
തിരുവനന്തപുരം: കർണാടകയിലെ ഷിരൂരിൽ ഗംഗാവലി നദിക്കടിയിൽ നിന്ന് സിഗ്നൽ കിട്ടിയതായി സൈന്യം. പുഴയിൽ കര ഭാഗത്ത് നിന്ന് 40 മീറ്റർ അകലെയാണ് സിഗ്നൽ കിട്ടിയിട്ടുള്ളത്. ലോറി ചളിമണ്ണിൽ പൂണ്ട് പുതഞ്ഞ് പോയിരിക്കാനുള്ള സാധ്യത തള്ളാനാവില്ലെന്ന് സൈന്യം പറയുന്നു. എന്നാൽ കനത്ത ഒഴുക്കാണ് പുഴയിലുള്ളത്. നാവികസേന നാളെ സിഗ്നൽ കിട്ടിയ സ്ഥലത്ത് വിശദമായ തെരച്ചിൽ നടത്തും. വെള്ളത്തിൽ ഉപയോഗിക്കാവുന്ന ഫെറക്സ് ലൊക്കേറ്റർ 120-യും ഡീപ് സെർച്ച് മൈൻ ഡിറ്റക്റ്ററും ഉപയോഗിച്ചാവും സിഗ്നൽ ലഭിച്ച ഭാഗത്ത് തിരച്ചിൽ നടത്തുക.
കാണാതായ കോഴിക്കോട് സ്വദേശി അർജുനും ലോറിയും കരയിലെ മൺകൂനയ്ക്ക് അടിയിലില്ലെന്ന് ഇന്നത്തെ തെരച്ചിലിൻ്റെ അവസാനം സൈന്യം സ്ഥിരീകരിച്ചിരുന്നു. റോഡിൽ മണ്ണിനടിയിൽ ലോറിയുണ്ടെന്ന സംശയത്തിലായിരുന്നു ഇത്രയും ദിവസം പരിശോധന നടത്തിയത്. ഇന്നലെ 98 ശതമാനം മണ്ണും നീക്കിയെന്നും ലോറിയുടെ സാന്നിധ്യമില്ലെന്നും കർണാടക സ്ഥിരീകരിച്ചിരുന്നു. എന്നാൽ സൈന്യമെത്തിയതോടെ പ്രതീക്ഷ കൂടി. പക്ഷെ പ്രതീക്ഷക്ക് മങ്ങലേൽപ്പിച്ച് കൊണ്ട് ലോറി കരയിലില്ലെന്ന് സൈന്യം സ്ഥിരീകരിക്കുകയായിരുന്നു.
ഏഴാം ദിവസത്തെ തെരച്ചിലിലും അര്‍ജുനെ കാണാത്തതിൽ വലിയ നിരാശയിലാണ് കുടുംബം. നിലവിൽ റഡാര്‍ ഉപയോഗിച്ച് പുഴയിലും പരിശോധന നടത്തുന്നുണ്ട്. വളരെ ആഴത്തിലും ദൂരത്തിലും നിന്ന് സിഗ്നല്‍ കണ്ടെത്താന്‍ ഈ റഡാറിന് ശേഷിയുണ്ട്. എന്നാൽ നദിയിൽ വലിയ അളവിൽ മൺകൂനയുളളത് തിരിച്ചടിയാണ്. സ്കൂബ ഡൈവേഴേ്സ് സംഘമാണ് മണ്ണിടിച്ചിൽ നടന്നതിന് സമീപത്തുള്ള ഗംഗംഗാവലി പുഴയില്‍ തെരച്ചില്‍ നടത്തുന്നത്. പുഴയിൽ മൺകൂനയുള്ള സ്ഥലത്താണ് പരിശോധന. അര്‍ജുന്റെ ലോറി പുഴയിലേക്ക് പോയിരിക്കാനുള്ള സാധ്യത സൈന്യം തള്ളിക്കളയുന്നില്ല. ഇതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന. പുഴയിലെ പരിശോധനക്കായി കൂടുതൽ ഉപകരണങ്ങൾ എത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് നാവികസേന.
Last Updated Jul 22, 2024, 7:46 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]