
മുംബൈ: 2006ൽ രാജ്യത്തെ ഞെട്ടിച്ച മുംബൈയിൽ നടന്ന ട്രെയിൻ സ്ഫോടനത്തിൽ കീഴ്ക്കോടതി ശിക്ഷിച്ച 12 പേരെയും ബോംബൈ ഹൈക്കോടതി കുറ്റവിമുക്തരാക്കിയതോടെ കേസ് അന്വേഷിച്ച മഹാരാഷ്ട്ര എടിഎസിന് കനത്ത തിരിച്ചടി. വിധി സുപ്രീം കോടതിയിൽ ചോദ്യം ചെയ്യുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി അറിയിച്ചെങ്കിലും എവിടെയാണ് അന്വേഷണ സംഘത്തിന് പിഴച്ചതെന്ന് ചർച്ചയാകുന്നു.
2015ൽ വിചാരണ കോടതി കേസിലെ 13 പ്രതികളെ കുറ്റക്കാരായി കണ്ടെത്തിയിരുന്നു. ഇവരിൽ അഞ്ച് പേർക്ക് വധശിക്ഷയും മറ്റുള്ളവർക്ക് ജീവപര്യന്തം തടവുമായിരുന്നു വിധിച്ചത്.
ജസ്റ്റിസ് അനിൽ കിലോർ, ജസ്റ്റിസ് ശ്യാം ചന്ദക് എന്നിവരടങ്ങിയ ഹൈക്കോടതി ബെഞ്ച്, പ്രതികൾക്കെതിരായ കേസ് തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പൂർണ്ണമായും പരാജയപ്പെട്ടുവെന്ന് നിരീക്ഷിച്ചു. 2006 ജൂലൈ 11 2006ൽ ജൂലൈ 11നാണ് രാജ്യം ഞെട്ടിത്തരിച്ച സംഭവമുണ്ടാകുന്നത്.
മുംബൈയിലെ തിരക്കേറിയ സബർബൻ ട്രെയിനുകളിൽ നടന്ന സ്ഫോടനത്തില്‍ 189 പേർ കൊല്ലപ്പെടുകയും 824 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. 11 മിനിറ്റുകൾക്കിടെ മുംബൈയിലെ പല ലോക്കൽ ട്രെയിനുകളിലായി ഏഴ് ബോംബ് സ്ഫോടനങ്ങളാണ് നടന്നത്.
സ്ഫോടനത്തിന് തീവ്രത വർധിപ്പിക്കുന്നതിനായി റിഗ്ഗ്ഡ് പ്രഷർ കുക്കറുകൾ ഉപയോഗിച്ചു. ആദ്യ സ്ഫോടനം വൈകുന്നേരം 6.24 നാണ് ഉണ്ടായത്.
അവസാനത്തേത് വൈകുന്നേരം 6.35 നും. ചർച്ച്ഗേറ്റിൽ നിന്നുള്ള ട്രെയിനുകളുടെ ഫസ്റ്റ് ക്ലാസ് കമ്പാർട്ടുമെന്റുകളിലാണ് ബോംബുകൾ സ്ഥാപിച്ചിരുന്നത്.
മാട്ടുംഗ റോഡ്, മാഹിം ജംഗ്ഷൻ, ബാന്ദ്ര, ഖാർ റോഡ്, ജോഗേശ്വരി, ഭയാന്ദർ, ബോറിവാലി എന്നീ സ്റ്റേഷനുകൾക്ക് സമീപത്തു വച്ചാണ് സ്ഫോടനങ്ങൾ റിപ്പോർട്ട് ചെയ്തത്. ഓഗസ്റ്റ് ആയപ്പോഴേക്കും കേസിൽ പങ്കുണ്ടെന്ന് ആരോപിച്ച് 13 പേരെ എ.ടി.എസ് അറസ്റ്റ് ചെയ്തു.
പ്രതികൾ നിരോധിത സംഘടനയായ സ്റ്റുഡന്റ്സ് ഇസ്ലാമിക് മൂവ്മെന്റ് ഓഫ് ഇന്ത്യ (സിമി)യിലെ അംഗങ്ങളാണെന്നും ഭീകര സംഘടനയായ ലഷ്കർ-ഇ-തൊയ്ബ (എൽഇടി)യിലെ പാകിസ്ഥാൻ അംഗങ്ങളുമായി ഗൂഢാലോചന നടത്തിയെന്നും എടിഎസ് കണ്ടെത്തി. 2015ൽ വിചാരണ കോടതി സ്ഫോടനക്കേസിൽ 13 പേരെ കുറ്റക്കാരായി കണ്ടെത്തി.
