുള്ള ജഗദീപ് ദന്‍കറിന്റെ രാജി രാഷ്ട്രപതി അംഗീകരിച്ചു. ജഗദീപ് ധനകർ രാജി വെച്ചതായി ആഭ്യന്തര മന്ത്രാലയം രാജ്യസഭയെ അറിയിച്ചു.
ഇത് സംബന്ധിച്ച വിജ്ഞാപനം ഉടൻ പുറപ്പെടുവിക്കും. ഉപാധ്യക്ഷന്‍ ഹരിവംശാണ് ഇന്ന് രാജ്യസഭ നിയന്ത്രിക്കുന്നത്.
ജഗദീപ് ധൻകറിൻ്റെ രാജിയുടെ കാരണം തേടി രാജ്യസഭയിൽ പ്രതിപക്ഷം ബഹളം വെച്ചു. ബഹളത്തെ തുടര്‍ന്ന് ഉച്ചയ്ക്ക് 2 മണി വരെ രാജ്യസഭ നിർത്തി വെച്ചു.
അതേസമയം, ജഗദീപ് ധന്‍കറിന് നല്ല ആരോഗ്യം നേര്‍ന്ന് പ്രധാനമന്ത്രി ആശംസയറിയിച്ചു. ഉപരാഷ്ട്രപതിയടക്കം സുപ്രധാന പദവികൾ വഹിക്കാൻ ധൻകറിന് അവസരം കിട്ടിയിട്ടുണ്ടെന്നും മോദി സമൂഹമാധ്യമമായ എക്സില്‍ കുറിച്ചു. അപ്രതീക്ഷിതമായി ഇന്നലെ രാത്രിയാണ് സാമൂഹ്യമാധമത്തിലൂടെ ജഗ്ദീപ് ധൻകർ രാജിവച്ച വിവരം അറിയിച്ചത്.
ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് രാഷ്ട്രപതിക്ക് രാജിക്കത്ത് നൽകിയത്. അഭിമാനത്തോടെയാണ് പടിയിറങ്ങുന്നതെന്ന് പറഞ്ഞ ജഗ്ദീപ് ധൻകർ രാഷ്ട്രപതിക്കും, പ്രധാനമന്ത്രിക്കും, എല്ലാം പാർലമെന്റംഗങ്ങൾക്കും നന്ദി പറഞ്ഞു.
മുൻപ് പശ്ചിമ ബംഗാൾ ഗവർണറായിരുന്നു ഇദ്ദേഹം. 2022 ഓഗസ്റ്റിലാണ് ഉപരാഷ്ട്രപതിയായി സ്ഥാനമേറ്റത്.
2027 വരെ അദ്ദേഹത്തിന് ഉപരാഷ്ട്രപതി സ്ഥാനത്ത് കാലാവധിയുണ്ടായിരുന്നു. എന്നാൽ മൂന്ന് വർഷം തികയും മുൻപാണ് രാജിപ്രഖ്യാപനം.
ഏറെ വിമർശനങ്ങൾക്കും വിവാദങ്ങൾക്കും കാരണമായ ഇടപെടലുകളിലൂടെ ശ്രദ്ധേയനായിരുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]