
ചലച്ചിത്ര അക്കാദമിയിൽ സമ്പൂർണ പുനഃസംഘടന നടത്താൻ സർക്കാർ; കെഎസ്എഫ്ഡിസി ചെയർമാനായി ചർച്ച
കോട്ടയം ∙ സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്ത് നിന്നും നടൻ പ്രേംകുമാറിനെ മാറ്റി സമ്പൂർണ പുനഃസംഘടനയ്ക്കു സർക്കാർ. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെ നടി നടത്തിയ വെളിപ്പെടുത്തലുകളെ തുടർന്ന് സംവിധായകൻ രഞ്ജിത്ത് രാജിവച്ച ഒഴിവിലാണ് താൽക്കാലിക ചെയർമാനായി പ്രേം കുമാറിനെ നിയമിച്ചത്.
പ്രേം കുമാറിനെ മാറ്റി പുതിയ ചെയർമാനെ തീരുമാനിക്കുന്നതിന് ഒപ്പം അക്കാദമിയുടെ ഭരണസമിതി പുനസംഘടിപ്പിക്കാനാണ് സർക്കാർ നീക്കം. ഇതോടെ ചെയർമാൻ, വൈസ് ചെയർമാൻ, ഭരണസമിതി അംഗങ്ങൾ എന്നീ പദവികളിലേക്ക് പുതിയ ആളുകളെത്തും.
3 വർഷമാണ് ചലച്ചിത്ര അക്കാദമി ഭരണസമിതിയുടെ കാലാവധി.
ഒന്നാം പിണറായി സർക്കാരിൽ സംവിധായകൻ കമലായിരുന്നു ചലച്ചിത്ര അക്കാദമി ചെയർമാൻ. അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള ഭരണസമിതി 3 വർഷം പിന്നിട്ടിട്ടും കാലാവധി നീട്ടി നൽകിയിരുന്നു.
എന്നാൽ നിലവിലെ ഭരണസമിതിക്ക് കാലാവധി നീട്ടി നൽകേണ്ടെന്നാണു തീരുമാനം. അക്കാദമി ചെയർമാനായി തുടരുന്നതിൽ നടൻ പ്രേംകുമാറിനും ബുദ്ധിമുട്ടുണ്ടെന്നാണു വിവരം.
ഔദ്യോഗിക തിരക്കുകൾ കാരണം അടുത്തിടെ വന്ന ചില സിനിമകളിൽ നിന്ന് അവസരം നഷ്ടപ്പെട്ടതാണ് പ്രേംകുമാറിനെ ഇത്തരമൊരു നിലപാടിലേക്ക് എത്തിച്ചത്.
ഷാജി എൻ.
കരുൺ അന്തരിച്ച ഒഴിവിൽ ചലച്ചിത്ര വികസന കോർപറേഷന്റെ (കെഎസ്എഫ്ഡിസി) ചെയർമാൻ സ്ഥാനവും ഒഴിഞ്ഞുകിടക്കുകയാണ്. ഒഴിവ് രണ്ട് മാസമാകാറായ സാഹചര്യത്തിൽ പുതിയ ചെയർമാനു വേണ്ടിയുള്ള അനൗദ്യോഗിക ചർച്ചകൾ തുടങ്ങി.
നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് കാരണമാണ് വൈസ് ചെയർമാനെ തീരുമാനിക്കുന്നത് വൈകിയതെന്നും ഈ മാസം അവസാനത്തോടെ പുതിയ ചെയർമാനെ നിയമിക്കുമെന്നും സാംസ്കാരിക മന്ത്രി സജി ചെറിയാന്റെ ഓഫിസ് അറിയിച്ചു. ലെനിൻ രാജേന്ദ്രൻ മരിച്ച ഒഴിവിലായിരുന്നു 2019ൽ ഷാജി എൻ.
കരുൺ കെഎസ്എഫ്ഡിസി ചെയർമാനായത്. അതേസമയം, കെഎസ്എഫ്ഡിസി ഡയറക്ടർ ബോർഡ് പുനഃസംഘടിപ്പിക്കില്ലെന്നും മന്ത്രിയുടെ ഓഫിസ് അറിയിച്ചു.
സിനിമാ കോൺക്ലേവ് ഓഗസ്റ്റ് ആദ്യ ആഴ്ച നടത്തുമെന്നാണ് സർക്കാർ ഹൈക്കോടതിയെ അറിയിച്ചത്. കോൺക്ലേവ് പൂർത്തിയായി രണ്ട് മാസത്തിനു ശേഷം സിനിമാനയ രൂപീകരണം നടത്തുമെന്നും സർക്കാർ അറിയിച്ചിരുന്നു.
കെഎസ്എഫ്ഡിസി ചെയർമാനായിരുന്ന ഷാജി എൻ. കരുണിനു നൽകിയിരുന്ന നയരൂപീകരണ സമിതി അധ്യക്ഷ സ്ഥാനം പുതിയ ചെയർമാനു നൽകണമോ അതോ അത് മറ്റൊരാൾക്ക് നൽകണമോ എന്ന ആലോചനയുമുണ്ട്.
മുതിർന്ന സംവിധായകരായ കെ. മധുവും ഷാജി കൈലാസും തിരക്കഥാകൃത്ത് ചെറിയാൻ കൽപകവാടിയും ഉൾപ്പെടെയുള്ളവർ കെഎസ്എഫ്ഡിസി ഡയറക്ടർ ബോർഡ് അംഗങ്ങളാണ്.
പുതിയ ചെയർമാനെ പാർട്ടിയും സർക്കാരുമാണ് തീരുമാനിക്കേണ്ടതെന്ന് ചെറിയാൻ കൽപകവാടി മനോരമ ഓൺലൈനിനോടു പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]