മഹാരാഷ്ട്ര കൺട്രോൾ ഓഫ് ഓർഗനൈസ്ഡ് ക്രൈം ആക്ടിന്റെ പ്രത്യേക കോടതിയാണ് വിധി പറഞ്ഞത്. ഫൈസൽ ഷെയ്ഖ്, ആസിഫ് ഖാൻ, കമാൽ അൻസാരി, എഹ്തെഷാം സിദ്ദുഖി, നവീദ് ഖാൻ എന്നീ പ്രതികൾക്ക് വധശിക്ഷ വിധിച്ചു.
ഗൂഢാലോചനയിൽ പങ്കാളികളായ മറ്റ് ഏഴ് പ്രതികളായ മുഹമ്മദ് സാജിദ് അൻസാരി, മുഹമ്മദ് അലി, ഡോ. തൻവീർ അൻസാരി, മജിദ് ഷാഫി, മുസമ്മിൽ ഷെയ്ഖ്, സൊഹൈൽ ഷെയ്ഖ്, സമീർ ഷെയ്ഖ് എന്നിവർക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചിരുന്നു.
ബോംബൈ ഹൈക്കോടതിയുടെ ഇന്നത്തെ വിധിയോടെ 12 പ്രതികളെയും വെറുതെ വിട്ടു. ഒരാള്‍ തടവില്‍ കഴിയുന്നതിനിടെ മരിച്ചു. എ.ടി.എസ് വാദങ്ങളെ തള്ളി ഹൈക്കോടതി കീഴ്ക്കോടതി വിധിയെ ചോദ്യം ചെയ്ത് പ്രതികള്‍ സമര്‍പ്പിച്ച അപ്പീല്‍ പരിഗണിച്ചാണ് ഹൈക്കോടതി പ്രതികളെ വെറുതെ വിട്ടത്.
പ്രതികളെ തിരിച്ചറിഞ്ഞ സാക്ഷികളുടെ വിശ്വാസ്യത, ഉപയോഗിച്ച സ്ഫോടകവസ്തുക്കൾ എന്നിവ പ്രോസിക്യൂഷന് സ്ഥാപിക്കാൻ കഴിഞ്ഞില്ലെന്ന് പ്രതികളെ വെറുതെ വിട്ട വിധിയിൽ ബോംബെ ഹൈക്കോടതി നിരീക്ഷിച്ചു.
പ്രതികളുടെ കുറ്റസമ്മത മൊഴികൾ സത്യസന്ധമല്ലെന്നും കുറ്റസമ്മതം നടത്താൻ പ്രതികളെ പീഡിപ്പിച്ചുവെന്ന പ്രതിഭാഗത്തിന്റെ വാദവും അംഗീകരിച്ചു. പ്രതിയുടെ തിരിച്ചറിയൽ പരിശോധനാ പരേഡ് ഹൈക്കോടതി തള്ളിക്കളഞ്ഞു.
തിരിച്ചറിയൽ പരേഡ് നടത്തിയ സ്പെഷ്യൽ എക്സിക്യൂട്ടീവ് ഓഫീസർക്ക് (എസ്ഇഒ) അങ്ങനെ ചെയ്യാൻ അധികാരമില്ലെന്നും ചൂണ്ടിക്കാട്ടി. ദൃക്സാക്ഷികളുടെ മൊഴികൾ വിശ്വസനീയമല്ലെന്നും കോടതി വ്യക്തമാക്കി.
പ്രതികളെ ചർച്ച്ഗേറ്റ് സ്റ്റേഷനിലേക്ക് കൊണ്ടുപോയ ടാക്സി ഡ്രൈവർമാർ, പ്രതികൾ ട്രെയിനുകളിൽ ബോംബുകൾ സ്ഥാപിക്കുന്നത് കണ്ട സാക്ഷികൾ, ബോംബുകൾ കൂട്ടിച്ചേർക്കുന്നതിലെ സാക്ഷികൾ, ഗൂഢാലോചനയിലെ സാക്ഷികൾ എന്നിവരുൾപ്പെടെ എട്ട് സാക്ഷികളെ പ്രോസിക്യൂഷൻ വിസ്തരിച്ചുവെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി.
ഈ സാക്ഷികളിൽ ഓരോരുത്തരുടെയും മൊഴികൾ ഹൈക്കോടതി സൂക്ഷ്മമായി പരിശോധിച്ചു. ടാക്സി ഡ്രൈവർമാർ സംഭവം നടന്ന് 100 ദിവസത്തിലേറെയായി മൗനം പാലിച്ചുവെന്നും, 2006 നവംബർ 3 ന് മാത്രമാണ് രണ്ട് പ്രതികൾ അവരുടെ ടാക്സികളിൽ യാത്ര ചെയ്തതായി പോലീസിന് മൊഴി നൽകിയതെന്നും കോടതി ചൂണ്ടിക്കാട്ടി.
