
മുംബൈ: ഐപിഎല്ലിലെ നിര്‍ണായക മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെതിരെ ഡൽഹി ക്യാപിറ്റൽസിന് മോശം തുടക്കം. 181 റൺസ് വിജയലക്ഷ്യവുമായി ബാറ്റിംഗ് ആരംഭിച്ച ഡൽഹി പവര്‍ പ്ലേ പൂര്‍ത്തിയാകുമ്പോൾ 3 വിക്കറ്റ് നഷ്ടത്തിൽ 49 റൺസ് എന്ന നിലയിലാണ്. 20 റൺസുമായി വിപ്രാജ് നിഗവും 5 സമീര്‍ റിസ്വിയുമാണ് ക്രീസിൽ.
മുംബൈയുടെ ബൗളിംഗ് ആക്രമണത്തിന് തുടക്കമിടാൻ ട്രെൻഡ് ബോൾട്ടിനെയാണ് നായകൻ ഹാര്‍ദിക് പാണ്ഡ്യ ക്ഷണിച്ചത്. ആദ്യ പന്തിൽ തന്നെ കെ.എൽ രാഹുൽ ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടത്. കൃത്യമായ ഫീൽഡ് തയ്യാറാക്കി ഓഫ് സ്റ്റംപിന് പുറത്ത് വന്ന പന്ത് ഡ്രൈവ് ചെയ്യാൻ ശ്രമിച്ച രാഹുലിന്റെ ബാറ്റിലുരഞ്ഞെങ്കിലും ഷോര്‍ട്ട് തേര്‍ഡിലൂടെ ബൗണ്ടറിയിലേയ്ക്ക് പാഞ്ഞു. ഫാഫ് ഡുപ്ലസിയും ഒരു ബൗണ്ടറി കണ്ടെത്തിയതോടെ ആദ്യ ഓവറിൽ 10 റൺസാണ് പിറന്നത്. രണ്ടാം ഓവറിൽ ഡുപ്ലസിയെ മടക്കിയയച്ച് ദീപക് ചഹര്‍ ഡൽഹിയ്ക്ക് മേൽ ആദ്യ പ്രഹരമേൽപ്പിച്ചു. ചഹറിന്റെ നക്കിൾ ബോളിൽ സിക്സറിന് ശ്രമിച്ച ഡുപ്ലസി ലോംഗ് ഓണിൽ മിച്ചൽ സാന്റനര്‍ക്ക് ക്യാച്ച് നൽകി മടങ്ങി. മൂന്നാം ഓവറിൽ ബോൾട്ട് തിരിച്ചെത്തി മുംബൈ കാത്തിരുന്ന കെ.എൽ രാഹുലിന്റെ വിക്കറ്റ് വീഴ്ത്തി. ബോൾട്ടിനെ ഇറങ്ങിയടിക്കാൻ ശ്രമിച്ച രാഹുലിന്റെ ബാറ്റിലുരസിയ പന്ത് നേരെ കീപ്പര്‍ റയാൻ റിക്കൽട്ടന്റെ കൈകളിലേയ്ക്ക്. ഡുപ്ലസിയ്ക്ക് പിന്നാലെ രാഹുലും മടങ്ങിയതോടെ ഡൽഹി പ്രതിരോധത്തിലായി. 3 ഓവറുകൾ പൂർത്തിയായപ്പോൾ ഡൽഹി 2 വിക്കറ്റ് നഷ്ടത്തിൽ 20 റൺസ് എന്ന നിലയിൽ.
നാലാം ഓവറിൽ ഒരു ബൗണ്ടറി വഴങ്ങിയ ദീപക് ചഹര്‍ ആകെ വിട്ടുകൊടുത്തത് 7 റൺസ്. അഞ്ചാം ഓവറിൽ സ്പിന്നറായ വിൽ ജാക്സിനെ ഹാര്‍ദിക് പന്തേൽപ്പിച്ചു. ആദ്യ പന്തിൽ മികച്ച ടേൺ കണ്ടെത്തിയ ജാക്സ് രണ്ടാം പന്തിൽ അഭിഷേക് പോറെലിനെ പുറത്താക്കി. മനോഹരമായി ഫ്ലൈറ്റ് ചെയ്ത് എത്തിയ പന്ത് കൃത്യമായി മനസിലാക്കാൻ അഭിഷേകിന് സാധിച്ചില്ല. റിക്കൽട്ടന്റെ സ്റ്റംപിംഗിൽ അഭിഷേകും പുറത്തായതോടെ ഡൽഹി അപകടം മണത്തു. എന്നാൽ, ഇതിന് പിന്നാലെ ക്രീസിലെത്തിയ വിപ്രാജ് നിഗം കൗണ്ടര്‍ അറ്റാക്ക് നടത്തി. ഒരു സിക്സറും രണ്ട് ബൗണ്ടറികളും പിറന്ന ഓവറിൽ ആകെ 16 റൺസാണ് ഡൽഹിയ്ക്ക് ലഭിച്ചത്. ആറാം ഓവറിന്റെ ആദ്യ പന്തിലും വിപ്രാജ് ബൗണ്ടറി നേടി. പിന്നീട് രണ്ട് റൺസ് കൂടി മാത്രമാണ് ഡൽഹി ബാറ്റര്‍മാര്‍ക്ക് നേടാനായുള്ളൂ. പവര്‍ പ്ലേയുടെ അവസാന പന്തിൽ വിപ്രാജിന്റെ ക്യാച്ച് രോഹിത് ശര്‍മ്മ കൈവിടുകയും ചെയ്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]