
തിരുവനന്തപുരം∙ സമാനതകളില്ലാത്ത അനുഭവങ്ങളുടെ സമരക്കടലായി മകന്റെ വസതിയായ ബാർട്ടൺഹില്ലിലെ വീട്ടിൽ
തിരയടങ്ങി ശാന്തമായി കിടക്കുന്നു. ആ ജീവിതം പകർന്ന അനുഭവങ്ങളുടെ ഊർജം ഏറ്റുവാങ്ങി ജനസഞ്ചയം പുറത്ത് കടലിരമ്പംപോലെ മുദ്രാവാക്യം വിളിക്കുന്നു.
മൃതദേഹത്തിനരികെ പ്രിയ സഖാക്കളും കുടുംബവും.
പുന്നപ്ര വയലാർ സമരത്തിൽ പങ്കെടുത്തതിന് പൊലീസ് കാൽപ്പാദത്തിലേക്ക് ബയണറ്റ് കുത്തി കയറ്റി മുറിവേൽപ്പിച്ച പാദത്തിന് മുകളിൽ ചെങ്കൊടി. കുറേ നാളുകളായി വിഎസ് മൗനത്തിലായിരുന്നു.
ഉള്ളിൽ അപ്പോഴും കനലെരിഞ്ഞിട്ടുണ്ടാകും. അതൊരു പ്രത്യേക ജനുസ്സായിരുന്നല്ലോ!
ആലപ്പുഴയിലെ വലിയ ചുടുകാട്ടിലാണ് വിഎസിന് അന്ത്യവിശ്രമം. തലസ്ഥാനത്തുനിന്ന് അവിടേയ്ക്ക് 151 കിലോമീറ്റർ.
അത്രയും ദൂരമില്ലാതെ, ഹൃദയത്തോട് ചേർത്ത ഇഴയടുപ്പവുമായി ജനസഞ്ചയം വിഎസിനെ അവസാനമായി കാണാൻ എത്തിക്കൊണ്ടിരിക്കുന്നു.
ഇന്നു രാവിലെ 9 മുതൽ സെക്രട്ടേറിയറ്റിലെ ദർബാർ ഹാളിൽ പൊതുദർശനം. ഉച്ചയ്ക്കുശേഷം വിലാപയാത്രയായി ദേശീയപാതയിലൂടെ കൊല്ലം വഴി ആലപ്പുഴയിലേക്ക് കൊണ്ടുപോകും.
ഇതിനിടയിലുള്ള വിവിധ കേന്ദ്രങ്ങളിൽ പൊതു ദർശനം. ഇന്നു രാത്രി ഒൻപതോടെ പുന്നപ്ര പറവൂരിലെ വേലിക്കകത്ത് വീട്ടിലെത്തിക്കും.
നാളെ രാവിലെ 9 മുതൽ സിപിഎം ജില്ലാ കമ്മിറ്റി ഓഫിസിലും 10 മുതൽ ആലപ്പുഴ കടപ്പുറത്തെ റിക്രിയേഷൻ ഗ്രൗണ്ടിലും പൊതുദർശനം. ഉച്ചകഴിഞ്ഞ് മൂന്നിന് വലിയ ചുടുകാട്ടിൽ ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം.
പിന്നെ, വിഎസ് ജനമനസ്സുകളിൽ മായാത്ത ഓർമ.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]