ഇത്രയും നീണ്ട ഇടവേളയ്ക്ക് ശേഷം പ്രതികളെ തിരിച്ചറിയുന്ന മുഖവും വിവരണവും ഓർമ്മിക്കാൻ പ്രത്യേക കാരണമൊന്നുമില്ലെന്ന് കോടതി നിരീക്ഷിച്ചു.
പ്രതികൾ ട്രെയിനുകളിൽ ബോംബുകൾ സ്ഥാപിക്കുന്നത് കണ്ടുവെന്ന് അവകാശപ്പെട്ട സാക്ഷികളുടെ മൊഴികളിലും പൊരുത്തക്കേടുകളുണ്ടെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി.
പ്രതിയും മറ്റ് ചിലരും ബോംബുകൾ നിർമ്മിക്കുന്നത് കണ്ടതായി സാക്ഷികളിൽ ഒരാൾ പറഞ്ഞിരുന്നെങ്കിലും, ക്രോസ് വിസ്താരത്തിനിടെ താൻ വീട്ടിൽ കയറിയിട്ടില്ലെന്നും ഒപ്പമുണ്ടായിരുന്ന ഒരു സുഹൃത്താണ് ബോംബുകളെക്കുറിച്ച് തന്നോട് പറഞ്ഞതെന്നും മൊഴി മാറ്റി. പ്രതികളുടെ രേഖാചിത്രങ്ങൾ വരയ്ക്കാൻ സഹായിച്ച സാക്ഷിയുടെ മൊഴിയിൽ, അദ്ദേഹത്തെ വിചാരണയ്ക്ക് വിളിച്ചിട്ടില്ലെന്നും കോടതിയിൽ പ്രതിയെ തിരിച്ചറിയാൻ ആവശ്യപ്പെട്ടിട്ടില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.
ആർഡിഎക്സ് ഗ്രാന്യൂളുകൾ, ഡിറ്റണേറ്ററുകൾ, കുക്കറുകൾ, സർക്യൂട്ട് ബോർഡുകൾ, കൊളുത്തുകൾ, മാപ്പുകൾ എന്നിവയുൾപ്പെടെയുള്ള സ്ഫോടകവസ്തുക്കൾ കണ്ടെടുത്തതുമായി ബന്ധപ്പെട്ട തെളിവുകളുടെ അടിസ്ഥാനത്തിൽ, ഫോറൻസിക് സയൻസ് ലബോറട്ടറിയിലേക്ക് (എഫ്എസ്എൽ) വസ്തുക്കൾ കൊണ്ടുപോകുന്നതുവരെ കേടുകൂടാതെയിരിക്കേണ്ട
ശരിയായ കസ്റ്റഡിയും ശരിയായ സീലിംഗും സ്ഥാപിക്കുന്നതിലും തെളിയിക്കുന്നതിലും പ്രോസിക്യൂഷൻ പരാജയപ്പെട്ടുവെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. രണ്ട് പ്രതികളിൽ നിന്ന് കണ്ടെടുത്ത സർക്യൂട്ട് ബോർഡുകൾ ഈ കേസിൽ ഉപയോഗിച്ച ബോംബുകൾ സ്ഥാപിക്കുന്നതിനാണെന്ന തെളിവുകൾ രേഖപ്പെടുത്തുന്നതിന് പ്രോസിക്യൂഷന് പരാജയപ്പെട്ടുവെന്നും ജഡ്ജിമാർ നിരീക്ഷിച്ചു.
കുറ്റസമ്മത മൊഴികൾളിലെ വൈരുധ്യം, കുറ്റസമ്മതം രേഖപ്പെടുത്തുന്നതിന് മുമ്പോ ശേഷമോ ഉദ്യോഗസ്ഥർ നടത്തിയ കത്തിടപാടുകളിലെ വ്യത്യാസങ്ങൾ, കുറ്റസമ്മതങ്ങൾ സ്വമേധയാ ഉള്ളതാണെന്ന് സ്ഥാപിക്കുന്നതിന് മക്കോക്ക നിയമ പ്രകാരം നിർബന്ധമാക്കിയ സർട്ടിഫിക്കറ്റിന്റെ അഭാവം എന്നിവയുൾപ്പെടെയും ഹൈക്കോടതി ചൂണ്ടിക്കാട്ടി. കെഇഎം ആശുപത്രിയിലെയും ഭാഭ ആശുപത്രിയിലെയും ഡോക്ടർമാരുടെ മെഡിക്കൽ തെളിവുകൾ പരിശോധിച്ച കോടതി, കുറ്റസമ്മതം നടത്തുന്നതിനായി പ്രതികളെ പീഡിപ്പിക്കാനുള്ള സാധ്യതയെക്കുറിച്ച് സൂചനകൾ നൽകിയിട്ടുണ്ടെന്ന് അഭിപ്രായപ്പെട്ടു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]