
പാലക്കാട്: അനധികൃതമായി കാട്ടി കയറി പാലക്കാട് അട്ടപ്പാടി കാട്ടി മലയിൽ കുടുങ്ങിയ നാല് യുവാക്കളെ രക്ഷിച്ചു. മലപ്പുറം മേലാറ്റൂർ സ്വദേശികളായ നാല് പേരാണ് കഴിഞ്ഞദിവസം കാട്ടിമലയിൽ അകപ്പെട്ടത്. കാട് കാണാൻ വനത്തിൽ കയറിയ സംഘം വഴിതെറ്റി കാട്ടിമലയിൽ അകപ്പെടുകയായിരുന്നു. രാത്രി ഒൻപത് മണിയോടെയാണ് വിവരമറിഞ്ഞെത്തിയ പൊലീസും ഫയർഫോഴ്സും വനംവകുപ്പ് ഉദ്യോഗസ്ഥരും ചേർന്ന് ഇവരെ രക്ഷപ്പെടുത്തിയത്.
മലപ്പുറത്ത് നിന്നും അട്ടപ്പാടി സന്ദർശനത്തിനെത്തിയതായിരുന്നു നാലംഗ സംഘം. വനത്തിൽ കയറിയ യുവാക്കൾ വൈകുന്നേരമായതോടെ മഴ കനക്കുകയും ഇരുട്ട് മൂടുകയും ചെയ്തതോടെ കാട്ടിൽ നിന്നും പുറത്തിറങ്ങാനാവാതെ വഴി തെറ്റി. യുവാക്കൾ മലയിൽ കുടുങ്ങിയ വിവരം ലഭിച്ചതോടെ പൊലീസും ഫയർഫോഴ്സു സ്ഥലത്തെത്തി ഇവരെ രക്ഷപ്പെടുത്തുകയായിരുന്നു. യുവാക്കള്‍ വനത്തില്‍ അകപ്പെട്ടെന്ന വിവരം നാട്ടുകാരാണ് പൊലീസിനെ അറിയിച്ചത്.
മേലാറ്റൂർ സ്വദേശികളായ അഷ്കർ, സൽമാൻ, സെഹാനുദ്ദിൻ, മഹേഷ് എന്നിവരെയാണ് രക്ഷിച്ചത്. അഗളി സിഐയുടെ നേതൃത്വത്തിലായിരുന്നു രക്ഷാ പ്രവർത്തനം. നാല് പേരും സുരക്ഷിതരാണെന്നും പരിക്കുകളില്ലെന്നും പൊലീസ് അറിയിച്ചു. അനധികൃതമായി വനത്തിൽ പ്രവേശിച്ചതിന് യുവാക്കൾക്കെതിരെ കേസ് എടുത്തിട്ടുണ്ട്. ഇവരെ അറസ്റ്റ് ചെയ്തു കസ്റ്റഡിയിലെടുത്തു. ഇന്ന് ഇവരെ അട്ടപ്പാടി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.
Last Updated May 22, 2024, 12:37 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]