
ലോകത്തിലുള്ള എല്ലാ കുഞ്ഞുങ്ങൾക്കും ഒരേ ബാല്ല്യമായിരിക്കില്ല. ചിലർക്ക് കഠിനമായ സമയങ്ങളിലൂടെ കടന്നു പോകേണ്ടി വരും. മറ്റ് കുട്ടികൾ കളിച്ചും ചിരിച്ചും തങ്ങളുടെ കുട്ടിക്കാലം ആസ്വദിക്കുമ്പോൾ ചിലർ ഭാരിച്ച ഉത്തരവാദിത്വങ്ങൾ തലയിലേറ്റേണ്ടി വരുന്നവരാകും. ലോകത്തെല്ലായിടത്തുമുണ്ടാവും അത്തരം കുഞ്ഞുങ്ങൾ. സോഷ്യൽ മീഡിയയിൽ ഇപ്പോൾ അതുപോലെ ഒരു കുട്ടിയുടെ വീഡിയോ വൈറലായിക്കൊണ്ടിരിക്കുകയാണ്.
തായ്ലാൻഡിൽ നിന്നുമുള്ളതാണ് ഈ ദൃശ്യങ്ങൾ. ഒരു അധ്യാപികയാണ് തന്റെ വിദ്യാർത്ഥിനിയുടെ ഈ വീഡിയോ പകർത്തിയത്. തന്റെ കൈക്കുഞ്ഞായ സഹോദരിയുമായിട്ടാണ് അവൾ സ്കൂളിൽ വന്നിരിക്കുന്നത്. ക്ലാസിൽ നോട്ട് പകർത്തുന്നതിനിടയിൽ അവൾ മടിയിൽ കിടക്കുന്ന തന്റെ കുഞ്ഞുസഹോദരിക്ക് കുപ്പിയിൽ കരുതിയിരിക്കുന്ന പാൽ നൽകുന്ന വീഡിയോയാണ് ചൈനയിലെ സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്.
മധ്യ തായ്ലൻഡിലെ പ്രാചിൻ ബുരി പ്രവിശ്യയിൽ നിന്നുള്ളതാണ് ഈ പെൺകുട്ടി. അവരുടെ അമ്മയ്ക്ക് ജോലിക്ക് പോയേ തീരൂ എന്നുള്ളതിനാൽ തന്നെ കുഞ്ഞിനെ നോക്കാൻ വേറെ മാർഗങ്ങളില്ല. അതിനാലാണത്രെ കുട്ടി സഹോദരിയേയും കൊണ്ട് സ്കൂളിലെത്തിയത്.
എത്ര പ്രതികൂല സാഹചര്യമാണെങ്കിലും ക്ലാസ് മുടക്കരുതെന്ന് അധ്യാപിക തന്നെയാണ് വിദ്യാർത്ഥികളോട് പറഞ്ഞത്. അമ്മയ്ക്ക് തിരക്കാണെങ്കിൽ സഹോദരിയെ നീ ക്ലാസിലേക്ക് കൊണ്ടുവന്നോളൂ എന്ന് പറഞ്ഞതും അധ്യാപിക തന്നെയാണത്രെ. അങ്ങനെയാണ് ചെറിയ കുട്ടിയേയും കൊണ്ട് അവൾ ക്ലാസിലെത്തിയത്. ക്ലാസിൽ അധ്യാപകർ പഠിപ്പിക്കുമ്പോഴും നോട്ടെഴുതുമ്പോഴും ഒക്കെ അവൾ കുഞ്ഞിനെയും നോക്കുകയായിരുന്നു.
എന്തായാലും, ഈ പെൺകുട്ടിയെ അഭിനന്ദിച്ചുകൊണ്ട് നിരവധിപ്പേരാണ് സോഷ്യൽ മീഡിയയിൽ കമന്റുകളിട്ടത്. അവൾ വെറും സഹോദരിയല്ല, അമ്മയെ പോലെ തന്നെയാണ് എന്ന് പറഞ്ഞവരുണ്ട്. ഇളയ കുഞ്ഞ് വളരുമ്പോൾ തന്റെ സഹോദരിയെ തന്നെ റോൾ മോഡലാക്കട്ടെ എന്ന് പറഞ്ഞവരുമുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം:
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]