
‘എല്ലാ പരിധിയും ലംഘിക്കുന്നു; ഫെഡറൽ സംവിധാനത്തെ വെല്ലുവിളിക്കുന്നു’: ഇ.ഡിക്കെതിരെ രൂക്ഷവിമർശനവുമായി സുപ്രീം കോടതി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ന്യൂഡൽഹി∙ രൂക്ഷ വിമർശനവുമായി സുപ്രീം കോടതി. ഇ.ഡി എല്ലാ പരിധിയും ലംഘിക്കുകയാണെന്നും രാജ്യത്തിന്റെ ഫെഡറൽ സംവിധാനത്തെ വെല്ലുവിളിക്കുന്നെന്നും കോടതി വിമർശിച്ചു. തമിഴ്നാട് മദ്യ വിതരണ കോർപറേഷനു (ടാസ്മാക്)മായി ബന്ധപ്പെട്ട് നടത്തുന്ന പരിശോധനകളും അന്വേഷണവും മറ്റും സ്റ്റേ ചെയ്തുകൊണ്ടുള്ള ഉത്തരവിലാണ് സുപ്രീം കോടതിയുടെ പരാമർശം. ചീഫ് ജസ്റ്റിസ് ബി.ആർ.ഗവായ് അടങ്ങിയ രണ്ടംഗ ബെഞ്ചാണ് ഹർജികൾ പരിഗണിച്ചത്.
‘‘ഇ.ഡി എല്ലാ പരിധികളും ലംഘിക്കുകയാണ്. നിങ്ങൾക്ക് ആളുകൾക്കെതിരെ കേസ് റജിസ്റ്റർ ചെയ്യാം, പക്ഷേ കോർപറേഷനുകൾക്കെതിരെ എങ്ങനെയാണ് കുറ്റം ചുമത്തുക? ’’ എന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചു. ടാസ്മാക് ആസ്ഥാനത്ത് ഇ.ഡി നടത്തിയ പരിശോധനകൾക്കെതിരെ നൽകിയ ഹർജികൾ തള്ളിയ മദ്രാസ് ഹൈക്കോടതി ഉത്തരവിനെതിരെ തമിഴ്നാട് സർക്കാരും ടാസ്മാക്കും നൽകിയ ഹർജികൾ പരിശോധിക്കുകയായിരുന്നു സുപ്രീം കോടതി. തുടർ നടപടികൾ ഇനിയൊരു ഉത്തരവുണ്ടാകും വരെ സ്റ്റേ ചെയ്യാനും കോടതി നിർദേശിച്ചു.
കള്ളപ്പണം വെളുപ്പിക്കൽ ഇടപാടുമായി ബന്ധപ്പെട്ട് 2014–21 കാലത്ത് സംസ്ഥാന സർക്കാർ തന്നെ 41 എഫ്ഐആറുകൾ റജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് ഹർജിക്കാർക്കു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ കോടതിയെ അറിയിച്ചു. എന്നാൽ ഇതെല്ലാം ആളുകൾക്കെതിരെയാണെന്നും 2025ൽ ചിത്രത്തിൽ പ്രത്യക്ഷപ്പെട്ട ഇ.ഡി പൊടുന്നനെ ടാസ്മാക് ആസ്ഥാനത്ത് റെയ്ഡ് നടത്തുകയായിരുന്നെന്നും അറിയിച്ചു. അവിടെയുള്ള എല്ലാ ഉദ്യോഗസ്ഥരുടെയും ഫോണുകളും മറ്റു വസ്തുക്കളും പിടിച്ചെടുത്തെന്നു കപിൽ സിബൽ കോടതിയെ അറിയിച്ചതോടെയാണ് കോടതി കടുത്ത പ്രതികരണത്തിലേക്ക് കടന്നത്.
1000 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിക്കലാണ് നടന്നതെന്ന് അഡീഷനൽ സോളിസിറ്റർ ജനറൽ എസ്.വി.രാജു കോടതിയെ അറിയിച്ചെങ്കിലും സംസ്ഥാന സർക്കാർ കേസെടുത്ത് അന്വേഷണം ആരംഭിച്ച വിഷയത്തിൽ ഇ.ഡി എന്തിനാണ് അനാവശ്യ തിടുക്കം കാട്ടുന്നതെന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചു. വലിയ തട്ടിപ്പാണ് നടന്നതെന്നും രാഷ്ട്രീയ നേതാക്കളെ സംസ്ഥാനം സംരക്ഷിക്കുകയാണെന്നും അതിനാലാണ് ഇ.ഡി ഇടപെടൽ നടത്തിയതെന്നും എസ്.വി.രാജു പറഞ്ഞപ്പോൾ ഇ.ഡി ഫെഡറൽ സംവിധാനത്തെ വെല്ലുവിളിക്കുകയാണെന്നാണ് ചീഫ് ജസ്റ്റിസ് മറുപടി പറഞ്ഞത്. ഇത് അംഗീകരിക്കാത്ത എസ്.വി.രാജു വിശദമായ മറുപടി കോടതയിൽ സമർപ്പിക്കാമെന്ന് അറിയിച്ചു.
1000 കോടിയുടെ സാമ്പത്തിക തട്ടിപ്പ് കേസിൽ തമിഴ്നാട്ടിലെ മദ്യവിതരണ കോർപറേഷൻ (ടാസ്മാക്) എംഡി എസ്.വിശാഖൻ, ഭാര്യ എന്നിവരെ ചോദ്യം ചെയ്യാനായി ഇ.ഡി കസ്റ്റഡിയിലെടുത്തിരുന്നു. ഉന്നത ഉദ്യോഗസ്ഥരുടെയും വ്യവസായികളുടെ ഓഫിസുകളിൽ ഒരേ സമയം റെയ്ഡ് നടത്തുകയും ചെയ്തു. ഡിസ്റ്റിലറി കമ്പനികൾ, ബോട്ടിൽ നിർമാണ കമ്പനികൾ, മദ്യശാലകളിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ ഉൾപ്പെട്ട വലിയ തോതിലുള്ള സാമ്പത്തിക തട്ടിപ്പുകൾ കണ്ടെത്തിയതായാണ് ഇ.ഡി അറിയിച്ചത്. ജീവനക്കാരുടെ സ്ഥലംമാറ്റം, പോസ്റ്റിങ് എന്നിവയിലും വ്യാപക അഴിമതിയും പണമിടപാടുകളും നടന്നെന്നും പറയുന്നു.