
ദില്ലി: യാത്രക്കാർക്കായി പുത്തൻ ആപ്പ് പുറത്തിറക്കി കേന്ദ്ര റെയിൽവേ മന്ത്രാലയം. സ്വാറെയിൽ എന്നാണ് പുതിയ ആപ്ലിക്കേഷന്റെ പേര്. യാത്രാ സേവനങ്ങൾ ആധുനികവൽക്കരിക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനുമുള്ള ദൗത്യത്തിന്റെ ഭാഗമായാണ് സ്വാറെയിൽ ആപ്പ് അവതരിപ്പിച്ചിരിക്കുന്നത്. ഓൾ ഇൻ വൺ ആപ്പ് എന്ന് വിശേഷിപ്പിക്കാവുന്ന ഈ ആപ്പിൽ ദീർഘദൂര, ലോക്കൽ ട്രെയിൻ ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ സാധിക്കും. മാത്രമല്ല, ഭക്ഷണവും ആപ്പിലൂടെ ഓർഡർ ചെയ്യാം എന്നതാണ് സവിശേഷത.
റെയിൽവേയുമായി ബന്ധപ്പെട്ട വിവിധ ആവശ്യങ്ങൾക്ക് യാത്രക്കാർ പല പല ആപ്ലിക്കേഷനുകളെയാണ് ആശ്രയിക്കുന്നത്. ടിക്കറ്റ് ബുക്കിംഗിന് ഐആർസിടിസി ആപ്പ്, ട്രെയിൻ എവിടെയെത്തിയെന്ന് അറിയാൻ വേർ ഈസ് മൈ ട്രെയിൻ ആപ്പ്, ടിക്കറ്റ് കൺഫോം ആയില്ലെങ്കിൽ ജനറൽ ടിക്കറ്റ് എടുക്കാൻ യുടിഎസ് ആപ്പ് ഇങ്ങനെ തുടങ്ങി ട്രെയിൻ യാത്രയുമായി ബന്ധപ്പെട്ട ആപ്പുകളുടെ നീണ്ട ലിസ്റ്റ് തന്നെ പലരുടെയും ഫോണിലുണ്ടാകും. മാത്രമല്ല, പേയ്മെന്റ് സമയത്ത് നേരിടുന്ന പ്രശ്നങ്ങൾ വേറെയും. ഇതിനെല്ലാം കൂടി ഒരേയൊരു ആപ്പിലൂടെ പരിഹാരം കാണാനായാണ് സ്വറെയിൽ ആപ്പുമായി റെയിൽവേ രംഗത്തെത്തിയിരിക്കുന്നത്. ഇതിൽ ട്രെയിനിന്റെ ലൈവ് ലൊക്കേഷൻ അറിയാനും ചരക്ക് കൈകാര്യം ചെയ്യാനും സാധിക്കും എന്നതും എടുത്ത് പറയേണ്ട സവിശേഷതയാണ്.
എല്ലാ റെയിൽ യാത്രക്കാർക്കും പ്രയോജനപ്പെടുത്താവുന്ന ഔദ്യോഗിക പ്ലാറ്റ്ഫോമായ സ്വറെയിൽ ആപ്പ് ഐആർസിടിസിയും സെന്റർ ഫോർ റെയിൽവേ ഇൻഫർമേഷൻ സിസ്റ്റംസും ചേർന്നാണ് വികസിപ്പിച്ചത്. നിലവിൽ പരീക്ഷണാടിസ്ഥാനത്തിലാണ് ആപ്പ് ഗൂഗിൾ പ്ലേ സ്റ്റോറിലൂടെ ആൻഡ്രോയിഡ് ഉപഭോക്താക്കൾക്കായി ലഭ്യമാക്കിയിരിക്കുന്നത്. ആപ്പിൾ ആപ്പ്സ്റ്റോറിൽ സ്വറെയിൽ ആപ്പ് എത്തിയിട്ടില്ല.
