
കൂലിപ്പണിക്കാരായ മാതാപിതാക്കളാണെങ്കിലും തങ്ങളുടെ മക്കളെ ഒരുപാട് പഠിപ്പിക്കണമെന്നും തങ്ങൾക്കാകാൻ സാധിക്കാത്ത എല്ലാം അവർക്ക് സാധിക്കണമെന്നും ആഗ്രഹിക്കും. പല കാരണങ്ങൾ കൊണ്ടും നടക്കാതെ പോയ തങ്ങളുടെ സ്വപ്നം തങ്ങളുടെ മക്കളെങ്കിലും നിറവേറ്റുമെന്നാഗ്രഹിക്കുന്നവരുണ്ട്. അത് ചിലരിലെങ്കിലും യാഥാർത്ഥ്യമായിത്തീരാറുമുണ്ട്. അത് തെളിയിക്കുന്ന ഒരു വീഡിയോയാണിത്. ആരുടേയും കണ്ണ് നിറഞ്ഞുപോകും എന്ന് നിസ്സംശയം പറയാനാവുന്ന ഒരു വീഡിയോ. സിഎ വിജയിച്ച കാര്യം ചായക്കടക്കാരനായ അച്ഛനോട് പറയുന്ന മകളുടേതാണ് വീഡിയോ.
അമിതാ പ്രജാപതി എന്ന പെൺകുട്ടിയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. വീഡിയോയ്ക്കൊപ്പം അമിത തന്റെ പൊള്ളുന്ന അനുഭവങ്ങളും കുറിച്ചിട്ടുണ്ട്. ’10 വർഷത്തെ പ്രയത്നമാണ് ഈ വിജയം എന്ന് അമിത പറയുന്നുണ്ട്. ഇത് വെറും സ്വപ്നമായിരിക്കുമോ അതോ എപ്പോഴെങ്കിലും യാഥാർത്ഥ്യമാകുമോ എന്ന് ഞാൻ എന്നോട് തന്നെ ചോദിച്ചിട്ടുണ്ട്. 2024 ജൂലൈ 11 -ന് അത് യാഥാർത്ഥ്യമായി’ എന്നാണ് അമിത പറയുന്നത്.
‘ആളുകൾ തന്റെ അച്ഛനോട് ഇത്രയും വലിയ കോഴ്സിന് മകളെ ചേർക്കണോ എന്നും ഇതൊക്കെ നടക്കുമോ എന്നും ചോദിച്ചിട്ടുണ്ട്. ചായ വിറ്റ് വീട് പണിയാനാവില്ല, പ്രായപൂർത്തിയായ പെൺമക്കളുമായി തെരുവിൽ കഴിയാനാവില്ല മകളെ പഠിപ്പിച്ചിട്ട് കാര്യമില്ല, നാളെ അവൾ മറ്റൊരാളുടെ സമ്പത്തായി മാറും നിങ്ങൾക്കായി ഒന്നും ശേഷിക്കില്ല എന്നും ആളുകൾ അച്ഛനോട് പറയുമായിരുന്നു. ‘
‘അതേ ഞാനൊരു ചേരിയിലാണ് താമസിക്കുന്നത് അതിലിന്നെനിക്ക് ലജ്ജയില്ല. ചേരിയിലുള്ളവർ ഭ്രാന്തന്മാരാണ് എന്ന് ആളുകൾ പറയും. ആയിരിക്കാം, ഒരു ഭ്രാന്തൻ മനസില്ലായിരുന്നുവെങ്കിൽ തനിക്ക് ഇവിടെ എത്താൻ സാധിക്കുമായിരുന്നില്ല. ഇപ്പോൾ എന്റെ പിതാവിന് വേണ്ടി ഒരു വീട് പണിയാൻ എനിക്ക് കഴിവുണ്ട്. അദ്ദേഹത്തിന്റെ എല്ലാ ആഗ്രഹങ്ങളും നിറവേറ്റാൻ എനിക്കാവും. ആദ്യമായി ഞാൻ അച്ഛനെ കെട്ടിപ്പിടിച്ചു കരഞ്ഞു. ഇതാണ് സമാധാനം.’
‘എന്റെ അച്ഛനും അമ്മയും എന്നെ വിശ്വസിച്ചു, ഒരുനാൾ ഞാനവരെ വിട്ടുപോകും എന്നതിന് പകരം നമ്മുടെ പെൺമക്കളെ പഠിപ്പിക്കുമെന്ന് തീരുമാനിച്ചു. അതാണ് തന്റെ വിജയത്തിന് കാരണം’ എന്നും അമിത കുറിക്കുന്നു.
അമിത പങ്കുവച്ച വീഡിയോയിൽ സന്തോഷാധിക്യത്താൽ കരയുന്ന അവളുടെ അച്ഛനെ കാണാം. ഏതൊരച്ഛനും അഭിമാനമായിത്തീരുന്ന മകളേയും. വളരെ പെട്ടെന്നാണ് വീഡിയോ ആളുകൾ ഏറ്റെടുത്തത്.
Last Updated Jul 21, 2024, 1:27 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]