
വടകര റെയിൽവേ സ്റ്റേഷന് പുതുമോടി; പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
വടകര ∙ മുഖം മിനുക്കിയ വടകര റെയിൽവേ സ്റ്റേഷൻ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. അമൃത് ഭാരത് പദ്ധതിയോടനുബന്ധിച്ച് രാജ്യത്ത് നവീകരിച്ച 103 റെയിൽവേ സ്റ്റേഷനുകളും ഇതോടൊപ്പം വിഡിയോ കോൺഫറൻസിലൂടെ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. ഇന്ന് ഉദ്ഘാടനം ചെയ്ത റെയിൽവേ സ്റ്റേഷനുകളിൽ തിരുവനന്തപുരം ഡിവിഷനിലെ ചിറയിൻകീഴ് റെയിൽവേ സ്റ്റേഷനും പാലക്കാട് ഡിവിഷനിലെ മാഹിയും ഉൾപ്പെടുന്നു. രാജസ്ഥാനിലെ ബിക്കാനീറിൽ നടന്ന ചടങ്ങിലാണ് പ്രധാനമന്ത്രി വിവിധ റെയിൽവേ സ്റ്റേഷനുകളുടെ ഉദ്ഘാടനം നിർവഹിച്ചത്.
1,20,000 ചതുരശ്ര അടി പാർക്കിങ് എരിയ, രണ്ടാം പ്ലാറ്റ്ഫോമിലെ എസ്കലേറ്റർ, 30 രൂപ നൽകിയാൽ ഒരു മണിക്കൂർ ചെലവഴിക്കാവുന്ന എസി കാത്തിരിപ്പു മുറി, പുതുസൗകര്യങ്ങൾ ഏർപ്പെടുത്തിയ സെക്കൻഡ് ക്ലാസ് കാത്തിരിപ്പ് മുറി, പുതുക്കിയ ടിക്കറ്റ് കൗണ്ടർ, ചുവരിൽ ചെടികൾ നിറയ്ക്കുന്ന വെർട്ടിക്കൽ ഗാർഡൻ, ഓട്ടോ പാർക്കിങ്ങിന് പ്രത്യേക ഇടം, പുനർനിർമ്മിച്ച പ്ലാറ്റ്ഫോമുകൾ (1 മുതൽ 3 വരെ), പോർച്ച് മുതൽ സ്റ്റേഷൻ വരെയുള്ള പുതിയ വാക് വേ, പ്ലാറ്റ്ഫോമിൽ ആവശ്യത്തിന് കസേരകൾ, ബെഞ്ചുകൾ, സ്റ്റേഷൻ പരിസരത്ത് നവീകരിച്ച കുളവും പൂന്തോട്ടവും തുടങ്ങിയവയാണ് വടകര സ്റ്റേഷനില് ഏർപ്പെടുത്തിയത്. വടകര സ്റ്റേഷനിൽ കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ ചടങ്ങുകളിൽ പങ്കെടുത്തു. ഉദ്ഘാടനത്തോട് അനുബന്ധിച്ച് സുനിൽ വടകരയുടെ സോപാന സംഗീതവും റെയിൽവേ ജീവനക്കാരും നാട്ടുകാരും അവതരിപ്പിച്ച പരിപാടികളും സംഘടിപ്പിച്ചു.
പാലക്കാട് ഡിവിഷനിലുള്ള വടകര, മാഹി സ്റ്റേഷനുകളുടെ നവീകരണത്തിനായി മൊത്തം 42.08 കോടി രൂപയാണ് വകയിരുത്തിയത്. ഇതിൽ വടകര റെയിൽവേ സ്റ്റേഷനു വേണ്ടി 29.47 കോടി രൂപയും മാഹി സ്റ്റേഷനുവേണ്ടി 12.61 കോടി രൂപയും വിനിയോഗിച്ചാണ് നവീകരണ പ്രവർത്തനങ്ങൾ നടത്തിയത്. യാത്രക്കാരുടെ തിരക്ക് ഉൾക്കൊള്ളുന്നതിനായി രണ്ട് സ്റ്റേഷനുകളിലെയും ബുക്കിങ് ഓഫിസും ടിക്കറ്റിങ് ഏരിയകളും വികസിപ്പിക്കുകയും നവീകരിക്കുകയും ചെയ്തു. തിരക്കു കുറയ്ക്കുന്നതിനായി അധികമായി ഓട്ടമാറ്റിക് ടിക്കറ്റ് വെൻഡിങ് മെഷിനുകളും (എടിവിഎമ്മുകൾ) സ്ഥാപിച്ചു.
പുതുച്ചേരി, മാഹി ജില്ലയിൽ അഴിയൂരിൽ സ്ഥിതി ചെയ്യുന്ന മാഹി സ്റ്റേഷനിൽ പുതിയ കാത്തിരിപ്പ് മുറികൾ, ടോയ്ലറ്റ് ബ്ലോക്കുകൾ, ബെഞ്ചുകൾ, പ്ലാറ്റ്ഫോം ഷെൽട്ടറുകൾ എന്നിവയുടെ നിർമ്മാണത്തിന് പുറമേ പാർക്കിങ് സോണുകൾ, രണ്ടാമത്തെ പ്രവേശന പോയിന്റ്, പുതിയ പോർച്ച് എന്നിവയും നിർമ്മിച്ചിട്ടുണ്ട്. തിരുവനന്തപുരം ഡിവിഷനിലുള്ള ചിറയിൻകീഴ്, കുഴിത്തുറൈ (തമിഴ്നാട്) സ്റ്റേഷനുകളും പദ്ധതിയുടെ ഭാഗമായി നവീകരിച്ചു. 7.036 കോടി രൂപ ചെലവിൽ നവീകരിച്ച ചിറയിൻകീഴ് സ്റ്റേഷനിൽ മെച്ചപ്പെട്ട കാത്തിരിപ്പ് ഹാളുകൾ, ഷെൽട്ടറുകൾ, പബ്ലിക് ഇൻഫർമേഷൻ സിസ്റ്റം ഡിസ്പ്ലേകൾ തുടങ്ങിയവ ഒരുക്കി. 5.35 കോടി രൂപയുടെ നവീകരണമാണ് കുഴിത്തുറൈ സ്റ്റേഷനിൽ നടത്തിയത്.