സ്വറെയിൽ ആപ്പ് നൽകുന്ന സേവനങ്ങൾ
- ട്രെയിൻ ലിസ്റ്റിംഗുകൾ ബ്രൗസ് ചെയ്യാനും റിസർവ് ചെയ്തതും റിസർവ് ചെയ്യാത്തതുമായ ടിക്കറ്റുകൾ ബുക്ക് ചെയ്യാനും കഴിയും.
- ‘മൈ ബുക്കിംഗ്സ്’ വിഭാഗത്തിലൂടെ നിങ്ങളുടെ മുൻകാല യാത്രകളുടെ ലിസ്റ്റ് സൂക്ഷിക്കാൻ കഴിയും.
- സ്വാറെയിലിന് സിംഗിൾ സൈൻ-ഓൺ (എസ്എസ്ഒ) സംവിധാനമാണെങ്കിലും ഒന്നിലധികം ഫീച്ചേഴ്സ് വാഗ്ദാനം ചെയുന്നുണ്ട്. യാത്രക്കാർക്ക് അവരുടെ റെയിൽ കണക്ട് അല്ലെങ്കിൽ ഐആർസിടിസി ക്രെഡൻഷ്യലുകൾ ഉപയോഗിച്ച് സൈൻ ഇൻ ചെയ്യാനോ പുതിയൊരെണ്ണം സൃഷ്ടിക്കാനോ കഴിയും.
- ട്രെയിൻ തത്സമയം ട്രാക്ക് ചെയ്യാൻ കഴിയും, കൂടാതെ ട്രെയിനുകൾ വൈകുന്നതും ട്രെയിൻ എത്തിച്ചേരുന്ന സമയവും മറ്റ് നിർണായക വിവരങ്ങളും തത്സമയ അപ്ഡേറ്റുകളിലൂടെ ലഭിക്കും.
- ട്രെയിനിൽ നിങ്ങളുടെ കോച്ച് എവിടെയാണെന്ന് പരിശോധിക്കാൻ ഈ ആപ്പ് നിങ്ങളെ സഹായിക്കും. അതിനാൽ തന്നെ പ്ലാറ്റ്ഫോമിൽ എത്തിക്കഴിഞ്ഞാൽ ബോർഡിംഗ് പ്രക്രിയ സുഗമമാക്കും. പ്ലാറ്റ്ഫോം ടിക്കറ്റെടുക്കാനും ക്യൂ നിൽക്കേണ്ടതില്ല.
- നിങ്ങൾ ട്രെയിനിൽ ആയിരിക്കുമ്പോൾ തന്നെ ആപ്പിലൂടെ ഭക്ഷണത്തിന് ഓർഡർ നൽകാൻ സാധിക്കും.
- പ്ലാൻ ഷിപ്പ്മെന്റ്, ട്രാക്ക് ഷിപ്പ്മെന്റ്, ടെർമിനൽ ഫൈൻഡർ തുടങ്ങിയ ചരക്ക് ഷിപ്പ്മെന്റ് വിവരങ്ങളും ആപ്പിൽ ഉണ്ട്.
- ഇന്ത്യൻ റെയിൽവേയുമായുള്ള പരാതികൾ ഉന്നയിക്കുന്നതിനും ട്രാക്ക് ചെയ്യുന്നതിനുമായി “റെയിൽ മദദ്” എന്ന സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്.
- ഐആർസിടിസിയ്ക്ക് സമാനമായി ആപ്പിൽ സംയോജിപ്പിച്ചിരിക്കുന്ന ഡിജിറ്റൽ വാലറ്റായ ആർ-വാലറ്റ് ഉപയോഗിച്ച് പണമടയ്ക്കാം. ക്യാൻസൽ ആയ യാത്രകൾക്ക് ആപ്പ് വഴി റീഫണ്ട് നേടാനും കഴിയും.
- ഒന്നിലധികം ഭാഷകളിൽ ആപ്പിന്റെ ഇന്റർഫേസ് ലഭ്യമാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]